ന്യൂഡല്‍ഹി: പൊലീസ് സുരക്ഷ പൂര്‍ണമായും താളം തെറ്റിയെന്നും അതുകൊണ്ട് നിലവില്‍ കശ്‌മീരിലൂടെയുള്ള ഭാരത് ജോഡോ യാത്ര തനിക്ക് റദ്ദാക്കേണ്ടി വന്നെന്നും രാഹുല്‍ ഗാന്ധി. ജനക്കൂട്ടത്തെ നിയന്ത്രിക്കേണ്ട ചുമതലയുള്ള പൊലീസിനെ എവിടെയും കാണാനില്ലായിരുന്നു എന്നും അദ്ദേഹം പ്രതികരിച്ചു. ഭാരത് ജോഡോ യാത്ര ജമ്മു കശ്‌മീരിലെ ഖാസിഗുണ്ടില്‍ എത്തിയപ്പോള്‍ പൊലീസ് സുരക്ഷ പിന്‍വലിച്ചതില്‍ ജമ്മു കശ്‌മീര്‍ സര്‍ക്കാറിനെതിരെ കോണ്‍ഗ്രസ് രംഗത്ത് വന്നു. ഇതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണം എന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
ഖാസിഗുണ്ടില്‍ പെട്ടെന്ന് സുരക്ഷ ഉദ്യോഗസ്ഥരെ പിന്‍വലിച്ചത് ഭാരത് ജോഡോ യാത്രയില്‍ ഗുരുതരമായ സുരക്ഷ വീഴ്‌ചയാണ് ഉണ്ടാക്കിയത് എന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ട്വീറ്റ് ചെയ്‌തു. ഇതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണം. ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഭാവിയില്‍ ഉണ്ടാകാതിരിക്കാന്‍ ആവശ്യമായ നടപടികള്‍ എടുക്കണമെന്നും കെ സി വേണുഗോപാല്‍ ട്വിറ്ററില്‍ കുറിച്ചു.
യാത്ര നിലവില്‍ അനന്ത്നാഗ് ജില്ലയിലൂടെയാണ് കടന്ന് പോകുന്നത്. ഗുരുതരമായ സുരക്ഷ വീഴ്‌ചയാണ് ഉണ്ടായിരിക്കുന്നത് എന്ന് എഐസിസി ജനറല്‍ സെക്രട്ടറി ജയറാം രമേശും ട്വീറ്റ് ചെയ്‌തു.