ന്യൂഡൽഹി: ശബരിമല വിഷയത്തിൽ ഒമ്പത്പേരടങ്ങുന്ന വിശാല ബെഞ്ച് വ്യാഴാഴ്‌ച ചേരാന്‍ സുപ്രീംകോടതി തീരുമാനം. പുനപരിശോധന ഹർജികൾ വിശാല ബെഞ്ചിന് പരിഗണിക്കാൻ കഴിയുമോ എന്ന ചോദ്യം ഉയർന്നതിന്‍റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. വിവിധ മതവിഭാഗങ്ങളില്‍ സ്ത്രീകൾക്കെതിരായ മതപരമായ വിവേചനവുമായി ബന്ധപ്പെട്ട ശബരിമല കേസിൽ വാദം കേൾക്കുന്നതിനിടെയാണ് ഈ ചോദ്യം ഉയർന്നത്.
ചീഫ് ജസ്റ്റിസ് എസ്‌എ ബോബ്ഡെയുടെ നേതൃത്വത്തിലുള്ള ഒമ്പത് ജഡ്‌ജിമാരുടെ ബെഞ്ച് ഫെബ്രുവരി ആറിന് വാദം കേൾക്കുമെന്ന് സുപ്രീംകോടതി അറിയിച്ചിരുന്നു. ശബരിമല പുനഃപരിശോധന ഹര്‍ജികള്‍ പരിഗണിച്ച ബെഞ്ചിന് വിശാല ബെഞ്ചിലേക്ക് റഫര്‍ ചെയ്യാന്‍ അധികാരം ഉണ്ടോ, അങ്ങനെ റഫര്‍ ചെയ്‌ത വിഷയങ്ങള്‍ ഒന്‍പതംഗ ബെഞ്ചിന് പരിഗണിക്കാന്‍ കഴിയുമോ എന്നീ ചോദ്യയങ്ങളാണ് പ്രധാനമായും ഉയർന്നത്. ജസ്റ്റിസുമാരായ ആർ. ബാനുമതി, അശോക് ഭൂഷൺ, എൽ നാഗേശ്വര റാവു, എം എം ശാന്തന ഗൗഡർ, എസ് എ നസീർ, ആർ സുഭാഷ് റെഡ്ഡി, ബി ആർ ഗവായി, സൂര്യ കാന്ത് എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങൾ. ഫാലി എസ് നരിമാൻ, കപിൽ സിബൽ, ശ്യാം ദിവാൻ, രാജീവ് ധവാൻ, രാകേഷ് ദ്വിവേദി എന്നിവരുൾപ്പെടെ നിരവധി മുതിർന്ന അഭിഭാഷകർ കേസ് വാദിച്ചിരുന്നു. ശബരിമലയെ കൂടാതെ, കഴിഞ്ഞ വർഷത്തെ വിധിന്യായത്തിൽ മുസ്ലീം സ്ത്രീകള്‍ പള്ളിയിലും ദര്‍ഗയിലും പ്രവേശിക്കുന്നത്, പാർസി ഇതര പുരുഷന്മാരെ വിവാഹം കഴിച്ച പാർസി സ്ത്രീകളെ അഗ്യാരികളുട വിശുദ്ധ അടുപ്പിൽ നിന്ന് വിലക്കുന്നതും കോടതി പരിഗണിച്ചിരുന്നു. ശബരിമല കേസ് പരിഗണിക്കുമ്പോൾ മതപരമായ സ്ഥലങ്ങളിൽ സ്ത്രീകളോട് വിവേചനം കാണിക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് അഞ്ചംഗ ബെഞ്ച് വിശാല ബെഞ്ചിലേക്ക് നൽകിയ പരാമർശം തെറ്റാണെന്ന് മുതിർന്ന അഭിഭാഷകർ ആരോപിച്ചിരുന്നു. വാദം കേൾക്കാനുള്ള സമയപരിധി സംബന്ധിച്ച് കക്ഷികളെ അറിയിക്കുമെന്നും അടുത്ത ആഴ്‌ചയോടെ നടപടികൾ ആരംഭിക്കുമെന്നും ഭരണഘടനാ ബെഞ്ച് അറിയിച്ചു.