ബെംഗളൂരു : രക്ഷിതാക്കളുടെ വഴക്കിൽ നിന്ന് രക്ഷപ്പെടാൻ ഒൻപത് വയസുകാരി പറഞ്ഞ കള്ളത്തിൽ പണി കിട്ടിയത് ഫുഡ് ഡെലിവറി ജീവനക്കാരന്. ബെംഗളൂരുവിലെ ഇലക്‌ട്രോണിക് സിറ്റിയിലെ അപ്പാർട്ട്‌മെന്‍റിലാണ് സംഭവമുണ്ടായത്. അപ്പാർട്ട്‌മെന്‍റിന്‍റെ ടെറസിൽ പോയി കളിച്ചത് രക്ഷിതാക്കൾ ചോദ്യം ചെയ്‌തതോടെ കുട്ടി ഭക്ഷണ വിതരണത്തിനെത്തിയ ആൾ തന്നെ ടെറസിലേക്ക് ബലമായി കൊണ്ടുപോയെന്ന് കളവ് പറയുകയായിരുന്നു.
അപ്പാർട്ട്‌മെന്‍റിന്‍റെ ടെറസിൽ പോകുന്നതിൽ നിന്ന് പെണ്‍കുട്ടിയെ മാതാപിതാക്കൾ വിലക്കിയിരുന്നു. സംഭവ ദിവസം പെണ്‍കുട്ടിയുടെ ഇളയ സഹോദരനെ സ്‌കൂളിൽ ചേർക്കുന്നതിനായി മാതാപിതാക്കൾ പോയി. ഈ സമയം പെണ്‍കുട്ടി വീട്ടിൽ തനിച്ചായിരുന്നു. ഇതിനിടെ കുട്ടി കളിക്കുന്നതിനായി ടെറസിലേക്ക് പോയി. കുറച്ച് സമയത്തിന് ശേഷം മാതാപിതാക്കൾ വീട്ടിലെത്തിയപ്പോൾ കുട്ടി റൂമിൽ ഇല്ല എന്ന കാര്യം ശ്രദ്ധയിൽ പെട്ടു.
അടുത്തുള്ള ഫ്ലാറ്റിലെല്ലാം അന്വേഷിച്ചെങ്കിലും മകളെക്കുറിച്ച് അവർക്ക് വിവരമൊന്നും ലഭിച്ചില്ല. തുടർന്ന് അരമണിക്കൂറോളം നടത്തിയ തെരച്ചിലിനൊടുവിൽ അപ്പാർട്ട്‌മെന്‍റിന്‍റെ ടെറസിൽ നിന്ന് കുട്ടിയെ കണ്ടെത്തുകയായിരുന്നു. തുടർന്ന് മാതാപിതാക്കൾ ഇത് ചോദ്യം ചെയ്‌തതോടെ വഴക്കിൽ നിന്ന് രക്ഷ നേടുന്നതിനായി ഡെലിവറി ബോയ് തന്നെ ബലമായി ടെറസിലേക്ക് കൊണ്ട് പോയി എന്ന് കളവ് പറയുകയായിരുന്നു.
പെണ്‍കുട്ടിയുടെ മൊഴിയെ തുടർന്ന് രക്ഷിതാക്കൾ അപ്പാർട്ട്മെന്‍റ് സെക്യൂരിറ്റി ജീവനക്കാരനോട് കാര്യം തിരക്കുകയും അവിടെയുണ്ടായിരുന്ന ഡെലിവറി ബോയിയെ തടഞ്ഞ് നിർത്തുകയും ചെയ്‌തു. ഇതിനിടെ കള്ളം പിടിക്കപ്പെടാതിരിക്കാനായി ഇയാൾ തന്നെയാണ് തന്നെ ടെറസിലേക്ക് കൊണ്ടുപോയതെന്ന് പെണ്‍കുട്ടിയും ഉറപ്പിച്ച് പറഞ്ഞു. തുടർന്ന് അപ്പാർട്ട്മെന്‍റിലെ താമസക്കാരെല്ലാം ചേർന്ന് ഡെലിവറി ബോയിയെ ക്രൂരമായി മർദിക്കുകയും പൊലീസിൽ ഏൽപ്പിക്കുകയുമായിരുന്നു.
രക്ഷയായത് സിസിടിവി : തുടർന്ന് പൊലീസ് ഇയാളെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി ചോദ്യം ചെയ്‌തു. എന്നാൽ ഇയാൾ തന്‍റെ നിരപരാധിത്വം ഏറ്റ് പറഞ്ഞുകൊണ്ടിരുന്നു. പിന്നാലെ പൊലീസ് അപ്പാർട്ട്മെന്‍റിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ തീരുമാനിച്ചു. സിസിടിവിയിൽ നിന്ന് കുട്ടി ഒറ്റയ്‌ക്ക് ടെറസിലേക്ക് പോകുന്ന ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. ഇതോടെ കുട്ടി പറഞ്ഞത് കളവാണെന്ന് പൊലീസിന് ബോധ്യമാകുകയായിരുന്നു.
പിന്നാലെ പൊലീസ് ഇക്കാര്യം കുട്ടിയുടെ മാതാപിതാക്കളെ അറിയിച്ചു. തുടർന്ന് അവർ ചോദ്യം ചെയ്‌തതോടെയാണ് താൻ പറഞ്ഞത് കളവാണെന്നും ഒറ്റയ്‌ക്കാണ് ടെറസിലേക്ക് പോയതെന്നും പെണ്‍കുട്ടി സമ്മതിച്ചത്. ടെറസിൽ പോയത് അറിഞ്ഞാൽ രക്ഷിതാക്കൾ ശകാരിക്കുമെന്ന ഭയത്താലാണ് കളവ് പറഞ്ഞതെന്നും പെണ്‍കുട്ടി വ്യക്തമാക്കി.
പരാതി നൽകാതെ യുവാവ് : തന്നെ മർദിച്ചവർക്കെതിരെ ഡെലിവറി ബോയ് പൊലീസിൽ പരാതി നൽകിയിട്ടില്ല. വ്യക്‌തിപരമായ കാരണങ്ങളാൽ ബെംഗളൂരുവിൽ നിന്ന് സ്വദേശത്തേക്ക് മടങ്ങിപ്പോകുന്നതായും ഇയാൾ അറിയിച്ചിട്ടുണ്ട്. അതേസമയം ആർക്കെങ്കിലും എതിരെ ആരോപണം ഉയർന്നാൽ അവരെ തല്ലുന്നതിന് പകരം പൊലീസിൽ അറിയിച്ച് അതിന്‍റെ അന്വേഷണം നടക്കുന്നത് വരെ ക്ഷമയോടെ കാത്തിരിക്കാൻ കുട്ടിയുടെ മാതാപിതാക്കളോടും അപ്പാർട്ട്മെന്‍റിലെ മറ്റ് താമസക്കാരോടും ഉപദേശിച്ചതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.