ന്യൂഡല്‍ഹി: കൊവിഡ് ബൂസ്‌റ്റര്‍ ഡോസിന്‍റെ മൂന്നാംഘട്ട പരീക്ഷണത്തിന് അനുമതി നല്‍കി ഡ്രഗ് കണ്‍ട്രോള്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ). ഭാരത് ബയോടെക്കിന്‍റെ കൊവിഡ് ബൂസ്റ്റര്‍ ഇന്‍ട്രാ നാസല്‍ വാക്‌സിന്‍റെ തുടര്‍ പരീക്ഷണത്തിനാണ് അനുമതി ലഭിച്ചത്. ഡിസിജിഐയുടെ വിദഗ്‌ധ സമിതിയാണ് അനുമതി നല്‍കിയത്.
കൊവിഡ് സാഹചര്യം മുന്‍നിര്‍ത്തി ഫേസ് 3 സുപ്പീരിയോറിറ്റി പഠനവും ഫേസ് 3 ബൂസ്റ്റർ ഡോസ് പഠനവും സമാന്തരമായി നടത്താൻ ഭാരത് ബയോടെക്കിന് അനുമതി നല്‍കിയെന്ന് വിദഗ്‌ധ സമിതി വ്യക്തമാക്കി. പരീക്ഷണത്തിനായുള്ള പുതുക്കിയ മാനദണ്ഡം സമര്‍പ്പിക്കാന്‍ ഹൈദരാബാദ് ആസ്ഥാനമായുള്ള വാക്‌സിന്‍ നിര്‍മാണ കമ്പനിയോട് സമിതി ആവശ്യപ്പെട്ടു.
5,000 പേരിലാണ് ഭാരത് ബയോടെക്ക് ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്തുന്നത്. ഇതില്‍ 50 ശതമാനം പേർക്ക് കൊവിഷീൽഡ് ലഭിച്ചു. ബാക്കി 50 ശതമാനം പേർക്ക് കൊവാക്‌സിന്‍ കുത്തിവയ്പ്പ് നൽകിയിട്ടുണ്ട്.രണ്ട് ഡോസുകളും ലഭിച്ച് 6 മാസത്തിന് ശേഷം ബൂസ്റ്റർ ഡോസ് നല്‍കാനാണ് ഭാരത് ബയോടെക്ക് സമർപ്പിച്ച റിപ്പോർട്ടിൽ ശിപാർശ ചെയ്‌തിരിക്കുന്നത്.
മൂക്കിലൂടെ വാക്‌സിന്‍ നല്‍കാനാകുന്ന ഇന്‍ട്രാ നാസല്‍ വാക്‌സിന്‍റെ ക്ലീനിക്കല്‍ പരീക്ഷണത്തിന് അനുമതി ലഭിക്കുന്നതിനായി ഡിസംബർ പകുതിയോടെയാണ് കമ്പനി ഡിസിജിഐ സമീപിച്ചത്.
Also read: കൊവിഡില്‍ പുതിയ ആശങ്ക, 'ഇഹു' ഫ്രാൻസില്‍ സ്ഥിരീകരിച്ചു; കൂടുതല്‍ വ്യാപന ശേഷി