ന്യൂഡല്‍ഹി: ഇന്ത്യയിലുടനീളം ഇതുവരെ 91 ലക്ഷം കൊവിഡ്-19 പരിശോധനകൾ നടത്തിയിട്ടുണ്ടെന്നും ഉടൻ തന്നെ ഈ കണക്ക് ഒരു കോടിയിലെത്തുമെന്നും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ.ഹർഷ് വർധൻ.
'രാജ്യത്ത് 91 ലക്ഷത്തോളം കൊവിഡ് പരിശോധനകള്‍ നടത്തിയിട്ടുണ്ട്. താമസിയാതെ ഈ കണക്ക് ഒരു കോടിയിലെത്തും. കൊവിഡ്-19 നെതിരായ പോരാട്ടത്തിൽ ഇന്ത്യ വളരെ ശക്തമായി പോരാടുകയാണെന്ന് ഈ കണക്കുകള്‍ വ്യക്തമാക്കുന്നതെന്നും' ഹര്‍ഷ് വര്‍ധന്‍ അറിയിച്ചു.
രാജ്യത്തെ ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ല, 135 കോടി ജനങ്ങളുള്ള രാജ്യത്ത് ആറ് ലക്ഷമാണ് കൊവിഡ് കേസുകളുടെ എണ്ണം. ഈ ആറ് ലക്ഷം പേരില്‍ 3,60000 പേർ സുഖം പ്രാപിച്ച് വീടുകളിലേക്ക് മടങ്ങി. ഇപ്പോള്‍ ചികിത്സയിലുള്ളവര്‍ ഉടന്‍ തന്നെ രോഗവിമുക്തരാകും. നമ്മുടെ രാജ്യത്തെ മരണനിരക്ക് ലോകത്തിലെ ഏറ്റവും താഴ്ന്ന 2.94 ശതമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രോഗവിമുക്തി നേടുന്നവരുടെ എണ്ണം ഏകദേശം 60 ശതമാനത്തിലെത്തിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
'ഇന്ന് നമ്മള്‍ ഇത്രയും വലിയ തോതിൽ പരീക്ഷണം നടത്തുന്നു. ഇന്നലെ നമ്മൾ രാജ്യത്ത് ഏകദേശം 230000 ടെസ്റ്റുകൾ നടത്തി. ഒരു ലബോറട്ടറി ഉപയോഗിച്ചാണ് കൊവിഡിനെതിരായ പോരാട്ടം ആരംഭിച്ചത്. എന്നാല്‍ ഇന്ന് നമ്മുടെ രാജ്യത്ത് 1065 ലബോറട്ടറികൾ ഇതിനായി പ്രവര്‍ത്തിക്കുന്നു' അദ്ദേഹം കൂട്ടിച്ചേർത്തു. 118 ലക്ഷം പിപിഇ കിറ്റുകൾ രാജ്യത്തെ ജനങ്ങൾക്ക് വിതരണം ചെയ്തതായും 195 ലക്ഷം എൻ-95 മാസ്കുകൾ വിതരണം ചെയ്തതായും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ.ഹർഷ് വർധൻ പറഞ്ഞു.
'ആദ്യ ദിവസം മുതൽ തന്നെ ചികിത്സാ സൗകര്യങ്ങള്‍ നവീകരിക്കുന്നതിനുള്ള എല്ലാ തയ്യാറെടുപ്പുകളും നടത്തിയിട്ടുണ്ട്. ഇപ്പോൾ പോലും ഞങ്ങൾ തയ്യാറാക്കിയ തയ്യാറെടുപ്പുകൾ രാജ്യം പൂർണ്ണമായും ഉപയോഗപ്പെടുത്തുന്നില്ല. കൊവിഡ് ആശുപത്രികൾ, കൊവിഡ് ആരോഗ്യ കേന്ദ്രങ്ങൾ, കൊവിഡ് കെയർ സെന്‍ററുകൾ എന്നിവ കണക്കാക്കിയാൽ 1.3 ദശലക്ഷത്തിലധികം കിടക്കകൾ ഇപ്പോഴും ലഭ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൂടാതെ ഭാവിയിലേക്കുള്ള തയ്യാറെടുപ്പെന്ന രീതിയില്‍ ഡിആർഡിഒയുടെ സഹായത്തോടെ ഡൽഹിയിൽ തന്നെ ആയിരം കിടക്കകളുള്ള ആശുപത്രി പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാരുകളുമായി സമ്പൂർണ്ണ ഏകോപനം നടത്തിയിട്ടുണ്ട്. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും പ്രവർത്തനത്തിൽ നമ്മെ നയിക്കുന്നു. രാജ്യത്ത് എവിടെയും ഒരുക്കങ്ങൾക്ക് ഒരു കുറവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.