ഭുവനേശ്വർ: ഒഡീഷയിൽ ഇന്ന് 73 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. നിരീക്ഷണത്തിലുണ്ടായിരുന്ന 71 ആളുകൾ ഉൾപ്പടെ 73 പേർക്ക് വൈറസ് സാന്നിധ്യം കണ്ടെത്തിയതോടെ സംസ്ഥാനത്തെ മൊത്തം കേസുകളുടെ എണ്ണം 611 ആയി ഉയർന്നു. ഗഞ്ചം ജില്ലയിൽ നിന്ന് 42 പേർക്കും ജാജ്‌പൂരിൽ 17 പേർക്കും ഭദ്രകിൽ നിന്ന് ഒമ്പത് പേർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിനു പുറമെ, ഖുർദയിൽ മൂന്ന് കേസുകളും സുന്ദർഗറിൽ രണ്ടു കേസുകളും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. പുതിയതായി രോഗം സ്ഥിരീകരിച്ചതിൽ അമ്പത് പേരും ഗുജറാത്തിലെ സൂററ്റിൽ നിന്ന് മടങ്ങിയെത്തിവരാണ്. കൂടാതെ, പശ്ചിമ ബംഗാളിൽ നിന്നും 20പേരും കർണാടകയിൽ നിന്ന് എത്തിച്ചേർന്ന ഒരാളും ഇതിൽ ഉൾപ്പെടുന്നു. ശേഷിക്കുന്ന രണ്ടു കേസുകൾ ഒഡീഷയിലെ സുന്ദർഗറിലാണ് റിപ്പോർട്ട് ചെയ്‌തത്.
ഇതുവരെ 143 പേർ രോഗമുക്തി നേടുകയും മൂന്ന് പേർ മരിക്കുകയും ചെയ്‌തു. സംസ്ഥാനത്ത് നിലവിൽ ചികിത്സയിലുള്ളത് 465 രോഗികളാണ്. ഒഡീഷയിൽ ഇതുവരെ നടത്തിയ മൊത്തം കൊവിഡ് ടെസ്റ്റുകളുടെ എണ്ണം 77,150 ആണ്. ഇതിൽ 42,394 സാമ്പിളുകളാണ് കഴിഞ്ഞ ദിവസം പരിശോധനക്ക് അയച്ചത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കൊവിഡ് ബാധിതരുള്ളത് 252 കേസുകളുള്ള ഗഞ്ചം ജില്ലയിലാണ്. 90 കേസുകളുള്ള ബാലസോറാണ് രണ്ടാം സ്ഥാനത്ത്. 88 രോഗികളുള്ള ജജ്‌പൂറും കൊവിഡ് ഭീതിയിലാണ്.