ലക്‌നൗ: ഉത്തർപ്രദേശിലെ സഹാറൻപൂര്‍ ജയിലിൽ നിന്ന് 57 വിദേശ തബ്‌ലീഗ് ജമാഅത്ത് അംഗങ്ങളെ കോടതി ഉത്തരവ് പ്രകാരം ശനിയാഴ്‌ച വിട്ടയച്ചു. കിർഗിസ്ഥാൻ, ബംഗ്ലാദേശ്, തായ്‌ലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള തബ്‌ലീഗുകാരെ ഒന്നര മാസത്തോളമായി സഹാറൻപൂർ ജില്ലാ ജയിലിലെ പ്രത്യേക സെല്ലുകളിൽ പാർപ്പിച്ചിരിക്കുകയായിരുന്നു. ഏപ്രിൽ 20ന് ജില്ലയിലുടനീളമുള്ള വിവിധ പള്ളികളിൽ നിന്നാണ് ഇവരെ പൊലീസ് പിടികൂടി ജയിലിലടച്ചതെന്ന് തബ്‌ലീഗ് ജമാഅത്ത് അംഗങ്ങളുടെ അഭിഭാഷകൻ ജാൻ നിസാർ പറഞ്ഞു.
വീഡിയോ കോൺഫറൻസിലൂടെ പൊലീസ് ഇവരുടെ റിമാൻഡ് കാലാവധി നീട്ടിക്കൊണ്ടിരുന്നു. തുടര്‍ന്നാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഇരുകൂട്ടരുടെയും വാദം കേട്ട കോടതി ഐപിസി സെക്ഷൻ 188, പകർച്ചവ്യാധി നിയമത്തിലെ സെക്ഷൻ 3 പ്രകാരം വിദേശ തബ്‌ലീഗ് പ്രവര്‍ത്തകര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഇവരോട് അവരവരുടെ രാജ്യങ്ങളിലേക്ക് മടങ്ങാൻ കോടതി നിര്‍ദേശിച്ചു. അതേസമയം സ്വന്തം നാട്ടിലേക്ക് മടങ്ങാനുള്ള ഏര്‍പ്പാടുകൾ ശരിയാകുന്നത് വരെ ജയില്‍ മോചിതരായ തബ്‌ലീഗ് പ്രവര്‍ത്തകരെ സ്വകാര്യ റിസോർട്ടിൽ പാര്‍പ്പിക്കും. മാര്‍ച്ച് മാസത്തില്‍ ഡല്‍ഹിയിലെ നിസാമുദ്ദീൻ മര്‍ക്കസില്‍ ആയിരക്കണക്കിന് തബ്‌ലീഗ് ജമാഅത്ത് പ്രവര്‍ത്തകര്‍ സര്‍ക്കാര്‍ നിയന്ത്രണങ്ങൾ ലംഘിച്ചു കൊണ്ടുള്ള മതസമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.