കന്യാകുമാരി: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോയുടെ രണ്ടാം ദിവസം തുടക്കം കുറിച്ചത് തമിഴ്‌നാട്ടിലെ കന്യാകുമാരിയിലെ അഗസ്‌തീശ്വരം ടൗണില്‍ നിന്നാണ്. സാമ്പത്തിക അസമത്വങ്ങൾ, സാമൂഹിക ധ്രുവീകരണം, രാഷ്‌ട്രീയ കേന്ദ്രീകരണം എന്നിവ മൂലമുണ്ടാകുന്ന അപകടങ്ങളില്‍ നിന്നും ജനങ്ങളെ രക്ഷിക്കാനും ബിജെപി സര്‍ക്കാരിന്‍റെ വിഭജന രാഷ്‌ട്രീയത്തെ ചെറുക്കാനുമാണ് പദയാത്ര ലക്ഷ്യമിടുന്നത്. പാർട്ടി എംപിമാരായ കെസി വേണുഗോപാൽ, പി ചിദംബരം, ഛത്തീസ്‌ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ തുടങ്ങിയ മുതിർന്ന നേതാക്കൾ രാഹുൽ ഗാന്ധിക്കൊപ്പം പദയാത്രയിൽ പങ്കെടുത്തു.
പല കാരണങ്ങള്‍കൊണ്ടും ഇന്ത്യ നേരിടുന്ന അപകടങ്ങളില്‍ നിന്ന് രാജ്യത്തെ ഉണർത്താനാണ് ഭാരത് ജോഡോ യാത്ര ലക്ഷ്യമിടുന്നതെന്ന് കോൺഗ്രസ് കമ്മ്യൂണിക്കേഷൻസ് ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു. 'സംഘടനയെയും പാർട്ടി പ്രവർത്തകരെയും ശക്തിപെടുത്തുകയും അണിനിരത്തുകയും ചെയ്യുന്ന ഒരു യാത്ര കൂടിയാണിത്. ഭാരത് ജോഡോ യാത്ര ഉജ്ജ്വലവും മികച്ച വിജയവുമാണെന്ന് മറ്റ് പാർട്ടികളും ഉറപ്പാക്കുന്നുവെന്ന്' ജയറാം രമേശ് പറഞ്ഞു.
വിമര്‍ശനങ്ങളെ അവഗണിക്കുന്നു: 'ദ്രൗപതിയുടെ സ്വയംവരത്തിന് പോയപ്പോൾ അർജുനന്‍ മത്സ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചത് പോലെ ഞങ്ങള്‍ ഭാരത് ജോഡോ എന്ന യാത്ര വിജയകരമായി പൂർത്തിയാക്കാന്‍ മാത്രമാണ് ലക്ഷ്യമിട്ടിരിക്കുന്നത്. വിമര്‍ശനങ്ങളെ എതിര്‍ത്ത് സമയം കളയാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. എന്തു തന്നെയായാലും വിമര്‍ശിക്കുന്നവര്‍ക്കെതിരെ ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ എപ്പോഴും ആളുകള്‍ ഉണ്ടാകുമെന്ന്' ജയറാം രമേശ് അഭിപ്രായപ്പെട്ടു.
'ത്രിവർണ പതാക എല്ലാ മതങ്ങൾക്കും സംസ്ഥാനങ്ങൾക്കും ഭാഷകൾക്കും അവകാശപ്പെട്ടതാണ്. എന്നാല്‍ ഇന്ന് ഇന്ത്യ എന്ന രാജ്യം മതത്തിന്റെയും ഭാഷയുടെയും അടിസ്ഥാനത്തിൽ ബിജെപി എന്ന പാര്‍ട്ടിയുടെ വിഭജനത്തിനിരയായിരിക്കുകയാണ്. രാജ്യത്തെ ഐക്യത്തോടെ നിലനിർത്താൻ ശ്രമിക്കുന്നതിനായി ജനങ്ങളുടെ പിന്തുണ തേടിയതിനാല്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഇന്ന് ആക്രമിക്കപ്പെടുകയാണെന്ന്' മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പദയാത്രയുടെ ഉദ്‌ഘാടന വേളയില്‍ പറഞ്ഞു.
ALSO READ: 'ഭാരത് ജോഡോ' ദേശീയ പതാക ബിജെപിയുടെ തറവാട്ട് സ്വത്തല്ലെന്ന് രാഹുല്‍ ഗാന്ധി, ആവേശം പകര്‍ന്ന് സോണിയ
സെപ്‌തംബര്‍ 11ന് കേരളത്തില്‍: രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടത്തുന്ന കന്യാകുമാരി മുതൽ കാശ്മീർ വരെ 3,500 കിലോമീറ്റർ ദൈർഘ്യമുള്ള പദയാത്ര 150 ദിവസം കൊണ്ട് പൂര്‍ത്തിയാക്കും. 12 സംസ്ഥാനങ്ങളിലായാണ് യാത്ര നടത്തുക. സെപ്‌തംബർ 11ന് കേരളത്തിലെത്തിയ ശേഷം, അടുത്ത 18 ദിവസത്തേക്ക് സംസ്ഥാനത്തുടനീളം യാത്ര ചെയ്യും.
ശേഷം, സെപ്‌തംബര്‍ 30ന് കര്‍ണാടകയിലെത്തും. തുടര്‍ന്ന് 21 ദിവസം കര്‍ണാടകയില്‍ പദയാത്ര നടത്തും. പദയാത്രയുടെ ആദ്യ ദിവസമായ ഇന്നലെ (07.09.2022) ബിജെപിയെ പ്രതിപക്ഷം ഭയപ്പെടുന്നില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
'സിബിഐയും ഇഡിയും ഉപയോഗിച്ച് പ്രതിപക്ഷത്തെ ഭയപ്പെടുത്താമെന്നാണ് ഭരണപക്ഷം കരുതുന്നത്. അവര്‍ക്ക് ഇന്ത്യന്‍ ജനതയെ വ്യക്തമായി അറിയില്ല. ഒരു പ്രതിപക്ഷ നേതാവും ബിജെപിയെ ഭയപ്പെടാന്‍ പോകുന്നില്ല' രാഹുല്‍ ഗാന്ധി പറഞ്ഞു.
രാഹുല്‍ ഗാന്ധിയുടെ താമസം കണ്ടെയ്‌നറുകളില്‍: 'ത്രിവര്‍ണ പതാക ബിജെപിയുടെ സ്വകാര്യ സ്വത്താണെന്നാണ് കരുതുന്നത്. കോണ്‍ഗ്രസിന്‍റെ ഭാരത് ജോഡോ യാത്ര 2024 തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദി സർക്കാരിനെ നേരിടാനുള്ള 'മാസ്റ്റർസ്ട്രോക്കാണെന്ന്' രാഹുല്‍ ഗാന്ധി വ്യക്തമാക്കി. 150 ദിവസം നീണ്ട യാത്രയില്‍ രാഹുല്‍ ഗാന്ധി താമസിക്കുന്നത് കണ്ടെയ്‌നറുകളിലാണ്. പല പ്രദേശങ്ങളിലെയും താപനില വ്യത്യസ്‌തമായതിനാല്‍ ചില കണ്ടെയ്‌നറുകളിൽ സ്ലീപ്പിംഗ് ബെഡ്‌സ്, ടോയ്‌ലറ്റുകൾ, എസി എന്നിവയും സ്ഥാപിച്ചിട്ടുണ്ടെന്ന് പാര്‍ട്ടി വ്യക്തമാക്കിയിരുന്നു.
ഏകദേശം 60ഓളം കണ്ടെയ്‌നറുകളാണ് യാത്രയ്‌ക്കായി തയ്യാറാക്കിയിരിക്കുന്നത്. രാഹുല്‍ ഗാന്ധിയ്‌ക്കൊപ്പം യാത്രയില്‍ പങ്കെടുക്കുന്നവര്‍ ഒരുമിച്ച് താമസിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്യും. സാധാരണക്കാരുമായി സംവധിക്കാനുള്ള മാര്‍ഗമായാണ് രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്രയെ കാണുന്നത്.
12 സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന പദയാത്ര എല്ലാ ദിവസവും 25 കിലോമീറ്റര്‍ വീതം പൂര്‍ത്തിയാക്കും. സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഉൾപ്പെടെയുള്ള മുതിർന്ന കോൺഗ്രസ് നേതാക്കൾ പങ്കെടുക്കുന്ന പദയാത്രകൾ, റാലികൾ, പൊതുയോഗങ്ങൾ എന്നിവ യാത്രയിൽ ഉൾപ്പെടും. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ ജനങ്ങളെ അണിനിരത്താനായുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് ഭാരത് ജോഡോ യാത്ര എന്ന് പാര്‍ട്ടി വൃത്തങ്ങള്‍ കൂട്ടിച്ചര്‍ത്തു.