ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്രത്തിന്‍റെ ഭൂമി പൂജക്ക് മുതിർന്ന ബിജെപി നേതാക്കളായ എൽ.കെ അദ്വാനിയെയും മുരളി മനോഹർ ജോഷിയെയും വിളിച്ചിട്ടില്ലെന്ന റിപ്പോർട്ടിനെ തള്ളി ശ്രീറാം ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് ഇൻ ചാർജ് പ്രകാശ് കുമാർ ഗുപ്‌ത. അയോധ്യ ക്ഷേത്രവുമായി ബന്ധപ്പെട്ട പ്രവർത്തിച്ച എല്ലാ നേതാക്കളെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നും അനാവശ്യ വിവാദങ്ങൾ സൃഷ്‌ടിക്കാനാണ് ഇത്തരം റിപ്പോർട്ടുകളിലൂടെ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
എൽ.കെ അദ്വാനി, മുരളി മനോഹർ ജോഷി അടക്കമുള്ള നേതാക്കളെ മെയിൽ വഴിയും ഫോൺ വഴിയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. കൊവിഡ് സാഹചര്യത്തിൽ പലർക്കും വരാൻ കഴിയാത്ത സാഹചര്യമുണ്ടെന്നും എല്ലാവരുടെയും വികാരം മനസിലാക്കി ചടങ്ങിൽ പങ്കെടുപ്പിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ ഭൂമിപൂജയിൽ പങ്കെടുക്കാൻ ഔദ്യോഗിക ക്ഷണം ലഭിച്ചിട്ടില്ലെന്നാണ് അദ്വാനിയുടെ പ്യുഥിരാജ് റോഡ് റെസിഡൻസിൽ നിന്നും ലഭ്യമാകുന്ന റിപ്പോർട്ട്. വിഷത്തിൽ അദ്വാനിയുടെ പേഴ്‌സണൽ സെക്രട്ടറി ദീപക് ചോപ്രയും പ്രതികരിച്ചില്ല.
ശനിയാഴ്‌ച വരെ ഫോൺ കോളുകൾ ലഭിച്ചിട്ടില്ലെന്നും ഇന്ന് താൻ അവധിയിലാണെന്നും അതിനാൽ തനിക്ക് ഔദ്യോഗികമായി വിവരം ലഭിച്ചിട്ടില്ലെന്നും മുരളി മനോഹർ ജോഷിയുടെ സഹപ്രവർത്തകൻ പറഞ്ഞു. എന്നാൽ കൊവിഡ് സാഹചര്യത്തിലും ആരോഗ്യ പ്രശ്‌നങ്ങൾ ഉള്ളതിനാലും വസതികളിൽ നിന്നും വീഡിയോ വഴിയാകും ചടങ്ങിൽ പങ്കെടുക്കുകയെന്ന് അടുത്ത വൃത്തങ്ങൾ പറയുന്നു.