ബംഗളുരു: കൊവിഡ് 19ന്‍റെ ഭീതിയിൽ നിന്ന് ജനങ്ങളെയും അവരുടെ കുടുംബത്തിനേയും സംരക്ഷിക്കുന്നതിനാണ് പ്രധാനമന്ത്രി വീടിനുള്ളിൽ തുടരാൻ ആഹ്വാനം ചെയ്തതെന്ന് കർണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ. രോഗത്തിൽ നിന്ന് സ്വയം പരിരക്ഷിക്കുന്നതിനുള്ള ഈ രീതി തിരഞ്ഞെടുക്കുകയല്ലാതെ മറ്റൊരു മാർഗവും പ്രധാനമന്ത്രിയുടെ മുമ്പിലുണ്ടായിരുന്നില്ല. വിവിധ രാജ്യങ്ങൾ കൊവിഡ്19നെ നേരിടുന്നതിൽ പരാജയപ്പെട്ടു. ഞാൻ മാത്രമല്ല കർണാടകയിലെ 6.5 കോടി ജനങ്ങളും അദ്ദേഹത്തിനൊപ്പമുണ്ടെന്നും യെദ്യൂരപ്പ പറഞ്ഞു.
അവശ്യവസ്തുക്കളുടെ വിതരണം നിലനിർത്താൻ എല്ലാ നടപടികളും സർക്കാർ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ജനങ്ങൾക്ക് ഉറപ്പ് നൽകി. "വീടിനുള്ളിൽ തന്നെ തുടരുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാൽ രോഗത്തിൽ നിന്ന് സ്വയം രക്ഷ നേടേണ്ടത് നമ്മുടെ ആവശ്യമാണ്. പ്രധാനമന്ത്രിയുടെ ആജ്ഞ ആരും ലംഘിക്കരുത്. ജീവൻ അപകടപ്പെടുത്തരുത് എന്ന് ജനങ്ങളോട് ഞാൻ ആത്മാർത്ഥമായി അഭ്യർത്ഥിക്കുന്നു" അദ്ദേഹം പറഞ്ഞു. പ്രതിസന്ധി നേരിടുന്ന ഈ സമയത്ത് തന്‍റെ സർക്കാർ ജനങ്ങളെ പരിപാലിക്കുമെന്ന് യെദ്യൂരപ്പ ജനങ്ങൾക്ക് ഉറപ്പ് നൽകി. ജനങ്ങളുടെ പ്രത്യേകിച്ച് ദരിദ്രരുടെ ഈ അവസ്ഥ മുതലെടുക്കരുതെന്ന് മുഖ്യമന്ത്രി കച്ചവടക്കാർക്കും കരിഞ്ചന്തക്കാർക്കും മുന്നറിയിപ്പ് നൽകിയതായും യെദ്യൂരപ്പ പറഞ്ഞു.