ഇറ്റാനഗർ: അരുണാചല്‍ പ്രദേശില്‍ പുതിയ 112 കൊവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3,745 ആയി ഉയര്‍ന്നു. കൂടാതെ രണ്ട് മരണങ്ങള്‍ കൂടി ഉണ്ടായതോടെ ആകെ കൊവിഡ് മരണസംഖ്യ ഏഴയായതായും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ക്യാപിറ്റൽ കോംപ്ലക്സ് മേഖലയിലെ നഹർലഗൺ പ്രദേശത്ത് നിന്നുള്ള 65കാരിയായ ഒരു സ്ത്രീയും 44 വയസ്സുള്ള ഒരു സൈനികനുമാണ് മരിച്ചതെന്ന് സംസ്ഥാന നിരീക്ഷണ ഓഫീസർ ഡോക്ടര്‍ എല്‍.ജംബ പറഞ്ഞു. വെള്ളിയാഴ്ച ചിമ്പുവിലെ ഡെഡിക്കേറ്റഡ് കോവിഡ് ഹോസ്പിറ്റലിലാണ് സ്ത്രീ മരിച്ചത്. കഴിഞ്ഞ രണ്ട് വർഷമായി വൃക്ക സംബന്ധമായ പ്രശ്നങ്ങളും ഉണ്ടായിരുന്നു ഇവര്‍ക്ക്. വെസ്റ്റ് കാമെങ് ജില്ലയിലെ തെംഗയിലെ ഒരു സൈനിക ആശുപത്രിയിലാണ് കരസേനയിലെ ഉദ്യോഗസ്ഥന്‍ കൊവിഡ് മൂലമുണ്ടായ ശ്വാസ തടസ്സത്തെത്തുടര്‍ന്ന് മരിച്ചത്.
പുതിയ കേസുകളിൽ 23 എണ്ണം ക്യാപിറ്റൽ കോംപ്ലക്‌സ് മേഖലയിൽ നിന്നും 18 എണ്ണം പാപ്പുമ്പറിൽ നിന്നും 17 ഉം സിയാങ്ങിൽ നിന്ന് 10 ഉം വെസ്റ്റ് കാമെംഗിൽ നിന്നും ലോവർ സിയാങ്ങിൽ നിന്നും 10 വീതവും കിഴക്കൻ സിയാങ്ങിൽ നിന്ന് എട്ട് വീതവും തവാങ്, ഈസ്റ്റ് കാമെങ് ജില്ലകളിൽ നിന്ന് അഞ്ച് വീതവും വൈറസ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ടു. തവാങ്, ഈസ്റ്റ് സിയാങ് ജില്ലകളിൽ നിന്നുള്ള രണ്ട് കരസേന ഉദ്യോഗസ്ഥരും മുപ്പത് അർദ്ധസൈനിക ജവാൻമാരും ഇതില്‍ ഉള്‍പ്പെടുന്നു. വെള്ളിയാഴ്ച എൺപത്തിയെട്ട് പേര്‍ രോഗമുക്തരായി. സംസ്ഥാനത്തെ കൊവിഡ് മുക്തരായവരുടെ നിരക്ക് നിലവിൽ 72.33 ശതമാനമാണ്. ഈ മാസം ആദ്യം മുതൽ 1,927 പേർക്ക് രോഗം ഭേദമായിട്ടുണ്ടെന്നും ഡോക്ടര്‍ എല്‍.ജംബ വ്യക്തമാക്കി. വെസ്റ്റ് കാമെങ്ങിലാണ് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോര്‍ട്ട് ചെയ്തത്, 160. തൊട്ടുപിന്നിൽ ക്യാപിറ്റൽ കോംപ്ലക്‌സ് മേഖല-148ഉം, ഈസ്റ്റ് സിയാങ്‌ഡിസ്ട്രിക്റ്റ്-142ഉം, ചാംഗ്ലാങ്-98ഉം കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇതുവരെ 1,58,993 പേരിലാണ് കൊവിഡ് പരിശോധന നടത്തിയത്.