ബെംഗളൂരു : മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള മത്സരാർഥിയെന്ന അഭ്യൂഹങ്ങൾ തള്ളി കർണാടക കൃഷി മന്ത്രി ബി.സി പാട്ടീൽ. അതിന് മാത്രം താൻ വലിയ ആളല്ലെന്നും കഴിവിനനുസരിച്ച് നൽകിയിട്ടുള്ള ഉത്തരവാദിത്തങ്ങൾ നിറവേറ്റാൻ ശ്രമിക്കുമെന്നും പാട്ടീൽ പറഞ്ഞു.
കൊവിഡ്, പ്രളയം തുടങ്ങി നിരവധി പ്രതിസന്ധികൾ ഉണ്ടായിട്ടും രണ്ട് വർഷം കൊണ്ട് നിരവധി നേട്ടങ്ങൾ കൈവരിക്കാൻ സർക്കാരിന് കഴിഞ്ഞെന്നും യെദ്യൂരപ്പ സംസ്ഥാനത്തിന് വേണ്ടി വളരെയധികം സംഭാവനകൾ നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചർച്ചകൾക്കൊടുവിൽ രാജി
നീണ്ട ചർച്ചകൾക്കും പ്രതിഷേധങ്ങൾക്കുമൊടുവിൽ തിങ്കളാഴ്ചയാണ് മുഖ്യമന്ത്രി യെദ്യൂരപ്പ രാജി സന്നദ്ധത അറിയിച്ചത്. സർക്കാരിന്‍റെ രണ്ട് വർഷം തികയുന്ന വേളയിൽ വിധാൻ സൗധയിലെ ചടങ്ങിലായിരുന്നു പ്രഖ്യാപനം.
തുടർന്ന് മുഖ്യമന്ത്രി ഗവർണറെ കണ്ട് രാജിക്കത്ത് കൈമാറി. അതേസമയം, സ്ഥാനത്തേക്ക് സംസ്ഥാനത്ത് പാർട്ടിയിലെ നിരവധി നേതാക്കളുടെ പേര് ഉയർന്നുവരുന്നുണ്ട്.
യെദ്യൂരപ്പയ്‌ക്കെതിരെ പാർട്ടി എംഎൽഎമാർ
കഴിഞ്ഞ മാസം ചില പാർട്ടി എംഎൽഎമാർ യെദ്യൂരപ്പയുടെ രാജി ആവശ്യപ്പെട്ട് രംഗത്ത് വന്നിരുന്നു. യെദ്യൂരപ്പക്ക് പകരം അദ്ദേഹത്തിന്‍റെ മകനാണ് ഭരിക്കുന്നതെന്നും മന്ത്രിമാരെ നിയന്ത്രിക്കുന്നതെന്നും ടൂറിസം മന്ത്രി സി.പി യോഗേശ്വര ആരോപിച്ചിരുന്നു.
സംസ്ഥാനത്തിന്‍റെ ചുമതലയുള്ള പാർട്ടിയുടെ ദേശീയ സെക്രട്ടറി അരുൺ സിങ്ങിനെ സന്ദർശിച്ച 80 ശതമാനം പാർട്ടി നിയമസഭാംഗങ്ങളും നേതൃമാറ്റം വരണമെന്ന് അറിയിച്ചതായി ലെജിസ്ലേറ്റീവ് കൗൺസിൽ അംഗം എ.എച്ച് വിശ്വനാഥ് പറഞ്ഞു.
എന്നാൽ എല്ലാ ആരോപണങ്ങളും നിഷേധിച്ച യെദ്യൂരപ്പ, പാർട്ടി അംഗങ്ങൾക്കിടയിലെ ആശയക്കുഴപ്പം ഇല്ലാതാക്കണമെന്നും ഹൈക്കമാൻഡ് ആവശ്യപ്പെട്ടാൽ പദവി ഒഴിയാന്‍ സന്നദ്ധനാണെന്നും വിശദീകരിക്കുകയുമായിരുന്നു.
Also Read: ബിഎസ് യെദ്യൂരപ്പ രാജിവച്ചു; വികാരാധീനനായി പ്രഖ്യാപനം