അഗര്‍ത്തല: ത്രിപുര ഖോവായ് ജില്ലയിൽ പതിനേഴുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ പത്ത് പേരെ അറസ്റ്റ് ചെയ്തതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ജൂലൈ 21ന് ജില്ലയിലെ ഖസിയമംഗൽ പ്രദേശത്ത് വെച്ച് അഞ്ച് പേർ ബലാത്സംഗം ചെയ്തതായി പെൺകുട്ടി പരാതിയിൽ പറഞ്ഞിരുന്നുവെന്ന് നോർത്തേൺ റേഞ്ച് ഡിഐജി സൗമിത്ര ധാർ പറഞ്ഞു. പെൺകുട്ടിയെ ബലാത്സംഗം ചെയ്തതിന് മൂന്ന് പേരെയും ബാക്കിയുള്ളവർ പ്രതികൾക്ക് അഭയം നൽകിയവരാണെന്നും ധാർ പറഞ്ഞു.സഹായം നല്‍കിയവരെ സെപാഹിജല ജില്ലയിലെ വിവിധയിടങ്ങളില്‍ നിന്നും ചൊവ്വാഴ്ചയാണ് പിടിയിലായത്. മറ്റുള്ള പ്രതികളെ പ്രതികളെ നേരത്തെ പിടികൂടിയിരുന്നെന്നും ഡിഐജി അറിയിച്ചു. പീഡിപ്പിച്ച മറ്റ് രണ്ട് പ്രതികൾ ഒളിവിലാണ് ഇവര്‍ക്കായി അന്വേഷണം ശക്തമാക്കിയതായും പൊലീസ് അറിയിച്ചു.
സംഭവം നടന്ന് ഒരാഴ്ച കഴിഞ്ഞപ്പോൾ ത്രിപുരയിലെ ഒരു കൂട്ടം യൂണിവേഴ്സിറ്റി, കോളജ് വിദ്യാർഥികൾ 'സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ' തടയാൻ ഒരു ഓൺലൈൻ കാമ്പെയ്ന്‍ ആരംഭിച്ചിരുന്നു.ഇത്തരം കേസുകൾ വേഗത്തിൽ തീര്‍പ്പാക്കി പ്രതികളെ മാതൃകാപരമായി ശിക്ഷിക്കണമെന്നാണ് കാമ്പെയ്ന്‍ ആവശ്യപ്പെട്ടത്. കൂടാതെ ത്രിപുര സർവകലാശാലയിലെ പൊളിറ്റിക്കൽ സയൻസ് വിദ്യാർഥിനിയായ അസ്മിറ ദബ്ബർമ ഒരു എസ്എംഎസ് ഗ്രൂപ്പ് ബലാത്സംഗത്തിനെതിരായ നിലപാട് എന്ന പേരില്‍ രൂപീകരിച്ചിട്ടുണ്ട്. 25 വിദ്യാർഥികള്‍ ഈ ഗ്രൂപ്പിൽ അംഗങ്ങളാണ്. ബലാത്സംഗ സംഭവങ്ങൾക്കെതിരെ ധൈര്യത്തോടെ നിലകൊള്ളണമെന്നും സ്ത്രീകളെ അക്രമകാരികളില്‍ നിന്നും സംരക്ഷിക്കാന്‍ ഫേസ്ബുക്ക്, വാട്‌സ്ആപ്പ് എന്നീ സോഷ്യല്‍മീഡിയകള്‍ വഴി പോസ്റ്ററുകൾ സ്ഥാപിക്കണമെന്നും സംഘം എല്ലാ വിഭാഗം ആളുകളോടും അഭ്യർത്ഥിച്ചു.