ന്യൂഡൽഹി: കോൺഗ്രസിൽ ഗാന്ധി ഇതര പ്രസിഡന്‍റ് വേണമെന്ന ആവശ്യം വളരെ നാളായി ഉയർന്നു കേൾക്കുന്നു. മുതിർന്ന നേതാക്കളായ അശോക് ഗെലോട്ട്, മല്ലികാർജുൻ ഖാർഗെ, ഗുലാം നബി ആസാദ്, മുകുൾ വാസ്നിക്, സുശീൽ കുമാർ ഷിൻഡെ എന്നിവരുടെ പേരുകൾ ഉയർന്ന് കേള്‍ക്കുന്നുണ്ട്. എന്നാൽ ഇത്തരം പരീക്ഷണങ്ങൾ നടപ്പിലാക്കാൻ പ്രയാസമാണ്. അതിന് പ്രത്യേകം കാരണങ്ങളുണ്ട്.
ഗാന്ധി ഇതര കോൺഗ്രസ് മേധാവി എന്ന ആശയം പുതിയതല്ല. 1998 ൽ സോണിയ ഗാന്ധി പാർട്ടി മേധാവിയാകുന്നതിന് മുമ്പ് മുൻ പ്രധാനമന്ത്രി പി വി നരസിംഹ റാവുവും പിൻഗാമിയായ സീതാറാം കെസ്രിയും ഈ സ്ഥാനം വഹിച്ചിരുന്നു. 2019 ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് കഴിഞ്ഞ വർഷം രാഹുൽ ഗാന്ധി കോൺഗ്രസ് സ്ഥാനം രാജിവച്ചു. ശേഷം ഗെലോട്ട്, ഷിൻഡെ, വാസ്നിക്, ഖാർഗെ തുടങ്ങിയ മുതിർന്ന നേതാക്കന്മാരുടെ പേരുകൾ ഉയർന്നു വന്നിരിന്നു. ഈ മുതിർന്ന നേതാക്കന്മാർക്കെല്ലാം പാർട്ടി സംവിധാനത്തിൽ ഒരു പ്രധാന സ്ഥാനമുണ്ടായിരുന്നു. അണികൾ നേതാക്കന്മാരെയെല്ലാം ഒരുപോലെ അംഗീകരിച്ചിരുന്നു എങ്കിലും, പാർട്ടി മാനേജർമാർ വിവിധ സംസ്ഥാന യൂണിറ്റുകളിൽ നിന്ന് പ്രതികരണം തേടിയപ്പോള്‍ അവരുടെ പേരുകളിൽ സമവായം ഉണ്ടായിരുന്നില്ല.
ഗാന്ധി കുടുംബത്തിൽ നിന്നല്ലാതെ ഒരാൾ പാർട്ടി മേധാവിയാകണമെന്ന് രാഹുലും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഫലങ്ങൾ സമ്മിശ്രമായിരുന്നു. സാഹചര്യങ്ങള്‍ സംസ്ഥാന പാർട്ടി മാനേജർമാരെ ഒരു നിഗമനത്തിലെത്താൻ സഹായിച്ചില്ല. 19 വർഷക്കാലം കോൺഗ്രസ് അധ്യക്ഷയായിരുന്ന സോണിയ ഗാന്ധി രാജി വെച്ചെങ്കിലും പീന്നീട് ഇടക്കാല മേധാവിയായി തിരിച്ചുവന്നു. എന്നാൽ ഒരു വർഷത്തിനുള്ളിൽ മുഴുവൻ സമയ പാർട്ടി മേധാവിയെ കണ്ടെത്തണമെന്ന വ്യവസ്ഥ മുന്നോട്ട് വെച്ചിരുന്നു. 12 മാസങ്ങൾക്ക് ശേഷം ഒരു മുഴുവൻ സമയ പ്രസിഡന്‍റിനെ പാർട്ടി കണ്ടെത്തിയോ എന്നതിന് വ്യക്തത വരാതെ ആയപ്പോൾ രാഹുലിന്‍റെ തിരിച്ചുവരവിനെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ കോൺഗ്രസ് വൃത്തങ്ങളില്‍ വീണ്ടും ആരംഭിച്ചു. അമ്മയിൽ നിന്ന് അധികാരമേറ്റെടുക്കാൻ രാഹുൽ വിമുഖത കാട്ടിയതിനാൽ, അനുകൂല ശബ്ദങ്ങൾ സോണിയ ഇടക്കാല മേധാവിയായി തുടരണമെന്ന് ആവശ്യപ്പെട്ടു.
കഴിഞ്ഞ ഒരു വർഷത്തിനിടയിൽ, ജ്യോതിരാദ്യ സിന്ധ്യയെയും, മറ്റ് കോൺഗ്രസ് നിയമസഭാംഗങ്ങളെയും ബിജെപി പാട്ടിലാക്കിയപ്പോഴും, 2020 മാർച്ചിൽ മധ്യപ്രദേശിൽ കമൽനാഥ് സർക്കാരിനെ അട്ടിമറിക്കാനും ശ്രമിച്ചപ്പോഴും കോണ്‍ഗ്രസ്സ് നേതാക്കന്‍മാര്‍ക്ക് നിസ്സഹായതയോടെ നോക്കി നില്‍ക്കാനേ കഴിഞ്ഞിരുന്നുള്ളൂ. മധ്യ പ്രദേശില്‍ നടത്തിയ തന്ത്രം രാജസ്ഥാനിൽ അവര്‍ത്തിക്കാന്‍ സാധ്യതയുണ്ടെന്ന് നിരവധി മുന്നറിയിപ്പുകൾ ലഭിച്ചിരുന്നെങ്കിലും, ജൂലൈയിൽ അശോക് ഗെലോട്ടിനെ അട്ടിമറിച്ച് കോൺഗ്രസിനെ കീഴടക്കാനുള്ള പദ്ധതി നടപ്പാകുന്നത് വരെ പാർട്ടി മുന്‍ നിര നേതാക്കന്മാര്‍ കാത്തിരുന്നു. രണ്ട് സംഭവങ്ങൾ കഴിഞ്ഞതോടെ കോൺഗ്രസ് മടിയും അവ്യക്തതയും ഉള്ള പ്രതിപക്ഷ പാർട്ടിയായി ചിത്രീകരിക്കപ്പെട്ടു. കാര്യങ്ങൾ കൈവിട്ട് പോകുകയാണെന്ന തിരിച്ചറിവ് 23 മുതിർന്ന നേതാക്കാന്‍മാരില്‍ പരിഭ്രാന്തി പരത്തി. ഓഗസ്റ്റ് 24 ന് നടന്ന കോൺഗ്രസ് പ്രവർത്തക സമിതി ഭിന്നാഭിപ്രായക്കാരുടെ പ്രതീക്ഷകൾക്ക് മുദ്രകുത്തുകയും പാര്‍ട്ടി നെഹ്റു കുടുംബത്തിന്‍റെ പൂർണ നിയന്ത്രണത്തിലാണെന്ന് ആവർത്തിക്കുകയും ചെയ്തു. പാര്‍ട്ടിയിലെ വിമതർ ഭിന്നാഭിപ്രായം ഉന്നയിക്കാന്‍ ധൈര്യം കാണിക്കുന്നത് വരെ, ഗാന്ധി ഇതര പാർട്ടി മേധാവിയെ ചുറ്റിപ്പറ്റിയുള്ള ഒരു ചർച്ചയും ഫലം കാണില്ല. അത് നടക്കാന്‍ സാധ്യതയില്ല എന്നുള്ളത് വേറെ ഒരു കാര്യം! ഒരു ഗാന്ധി ഇതര പാർട്ടി മേധാവിയുടെ ആവശ്യകതയെ പിന്തുണക്കുക എന്നതും, അയാളുടെ കഴിവ് തെളിയിക്കാൻ അദേഹത്തെ അനുവദിക്കുക എന്നതും യുക്തിപരമായി ശരിയായ തീരുമാനങ്ങള്‍ ആണെന്ന് തോന്നാമെങ്കിലും, അവ നടപ്പാക്കാൻ പ്രയാസമാണ്. അതിനു പുറകിലെ പ്രധാന കാരണം, മുൻകാലങ്ങളിൽ അവസരമുണ്ടായപ്പോൾ പഴയ പാർട്ടിയെ നയിക്കാൻ ഒരേ പേരിലുള്ള മുതിർന്നവർ ഒരൊറ്റ പേരിനോട് യോജിക്കുന്നതിൽ പരാജയപ്പെട്ടു എന്നതാണ്. ആ വസ്തുത കണക്കിലെടുക്കുമ്പോൾ, ആസാദ്, ഖാർഗെ, ഷിൻഡെ, സിബൽ, വാസ്നിക് എന്നിവർക്ക് തങ്ങളുടെ അണികളെ ഒരുമിച്ച് നിർത്തുന്നത് എളുപ്പമല്ലായിരിക്കാം. ഇതിനു വിപരീതമായി, പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിലുള്ള ഭാരതീയ ജനതാ പാർട്ടിയെ നേരിടുന്നതില്‍ ഗാന്ധി കുടുംബം ഒരു പരിധി വരെ കോൺഗ്രസിനെ ഒരുമിച്ച് നിര്‍ത്താന്‍ സഹായിക്കുന്നു.
മറ്റൊരു പ്രധാന ഘടകം, ഗാന്ധി കുടുംബത്തിന്‍റെ പിന്തുണയില്ലെങ്കിൽ ഗാന്ധി ഇതര പാർട്ടി തലവന് ഫലപ്രദമായി പ്രവർത്തിക്കാൻ കഴിയാത്ത വിധത്തിലാണ് കോൺഗ്രസ് സംഘടന രൂപീകരിച്ചിരിക്കുന്നത്. ഗാന്ധി കുടുംബം അണികളിലും മറ്റ് നേതാക്കളിലും സ്വാധീനം ചെലുത്തുന്നത് തുടരുന്നതിനാൽ ഇത് സംഭവിച്ചേക്കും. ഇതിന് ഉദാഹരണമായി ഈ സാഹചര്യത്തിൽ ചൂണ്ടിക്കാണിക്കേണ്ടത്, സാധാരണയായി പ്രധാനമന്ത്രി മോദിയോ മാറ്റേതെങ്കിലും ബിജെപി പ്രവർത്തകരോ കോണ്‍ഗ്രസിനെ കടന്നാക്രമിക്കുമ്പോള്‍ ആദ്യ ലക്ഷ്യം ഗാന്ധിമാര്‍ ആണ്. മറ്റ് മുതിർന്ന കോൺഗ്രസ് നേതാക്കളല്ല. എന്നിരുന്നാലും, ഇത് പാർട്ടി ഭരിക്കാൻ ഗാന്ധികൾക്ക് ആജീവനാന്ത അംഗീകാരം നൽകുന്നില്ല. മറിച്ച് പാർട്ടി പ്രവർത്തിക്കുന്ന രീതിയിൽ സമൂലമായ മാറ്റങ്ങൾ വരുത്തുന്നതിനും, പാര്‍ട്ടിക്ക് ഉത്തേജകമായി മാറുന്നതിനുമുള്ള ഒരു വലിയ ഉത്തരവാദിത്തം അവരുടെ മേൽ കൊണ്ടുവരുന്നു. എത്രയും പെട്ടന്നു അത് ചെയ്യുന്നതാണ് കോണ്‍ഗ്രസിന് ഉചിതം. കാലതാമസം വന്നാല്‍ അത് ഇപ്പോള്‍ ഭfന്നിച്ചു നില്‍ക്കുന്ന വിമതരെ സംഘടിപ്പിക്കാന്‍ വഴിയൊരുക്കും. ഗാന്ധികൾ വിമതരുടെ വിയോജന കത്തിൽ ഒപ്പിട്ടവരിൽ ഒരാളായ ഗുലാം നബി ആസാദിനെ സമീപിച്ചത് ഇതിന് ആദ്യ അടയാളം ആണ്.