ന്യൂഡൽഹി: ഭാരത് ജോഡോ യാത്രയിൽ ബിജെപി പരിഭ്രാന്തരാകുന്നുവെന്ന് കോൺഗ്രസ്. കഴിഞ്ഞ എട്ട് വർഷമായി ഭരണകക്ഷിയായ ബിജെപി ഭാരത് ജോഡോ യാത്ര നടത്തുന്നുണ്ട്. എന്നാൽ തുടങ്ങി പത്ത് ദിവസം മാത്രമായ കോൺഗ്രസിന്‍റെ പദയാത്രയിൽ ബിജെപി പരിഭ്രാന്തരാകുന്നത് ഭാരത് ജോഡോ യാത്രയുടെ വിജയമാണെന്ന് കോൺഗ്രസ് വക്താവ് പ്രൊഫസർ ഗൗരവ് വല്ലഭ് പറഞ്ഞു.
രാഹുൽ ഗാന്ധിയെ അപകീർത്തിപ്പെടുത്താൻ കഴിഞ്ഞ പത്തു ദിവസമായി ബിജെപി നേതാക്കൾ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുകയാണ്. ഞായറാഴ്‌ച(18.09.2022) ബിജെപി തമിഴ്‌നാട് ഐടി സെൽ ഇൻ ചാർജ് സിടിആർ നിർമൽ കുമാർ പ്രിയങ്ക ഗാന്ധിയുടെ മകൾക്കെതിരെ സമൂഹ മാധ്യമത്തിൽ അപകീർത്തികരമായ രീതിയിൽ പരാമർശം നടത്തിയിരുന്നു. എന്നാൽ ട്വീറ്റിനെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉയർന്നതിനെ തുടർന്ന് നിർമൽ ട്വീറ്റ് ഒഴിവാക്കുകയും ചെയ്‌തു.
എന്നാൽ ചെയ്‌തത് തെറ്റാണെന്ന് അംഗീകരിക്കാതെയാണ് ട്വീറ്റ് പിൻവലിച്ചത്. ബിജെപി നേതാക്കളുടെ ചിന്താഗതിയാണ് ഈ ട്വീറ്റിലൂടെ പ്രതിഫലിക്കുന്നതെന്നും പാർട്ടി നേതാവ് നടത്തിയ പരാമർശത്തിൽ പ്രധാനമന്ത്രി മാപ്പ് പറയുകയും നിർമലിനെ പുറത്താക്കുകയും ചെയ്യണമെന്നും പ്രൊഫസർ വല്ലഭ് പറഞ്ഞു. നിർമലിന്‍റേത് പാർട്ടിയുടെ സംസ്‌കാരമാണ് രാജ്യത്തിന്‍റേത് അല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേന്ദ്രമന്ത്രി സ്‌മൃതി ഇറാനിയും ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യയയും രാഹുൽ ഗാന്ധിക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഭാരത് ജോഡോ യാത്ര ആരംഭിക്കുന്നതിന് മുമ്പ് കന്യാകുമാരിയിലെ വിവേകാനന്ദ സ്‌മാരകം രാഹുൽ സന്ദർശിച്ചിട്ടില്ലെന്ന് സ്‌മൃതി ഇറാനിയും രാഹുൽ പൊതു പ്രസംഗങ്ങൾ നടത്തുന്നില്ലെന്ന് മാളവ്യയും ആരോപിച്ചു. സ്‌മൃതി ഇറാനിയുടെ വാദം വ്യാജമാണെന്ന് പിന്നീട് കോൺഗ്രസ് തെളിയിച്ചു.
എന്നാൽ പ്രിയങ്ക ഗാന്ധിയുടെ മകൾക്കെതിരെ നടന്ന പരാമർശത്തിൽ സ്‌മൃതി ഇറാനി പ്രതികരിച്ചില്ല. രാഹുൽ ഗാന്ധിക്കെതിരെ വ്യാജ പരാമർശം നടത്തുകയും അതിൽ മാപ്പ് പറയുകയും ചെയ്‌തില്ല. സ്‌മൃതി ഇറാനി നുണകളുടെ രാജ്‌ഞിയാണെന്നും അദ്ദേഹം പറഞ്ഞു.
രാഹുൽ ഗാന്ധി എല്ലാ ദിവസവും പൊതു പ്രസംഗങ്ങൾ നടത്തുന്നുണ്ട്. യാത്രയ്ക്കിടെ അദ്ദേഹം നിരവധി പത്രസമ്മേളനങ്ങളും നടത്തിയിട്ടുണ്ട്. എന്നാൽ പ്രധാനമന്ത്രി ഒരു പത്രസമ്മേളനം വിളിക്കാൻ തയ്യാറായിട്ടുണ്ടോ എന്നും പ്രൊഫസർ പരാമർശിച്ചു.
പ്രധാനമന്ത്രിയേയും ആഭ്യന്തര മന്ത്രിയേയും പരിഹസിച്ച ശേഷം ബിജെപി നേതാക്കളോട് അവരുടെ മനസ് നന്നാക്കാൻ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാനും അദ്ദേഹം ക്ഷണിച്ചു. പാർട്ടി നേതാക്കളുടെ ആരോപണങ്ങളിൽ പ്രധാനമന്ത്രി മൗനം പാലിക്കുന്നത് അദ്ദേഹം മൗനാനുവാദമാണ് കാണിക്കുന്നത്. ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കുന്നതോടെ യാത്രയുടെ യഥാർഥ ലക്ഷ്യം രാജ്യത്തെ ഒന്നിപ്പിക്കുകയാണെന്ന് അവർക്ക് മനസിലാക്കാനാകുമെന്നും വല്ലഭ് പറഞ്ഞു.
ഭാരത് ജോഡോ യാത്ര 200 കിലോമീറ്റർ മാത്രം പിന്നിട്ടപ്പോഴേക്കും ബിജെപിക്ക് ആശങ്കയായെങ്കിൽ ബാക്കിയുള്ള 3300 കിലോമീറ്റർ അവർ എങ്ങനെ നേരിടുമെന്നും പ്രൊഫ.ഗൗരവ് വല്ലഭ് അഭിപ്രായപ്പെട്ടു.