ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്നും ബംഗ്ലാദേശിലേക്ക് മതിയായ രേഖകളില്ലാതെ കടന്ന മുന്നൂറിലധികം ബംഗ്ലാദേശികളെ പിടികൂടിയതായി ബംഗ്ലാദേശ് ബോഡര്‍ ഗാഡ്‌സ് ചീഫ് ഷഫീനുല്‍ ഇസ്ലാം.
ഡിസംബര്‍ 25 മുതല്‍ 30 വരെ നടന്ന 49മത് ഉഭയകക്ഷി അതിര്‍ത്തി ഏകോപന സമ്മേളനത്തില്‍ ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സുമായി സംയുക്ത ചർച്ചയിൽ ഒപ്പിട്ട ശേഷം വാര്‍ത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കന്നുകാലിക്കടത്ത്, വ്യാജ ഇന്ത്യന്‍ കറന്‍സി നോട്ടുകളുടെ കടത്ത്, സ്വര്‍ണ്ണക്കടത്ത് തുടങ്ങിയ അതിര്‍ത്തി കടന്നുള്ള കുറ്റകൃത്യങ്ങള്‍ തടയാന്‍ ബിഎസ്എഫ് സംയുക്ത ശ്രമങ്ങള്‍ നടത്തിയെന്നും സമ്മേളനത്തില്‍ പറഞ്ഞു. അനധികൃത കുടിയേറ്റം, മനുഷ്യക്കടത്ത്, ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തി വേലി ലംഘിക്കല്‍, തട്ടികൊണ്ടു പോകല്‍, ബംഗ്ലദേശ് ഒഴികെയുള്ള രാജ്യങ്ങളിലെ പൗരന്മാര്‍ അനധികൃതമായി കടക്കുക തുടങ്ങിയ വിഷയങ്ങളും സമ്മേളനത്തില്‍ ഉന്നയിച്ചു.
സിംഗിൾ റോ ഫെൻസിങ്, ഇൻഫ്രാസ്ട്രക്‌ചർ വർക്ക്, അന്താരാഷ്ട്ര അതിർത്തിയുടെ 150 യാർഡിനുള്ളിൽ നിർമാണം തുടങ്ങിയ കാര്യങ്ങളും ചർച്ചയില്‍ ഉന്നയിച്ചു. ഒരേസമയം ഏകോപിപ്പിച്ച പട്രോളിങ്, ദുർബല പ്രദേശങ്ങൾ തിരിച്ചറിയൽ, വിവരങ്ങൾ പങ്കുവയ്ക്കൽ എന്നിവയിലൂടെ സമഗ്ര ബോർഡർ മാനേജുമെന്‍റ് പദ്ധതി ഫലപ്രദമായി നടപ്പാക്കാനുള്ള സംയുക്ത ശ്രമങ്ങളും 10 അംഗ പ്രതിനിധി സംഘം പങ്കെടുത്ത സമ്മേളനത്തിൽ ചര്‍ച്ച ചെയ്‌തു. ബംഗ്ലാദേശ് പ്രതിനിധി സംഘം ദേശീയ തലസ്ഥാനത്ത് എത്തിയതിന് തൊട്ടുപിന്നാലെയാണ് വ്യാഴാഴ്‌ച ആരംഭിച്ച സമ്മേളനത്തിൽ ബിഎസ്എഫ് ഡിജി, വിദേശകാര്യ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരും മറ്റ് നിയമ നിർവഹണ ഏജൻസികളും പങ്കെടുത്തത്.