ന്യൂഡല്‍ഹി: രാജ്യത്ത് കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്‌ത ഭാരത് ബന്ദിന്‍റെ പശ്ചാത്തലത്തില്‍ ഡൽഹി-ഗുരുഗ്രാം അതിര്‍ത്തിയില്‍ വന്‍ ഗതാഗതക്കുരുക്ക്. ഡല്‍ഹി അതിര്‍ത്തികളില്‍ പൊലീസ് സുരക്ഷ കര്‍ശനമാക്കിയതിനെ തുടര്‍ന്നാണ് ഗതാഗത കുരുക്ക് അനുഭവപ്പെട്ടത്. ഡല്‍ഹി നോയിഡ ഡൈറക്‌ട് (ഡിഎന്‍ഡി) ഫ്ലൈവേയിലും ഗതാഗതക്കുരുക്ക് രൂക്ഷമാണ്.
ഡല്‍ഹി-ഗാസിയാബാദ്, ഡല്‍ഹി-നോയിഡ അതിര്‍ത്തികളില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഡല്‍ഹിയില്‍ ഗാസിയാബാദ്, നിസാമുദ്ദീന്‍ റോഡുകളെ ബന്ധിപ്പിക്കുന്ന ദേശീയപാത ഗാസിയാബാദ് പൊലീസ് അടച്ചു. അതിർത്തി അടച്ചതോടെ ഡൽഹി-ജയ്‌പൂര്‍ എക്‌സ്‌പ്രസ്‌വേയില്‍ വലിയ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. കേന്ദ്ര സേനയ്ക്ക് പുറമെ, ഡൽഹി പൊലീസും ഗുരുഗ്രാം പൊലീസും അതിർത്തികളില്‍ വിന്യസിച്ചിട്ടുണ്ട്.
ജയ്‌പൂരിൽ നിന്ന് ഡൽഹിയിലേക്കുള്ള രണ്ട് പാതകൾ മാത്രമാണ് തുറന്നത്. ദേശീയപാത-48 ലെ ഗതാഗതം മന്ദഗതിയിലായിരുന്നു. ഡൽഹി-ഗുരുഗ്രാം അതിർത്തിയിലും രാജോക്രി ഫ്ലൈ ഓവറിന് സമീപവും ഡൽഹി പൊലീസ് ബാരിക്കേഡുകള്‍ സ്ഥാപിച്ചതിനെ തുടര്‍ന്ന് ഗതാഗതം മന്ദഗതിയിലാണെന്ന് ഗുരുഗ്രാം ട്രാഫിക് കൺട്രോൾ റൂമിലെ ഉദ്യോഗസ്ഥർ പറഞ്ഞു.
ആയിരത്തിലധികം പൊലീസ് സേനയെ അതിര്‍ത്തികളില്‍ വിന്യസിച്ചിട്ടുണ്ടെന്ന് പൊലീസ് സൂപ്രണ്ട് അറിയിച്ചു. കര്‍ഷകരുടെ പ്രതിഷേധ വേദിയായ യുപി ഗേറ്റില്‍ പൊലീസ് ബാരിക്കേഡുകള്‍ സ്ഥാപിച്ചു. ഇവിടെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഡല്‍ഹി-ഗാസിയാബാദ് റൂട്ടിലെ ഗതാഗതവും നിരോധിച്ചു.
ഡല്‍ഹി-ഗാസിയാബാദ് റൂട്ടിലെ ആനന്ദ് വിഹാര്‍, ദില്‍ഷദ് ഗാര്‍ഡന്‍-അപ്‌സര സിനിമ, തുള്‍സി നികേതന്‍ എന്നി മൂന്ന് അതിര്‍ത്തികള്‍ തുറന്നിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ഗ്രേറ്റര്‍ നോയിഡയില്‍ നിന്ന് ലക്‌നൗ, അലിഗഡ്, മഥുര, ആഗ്ര എന്നിവിടങ്ങളിലേക്കുള്ള യമുന എക്‌സ്‌പ്രസ്‌വേ ഉള്‍പ്പെടെയുള്ള എക്‌സ്‌പ്രസ്‌വേകള്‍ തുറന്നിട്ടുണ്ട്.
ചെങ്കോട്ടയിലേക്കുള്ള പാതകള്‍ ഡല്‍ഹി ട്രാഫിക് പൊലീസ് അടച്ചു. വെസ്‌റ്റേണ്‍ ഡല്‍ഹിയിലെ തിക്രി അതിര്‍ത്തിയ്ക്ക് സമീപമുള്ള പണ്ഡിറ്റ് ശ്രീ രാം മെട്രോ സ്റ്റേഷന്‍ അടച്ചതായി ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ അറിയിച്ചു. ഹരിയാനയിലെ ഭഗ്‌പത് ഹൈവേയുമായി ബന്ധിപ്പിക്കുന്ന ഡല്‍ഹി-ഉത്തര്‍പ്രദേശ് ലോണി അതിര്‍ത്തിയില്‍ ബന്ദ് ബാധിച്ചിട്ടില്ല. രാജ്യതലസ്ഥാനത്തെ പൊതുഗതാഗതവും തടസമില്ലാതെ പ്രവര്‍ത്തിക്കുന്നുണ്ട്.
Read more: ഭാരത് ബന്ദ്; രാജ്യത്ത് റോഡ് - റെയില്‍ ഗതാഗതം സതംഭിച്ചു