റായ്‌പൂര്‍: ഛത്തീസ്‌ഗഢിലെ ബലൂദ് ജില്ലയില്‍ കൊവിഡ് ക്വാറന്‍റൈൻ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന നാലുമാസം പ്രായമായ കുഞ്ഞ് രോഗം ബാധിച്ച് മരിച്ചു. ആശുപത്രി അധികൃതരുടെ വീഴ്‌ച ചൂണ്ടിക്കാട്ടി കുട്ടിയുടെ കുടുംബാഗങ്ങൾ രംഗത്തെത്തി.
മെയ് 14ന് മഹാരാഷ്ട്രയിലെ ചന്ദ്രപൂരിൽ നിന്നാണ് കുട്ടിയുടെ കുടുംബം ബലൂദിലെത്തിയത്. തുടർന്ന് താറ്റെംഗ ഗ്രാമത്തിലെ ഒരു സ്‌കൂളിൽ പ്രവര്‍ത്തിച്ചിരുന്ന ക്വാറന്‍റൈൻ കേന്ദ്രത്തില്‍ ഇവര്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. അവിടെ വെച്ച് കുഞ്ഞിന് അസുഖം പിടിപെടുകയും പ്രാദേശിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടുകയും ചെയ്‌തു. തുടര്‍ന്ന് കുഞ്ഞിന്‍റെ ആരോഗ്യ നില വഷളായതോടെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ ഇതിന് അധികൃതർ വിമുഖത കാണിച്ചിരുന്നെന്നും ആശുപത്രിയിലേക്ക് മാറ്റാൻ വൈകിയെന്നും കുട്ടിയുടെ ബന്ധുക്കൾ ആരോപിച്ചു.
ആശുപത്രിയിലെത്തിച്ച് മണിക്കൂറുകളോളം കഴിഞ്ഞാണ് കുഞ്ഞിനെ ഡോക്‌ടര്‍ പരിശോധിച്ചതെന്നും ഇത് കുഞ്ഞിനെ മരണത്തിലേക്ക് നയിക്കാൻ ഇടയാക്കിയെന്നും ബന്ധുക്കൾ ആരോപിച്ചു. സംഭവത്തില്‍ ഉന്നതതല അന്വേഷണം വേണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. അതേസമയം കുഞ്ഞിന് കൊവിഡ് സംശയിക്കുന്നതിനാൽ മൃതദേഹം കുടുംബത്തിന് അധികൃതർ കൈമാറിയില്ല. കുഞ്ഞിന്‍റെ സാമ്പിൾ മെയ് 25ന് കൊവിഡ് പരിശോധനക്ക് അയച്ചിരുന്നതായി ഗ്രാമമുഖ്യൻ ഉത്തം സാഹു അറിയിച്ചു. കുഞ്ഞിന്‍റെ പരിശോധനാ ഫലം എത്രയും വേഗം അയക്കണമെന്ന് ജില്ലാ കലക്ടറും എംഎൽഎയും എയിംസിനോട് അഭ്യർഥിച്ചു.