മുംബൈ: കൊവിഡ് 19 അണുബാധ സംശയമുള്ള രണ്ടുപേർ മഹാരാഷ്ട്രയിലെ സിവിൽ ആശുപത്രിയിൽ മരിച്ചു. 70 വയസും 50 വയസും പ്രായമുള്ള ഇരുവർക്കും പ്രമേഹം, അർബുദം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. കൊവിഡ് 19 വൈറസാണോ മരണ കാരണമെന്ന് നിർണ്ണയിക്കാൻ ഫലങ്ങൾ കാത്തിരിക്കുകയാണെന്ന് ഭണ്ഡാര സിവിൽ ആശുപത്രിയിലെ സർജൻ ഡോ. പ്രമോദ് ഖണ്ടേറ്റ് പറഞ്ഞു.
ചുമ, ജലദോഷം തുടങ്ങിയ ലക്ഷണങ്ങളോടെ ഏപ്രിൽ 16നാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ആശുപത്രിയിലെ പുതിയ കെട്ടിടത്തിൽ കൊവിഡ് -19 രോഗികൾക്കുള്ള ഐസൊലേഷൻ വാർഡിൽ ഇരുവരെയും പ്രവേശിപ്പിച്ചു. ഇവരെ കൂടാതെ 19 പേർ വാർഡിൽ ഉണ്ടായിരുന്നു. മരിച്ച ഒരാളെ സ്വകാര്യ ആശുപത്രിയിൽ നിന്ന് സർക്കാർ ആശുപത്രിയിലേക്ക് റഫർ ചെയ്തു. ഒരാൾ വെള്ളിയാഴ്ച രാത്രി 10.30നും മറ്റെയാൾ ശനിയാഴ്ച പുലർച്ചെ 12.30 നും മരിച്ചു. മഹാരാഷ്ട്രയിലെ ഭണ്ഡാര ജില്ലയിൽ ഇതുവരെ കൊവിഡ് 19 കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.