ബെംഗളൂരു: കർണാടകയിലെ റായ്‌ചൂർ ജില്ലയിലുണ്ടായ ദുരഭിമാനക്കൊലയില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ കൊല്ലപ്പെട്ടു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. സുമിത്ര അമ്മ (55), ശ്രീദേവി (38), ഹനുമേഷ് (35), നാഗരാജ് (33) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ നാല് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്‌തു. മൗനേഷ് (21), മഞ്ജുള (18) എന്നിവര്‍ കുറച്ച് മാസങ്ങൾക്ക് മുമ്പാണ് പ്രണയിച്ച് വിവാഹം കഴിച്ചത്. ഇരുവരുടെയും ജാതി വ്യത്യസ്‌തമായതിനാല്‍ മഞ്ജുളയുടെ കുടുംബം വിവാഹത്തെ എതിര്‍ത്തു. മഞ്ജുളയുടെ കുടുംബം ഇവരെ സ്വീകരിക്കാൻ വിസമ്മതിക്കുകയും മൗനേഷിനെയും കുടുംബത്തെയും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തിരുന്നു. ഇതേത്തുടർന്ന് ദമ്പതികൾ സിന്ധനൂർ പൊലീസ് സ്റ്റേഷനിൽ പരാതി നല്‍കിയി. ഇതില്‍ പ്രകോപിതരായ മഞ്ജുളയുടെ കുടുംബം മൗനേഷിന്‍റെ വീട്ടിലെത്തി വഴക്കുണ്ടാക്കി. ഈ കലഹമാണ് കൊലപാതകത്തില്‍ കലാശിച്ചത്. മൗനേഷിന്‍റെ നാല് കുടുംബാംഗങ്ങളാണ് കൊല്ലപ്പെട്ടത്. ഇവരെ ഇരുമ്പ് കമ്പികളുപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
മൗനേഷിന്‍റെ അമ്മ സുമിത്ര അമ്മ, അമ്മാവന്മാരായ നാഗരാജ്, ഹനുമേഷ്, അമ്മായി ശ്രീദേവി എന്നിവർ സംഭവസ്ഥലത്തുതന്നെ മരിച്ചു. പിതാവ് ഇറപ്പ (65), സഹോദരിമാരായ രേവതി (20), തയമ്മ (25) എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അടുത്തുള്ള ആശുപത്രിയിലേക്ക് അയച്ചു. മഞ്ജുളയുടെ കുടുംബാംഗങ്ങളെ പൊലീസ് ചോദ്യം ചെയ്യാൻ തുടങ്ങിയിട്ടുണ്ടെന്നും സംഭവത്തില്‍ കൂടുതൽ അന്വേഷണം ആരംഭിച്ചെന്നും പൊലീസ് അറിയിച്ചു.