ഹൈദരാബാദ് : സ്വന്തമായി ഒരു ഭവനം സ്വപ്‌നം കാണാത്തവരായി ആരും തന്നെയില്ല. സ്വന്തമായി അധ്വാനിച്ചും അതില്‍ നിന്ന് സ്വരുക്കൂട്ടിയും മനസ്സിനിണങ്ങിയ വീട് പണിയുന്നത് ഒരു ശരാശരി മനുഷ്യന്‍റെ ജീവിതത്തിലെ ഒരു പ്രധാന ഘട്ടമായി പരിഗണിക്കാം. ഈ ഭവന നിര്‍മാണത്തിനുള്ള മുഴുവന്‍ പണവും കൈയില്‍ നീക്കിയിരിപ്പുള്ളവരാവില്ല ഭൂരിഭാഗവും എന്നുള്ളതുകൊണ്ടുതന്നെ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ലഭ്യമാക്കുന്ന ഹോം ലോണുകളില്‍ പ്രതീക്ഷ വയ്‌ക്കുന്നവരാവും സിംഹഭാഗവും.
എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ നിര്‍മാണ സാമഗ്രികളുടെ ദിനേനയുള്ള വിലവര്‍ധനവും, തൊഴിലാളികള്‍ക്കായി കണ്ടിരിക്കേണ്ട തുകയും, കയറ്റിറക്ക് കൂലിയുമെല്ലാം പരിഗണിച്ച് വീട് എന്ന സ്വപ്‌നം നീട്ടിവയ്‌ക്കുന്നവരും ഏറെയാണ്. ഇതിനൊപ്പം സര്‍ക്കാര്‍ അനുമതി പരിഗണിക്കേണ്ടതായി വരുമ്പോള്‍ ഇത് വീണ്ടും നീളും. എന്നാല്‍ ഇവയ്‌ക്കെല്ലാമുപരി, ഭവന നിര്‍മാണത്തിന് വായ്‌പ സ്വീകരിക്കാന്‍ ഉചിതമായ സമയമാണോ നിലവിലുള്ളത്, എന്നതാണ് 'ഒരു വീട്' സ്വപ്‌നം കാണുന്നവരെ അലട്ടുന്ന പ്രധാന പ്രശ്‌നം.
'പലിശ നിരക്ക്' ചില്ലറക്കാര്യമല്ല : അടുത്തിടെയായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) പലിശ നിരക്ക് ഉയര്‍ത്തിയതായൊന്നും റിപ്പോര്‍ട്ടുകളില്ല. അതുകൊണ്ടുതന്നെ നിലവില്‍ വായ്‌പ എടുത്തിട്ടുള്ളവരെ സംബന്ധിച്ച് ആശ്വാസത്തിന് വകയുണ്ട്. മറ്റൊരുവശം പരിഗണിച്ചാല്‍ ഭവന വായ്‌പയ്‌ക്കായി ഇത് ഉത്തമമായ സമയമായും കരുതുന്നവരുണ്ട്. എന്നാല്‍ പലിശ നിരക്ക് വര്‍ധന പൊടുന്നനെ എത്തിയാല്‍ ഉണ്ടായേക്കാവുന്ന ബാധ്യതകളുടെ ഭാരം കൂടി പരിഗണിച്ചാല്‍ ആശയക്കുഴപ്പം വീണ്ടും തലപൊക്കും. കാരണം നിലവിലെ സാഹചര്യത്തില്‍ ഭീമമായ തുക ഭവന വായ്‌പയയായി എടുത്ത ശേഷമാണ് ആര്‍ബിഐ പുതിയ അറിയിപ്പുമായെത്തുന്നതെങ്കില്‍ ഉണ്ടാക്കാവുന്ന ക്ഷീണം വലുതാണെന്ന് തന്നെ.
വാർഷിക റീട്ടെയിൽ പണപ്പെരുപ്പം (വ്യക്തിഗത ആവശ്യങ്ങള്‍ക്കായുള്ള ചരക്കുകളുടെയും സേവനങ്ങളുടെയും) ഇക്കഴിഞ്ഞ മാര്‍ച്ചില്‍ 5.66 ശതമാനമായി കുറഞ്ഞിരുന്നു. ഇത് 15 മാസത്തെ ഏറ്റവും താഴ്ന്ന നിലയിലുമെത്തി. അതുകൊണ്ടുതന്നെ ആര്‍ബിഐ ഇത് ശക്തമായി നിരീക്ഷിച്ചുവരികയാണ്. ഇതിന്‍റെ ഭാഗമായി വരാനിരിക്കുന്ന മോണിറ്ററി പോളിസി അവലോകനത്തില്‍, പലിശ നിരക്കുകളിൽ തിരുത്തൽ നടപടികളും ഉണ്ടായേക്കാം. അതിനാല്‍ ഭവന നിര്‍മാണത്തിന് വായ്‌പയെടുക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. കാരണം ഭവന വായ്‌പകള്‍ ഫ്ലോട്ടിങ് പലിശ (അതാത് സമയത്ത് കൂടിയും കുറഞ്ഞും) ഇനത്തിലാണ് ഉള്‍പ്പെടുന്നത്. അതുകൊണ്ട് ഭവന വായ്പയ്ക്ക് മുമ്പ് കുറഞ്ഞത് രണ്ടുതവണയെങ്കിലും ഇരുത്തി ചിന്തിക്കണം.
എല്ലാം 'ഒകെ' എങ്കില്‍ വീടും 'ഓകെ': കൃത്യമായ ആസൂത്രണവും നടപ്പിലാക്കലുമുണ്ടെങ്കില്‍ ഭവന നിര്‍മാണം എന്ന സ്വപ്‌നം വൈകില്ല എന്ന് ഉറപ്പിച്ച് പറയാനാവും. എന്നാല്‍ ഇതില്‍ സാമ്പത്തിക സ്ഥിരതയും ഭദ്രതയും അല്‍പം പ്രധാനമാണ്. ഭവന വായ്‌പ പോലുള്ള ലോണുകള്‍ വാഹന ലോണുകള്‍ പോലെ എളുപ്പത്തില്‍ തിരിച്ചടവ് സാധ്യമാകുന്നതല്ല. അതുകൊണ്ടുതന്നെ പ്രതിമാസ തിരിച്ചടവുകളില്‍ തടസം വരാതെ നോക്കല്‍ ഏറെ പ്രധാനമാണ്. നിര്‍മിക്കുന്ന ഭവനത്തിന്‍റെ അല്ലെങ്കില്‍ വാങ്ങുന്ന വീടിന്‍റെ മൂല്യത്തിന്‍റെ 75 മുതല്‍ 80 ശതമാനം വരെയാണ് സാധാരണയായി വായ്‌പ ലഭിക്കുക. ഇത് കൂടാതെ സ്‌റ്റാമ്പ് ഡ്യൂട്ടി, രജിസ്‌ട്രേഷന്‍ തുടങ്ങിയ ചെലവുകളുടെ നീണ്ട നിര ബാക്കി നില്‍ക്കും. അതിനാല്‍ വസ്‌തുവിന്‍റെ മൂല്യത്തിന്‍റെ 30 മുതല്‍ 40 ശതമാനം വരെ സ്വയം വഹിക്കാന്‍ പ്രാപ്‌തമായി വേണം വായ്‌പയ്‌ക്കും നിര്‍മാണത്തിനുമായി ഇറങ്ങാന്‍. അതല്ലാത്തപക്ഷം സ്വന്തമായൊരു ഭവനം എന്ന തീരുമാനം നീട്ടിവയ്‌ക്കുന്നതാവും ഉചിതം.
'ക്രെഡിറ്റ് സ്‌കോര്‍' മുഖ്യം : നിലവില്‍ ബാങ്കുകള്‍ വായ്‌പ പലിശ നിരക്കുകളെ ക്രെഡിറ്റ് സ്‌കോറുകളുമായി ബന്ധിപ്പിക്കുന്നുണ്ട്. അതായത് വ്യക്തിയുടെ പക്കല്‍ മികച്ച ക്രെഡിറ്റ് സ്‌കോര്‍ ഉണ്ടെങ്കില്‍ നല്ലരീതിയില്‍ പലിശ ഇളവ് ലഭിക്കും. ഇത് ദീര്‍ഘകാല അടിസ്ഥാനത്തില്‍ പരിഗണിച്ചാല്‍ വലിയൊരു തുക ലാഭിക്കാനുമാവും. മറിച്ച് വായ്‌പയ്‌ക്ക് ശ്രമിക്കുന്നയാളുടെ ക്രെഡിറ്റ് സ്കോർ മോശമാണെങ്കിൽ ഉയര്‍ന്ന പലിശ നിരക്ക് നല്‍കേണ്ടതായും വരും. ഇത് ലോണ്‍ തിരിച്ചടവ് ചെലവേറിയതുമാക്കും. ഇതുപ്രകാരം ഒരു വ്യക്തിക്ക് ക്രെഡിറ്റ് സ്കോർ 750 പോയിന്‍റില്‍ കൂടുതലാണെങ്കിൽ വായ്പകൾ എളുപ്പത്തിൽ ലഭ്യമാകും. അതുകൊണ്ടുതന്നെ വായ്‌പയ്‌ക്കായി അപേക്ഷിക്കുന്നതിന് മുമ്പ് തന്നെ ക്രെഡിറ്റ് സ്കോർ നല്ല നിലയിലാണോ എന്ന് പരിശോധിക്കേണ്ടതായുണ്ട്.
ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍ : പലിശ നിരക്ക് ഉയര്‍ന്ന നിലയിലാണ് നിലവിലുള്ളത്. പണപ്പെരുപ്പം ആര്‍ബിഐയുടെ നിയന്ത്രണത്തില്‍ നിലനിര്‍ത്താന്‍ കഴിഞ്ഞാല്‍ പലിശ നിരക്ക് ഇനിയും കുറഞ്ഞേക്കാം. അതുകൊണ്ടുതന്നെ മറ്റ് ബാധ്യതകളെ ഭയമില്ലാത്ത വ്യക്തികള്‍ക്ക് 'ഭവന നിര്‍മാണത്തിന്' പലിശ നിരക്ക് കുറയുന്നത് വരെ കാത്തിരിക്കേണ്ടതായില്ല. വായ്‌പ ഫ്ളോട്ടിങ് പലിശ അടിസ്ഥാനത്തിലായതിനാല്‍, റിപ്പോ നിരക്ക് കുറയുമ്പോഴെല്ലാം ഭവന വായ്പയുടെ പലിശയും കുറയും. മാത്രമല്ല വായ്‌പ പ്രതീക്ഷിക്കുന്നയാള്‍ക്ക് സ്ഥിര വരുമാനവും, വരുമാനവും കടവും തമ്മിലുള്ള അനുപാതം കുറഞ്ഞ നിലയിലുമാണെങ്കില്‍ സബ്‌സിഡി പലിശ നിരക്കില്‍ വായ്പ ലഭിക്കാനുള്ള സാധ്യത കൂടുതലാണ്.
അതേസമയം ബാങ്ക് വായ്‌പയ്‌ക്കായി തയ്യാറെടുക്കുമ്പോള്‍ ദീർഘകാലമായി അക്കൗണ്ട് സൂക്ഷിച്ചിട്ടുള്ള ബാങ്കിൽ നിന്ന് വായ്പയെടുക്കാൻ ശ്രമിക്കുക. നിങ്ങളുടെ എല്ലാ സാമ്പത്തിക വിവരങ്ങളും അവരുടെ പക്കലുള്ളതിനാല്‍ തന്നെ, ഇത് വായ്പയെടുക്കുമ്പോൾ വളരെയധികം സഹായകമാവും. പ്രശ്‌നങ്ങളില്ലാതെ തുടർച്ചയായി തവണകൾ അടയ്‌ക്കുമെന്ന് ഉറപ്പുണ്ടെങ്കില്‍ മറിച്ചൊന്നും ചിന്തിക്കാതെ 10-20 വർഷ കാലയളവുള്ള ഭവന വായ്പ എടുക്കുന്നതാവും നല്ല തീരുമാനം. അല്ലാതെ ദിനേന കുതിച്ചുയരുന്ന റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ പ്രതീക്ഷ വച്ച് വീട് വാങ്ങാൻ കാത്തിരിക്കേണ്ടതില്ല.