ഐസ്‌വാള്‍: മിസോറാമിൽ എട്ട് പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. സംസ്ഥാനത്തെ രോഗ ബാധിതരുടെ എണ്ണം 42 ആയതായി ആരോഗ്യ മന്ത്രാലയം തിങ്കളാഴ്ച അറിയിച്ചു. 244 സാമ്പിളുകളാണ് ഞായറാഴ്ച പരിശോധിച്ചത്.
പുതിയതായി രോഗം സ്ഥിരീകരിച്ചവരിൽ ആഞ്ച് പേർ സ്ത്രീകളും മൂന്ന് പേർ പുരുഷന്മാരുമാണ്. ഇവരെ സോറം മെഡിക്കൽ കോളജ് (ഇസഡ്എംസി) ആശുപത്രിയിലേക്ക് ഞായറാഴ്ച രാത്രി മാറ്റി. 21നും 30നും ഇടയിൽ പ്രായമുള്ള ഇവർ ഡൽഹിയിൽ നിന്നും മടങ്ങിയെത്തി നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. രോഗികൾ ആരും ലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നില്ലെന്ന് ആരോഗ്യ ഉദ്യോഗസ്ഥർ പറഞ്ഞു.
അതേസമയം രോഗികളുടെ എണ്ണം വർധിക്കുന്നതിന്‍റെ പശ്ചാത്തലത്തിൽ തലസ്ഥാനമായ ഐസ്വാൾ അടച്ചിടണമെന്ന് ഡോക്ടർമാർ ആവശ്യപ്പെട്ടു. ഞായറാഴ്ച ചേർന്ന ഡോക്ടർമാരുടെ അസോസിയേഷന്‍റെ യോഗത്തിലാണ് ആവശ്യം ഉന്നയിച്ചത്. മാത്രവുമല്ല, നിലവിലെ നിരീക്ഷണ കാലാവധി 14 ദിവസത്തിൽ നിന്ന് 21 ദിവസത്തിലേക്ക് ഉയർത്തണമെന്ന നിർദേശവും മുന്നോട്ട് വെച്ചിട്ടുണ്ട്. മറ്റ് സംസ്ഥാനത്ത് നിന്നും മടങ്ങിയെത്തുന്ന, രോഗ ലക്ഷണങ്ങൾ ഇല്ലാത്തവരെ വീട്ടിൽ നിരീക്ഷണത്തിൽ പാർപ്പിക്കുന്നതും അവസാനിപ്പിക്കണമെന്ന് ഡോക്ടർമാർ ആവശ്യപ്പെട്ടിട്ടുണ്ട്.