ശ്രീനഗർ: പശ്ചിമ ബംഗാളിൽ നിന്നുള്ള അഞ്ച് കുടിയേറ്റ തൊഴിലാളികളെ തെക്കൻ കശ്മീരിലെ കുൽഗാം ജില്ലയിൽ തീവ്രവാദികൾ വെടിവച്ചു കൊലപ്പെടുത്തി. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ട്രക്ക് വാഹനങ്ങൾക്കും തൊഴിലാളികൾക്കും നേരെ ആക്രമണങ്ങൾ പതിവായിരിക്കുകയാണ്. യൂറോപ്യൻ യൂണിയനിൽ നിന്നുള്ള പാർലമെന്‍റ് അംഗങ്ങൾ ഇന്ന് കശ്മീർ സന്ദർശിച്ചിരുന്നു. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷമുള്ള കശ്‌മീരിലെ സ്‌ഥിതിഗതികൾ നേരിൽ കണ്ട് മനസിലാക്കാനാണ് സംഘം എത്തിയത്.
ഒക്ടോബർ പതിനാലിന് രാജസ്ഥാൻ രജിസ്ട്രേഷൻ നമ്പർ ഉള്ള ട്രക്കിന്‍റെ ഡ്രൈവറെ വെടിവച്ച് കൊന്ന പാകിസ്ഥാൻ സ്വദേശി ഉൾപ്പെടെയുള്ള രണ്ട് ഭീകരര്‍ ഷോപിയാൻ ജില്ലയിലെ ഒരു പൂന്തോട്ട ഉടമയെയും ആക്രമിച്ചിരുന്നു. ഒക്ടോബർ 24 ന് ഷോപിയാൻ ജില്ലയിൽ രണ്ട് ട്രക്ക് ഡ്രൈവർമാരെ ഭീകരര്‍ കൊലപ്പെടുത്തി.രണ്ട് ദിവസത്തിന് ശേഷം പഞ്ചാബിലെ ആപ്പിൾ വ്യാപാരി ചരഞ്ജീത് സിംഗ് കൊല്ലപ്പെട്ടു. ഭീകരാക്രമണത്തില്‍ സഞ്ജീവ് എന്നയാൾക്ക് പരിക്കേറ്റു. അതേ ദിവസം തന്നെ ഛത്തീസ്ഗഡിൽ നിന്നുള്ള ഒരു ഇഷ്ടിക ചൂള തൊഴിലാളിയെ പുൽവാമ ജില്ലയിൽ ഭീകരര്‍ വെടിവച്ച് കൊലപ്പെടുത്തി.