ന്യൂഡല്‍ഹി: മൂക്കിലൂടെ നല്‍കുന്ന ഭാരത് ബയോടെക്കിന്‍റെ കൊവിഡ് വാക്‌സിനായ ഇന്‍കൊവാകിന്‍റെ(iNCOVACC)വിലയ്‌ക്ക് കേന്ദ്ര സര്‍ക്കാറിന്‍റെ അംഗീകാരം. സ്വകാര്യ ആശുപത്രിയില്‍ 800 രൂപയും സര്‍ക്കാര്‍ ആശുപത്രികളില്‍ 325 രൂപയുമായിരിക്കും ഇന്‍കൊവാകിന് ഈടാക്കുക. 18വയസിന് മുകളിലുള്ളവര്‍ക്ക് ബൂസ്റ്റര്‍ ഡോസായിട്ടായിരിക്കും ഇന്‍കൊവാക് ഉപയോഗിക്കുക.
ജനുവരി നാലാം വാരത്തിലാണ് ഇന്‍കൊവാക് ലഭ്യമാകുക. കൊവിഡ് വാക്‌സിനുകളായ കൊവിഷീല്‍ഡും കൊവാക്‌സിനും എടുത്ത 18 വയസിന് മുകളിലുള്ളവര്‍ക്ക് ഇന്‍കൊവാക് ബൂസ്റ്റര്‍ ഡോസായി എടുക്കാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. പ്രാഥമിക ഘട്ടത്തിലുള്ള ഉപയോഗത്തിനും ഹെട്ടറോലോഗസ് ബൂസ്റ്ററായുമുള്ള(heterologous booster) ഉപയോഗത്തിന് അനുമതി ലഭിക്കുന്ന ലോകത്തിലെ ആദ്യത്തെ മൂക്കിലൂടെ നല്‍കുന്ന വാക്‌സിനാണ് ഇന്‍കൊവാക്.
പ്രാഥമിക ഘട്ടത്തില്‍ നല്‍കിയ വാക്‌സിനില്‍ നിന്ന് വ്യത്യസ്‌തമായ വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസായി നല്‍കുന്നതിനെയാണ് ഹെട്ടറോലോഗസ് ബൂസ്റ്റര്‍ എന്ന് പറയുന്നത്. 18 വയസിന് മുകളിലുള്ളവര്‍ക്ക് ആദ്യത്തെ രണ്ട് ഡോസ് നല്‍കുന്നതിന് ഇന്‍കൊവാകിന് നേരത്തെ അനുമതി ലഭിച്ചിരുന്നു. ഇന്‍കൊവാകിന്‍റെ സുരക്ഷിതത്വവും രോഗപ്രതിരോധ ശേഷിയും മനസിലാക്കുന്നതിനായി മൂന്നാം ഘട്ട പരീക്ഷണത്തില്‍ രാജ്യത്തുടനീളമുള്ള 14 ട്രയല്‍ സൈറ്റുകളിലായി 3,100 പേരാണ് പങ്കെടുത്തത്. ഇന്‍കൊവാക് ലഭ്യമാകുന്ന സാഹചര്യത്തില്‍ കൊവിന്‍ പ്ലാറ്റ്‌ഫോമില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തും.
കൊവിഡ് സാഹചര്യം വിലയിരുത്തുന്നതിനായി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ വിളിച്ച സംസ്ഥാന ആരോഗ്യമന്ത്രിമാരുടെ ഓണ്‍ലൈന്‍ യോഗം പുരോഗമിക്കുകയാണ്. ഇന്ന് ഉച്ചയ്‌ക്ക് മൂന്ന് മണിക്കാണ് യോഗം ആരംഭിച്ചത്. കൊവിഡ് സാഹചര്യത്തെ അഭിമൂഖീകരിക്കുന്നതിന് രാജ്യത്തെ ആരോഗ്യ സംവിധാനങ്ങളുടെ ശേഷി വിലയിരുത്തുന്നതിനായി ഇന്നലെ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്നിരുന്നു. ജനിതക ശ്രേണീകരണവും പരിശോധനകളും വര്‍ധിപ്പിച്ച് കൊണ്ട് കൊവിഡ് നിരീക്ഷണം വര്‍ധിപ്പിക്കാന്‍ യോഗത്തില്‍ തീരുമാനമായി.