ന്യൂഡൽഹി: ബിബിസിയുടെ ഡൽഹി, മുംബൈ ഓഫിസുകളിൽ ആദായ നികുതി വകുപ്പിന്‍റെ പരിശോധനയിൽ ജീവനക്കാരുടെ മൊബൈലും, കമ്പ്യൂട്ടറുകളും പിടിച്ചെടുത്തു. ഡൽഹിയിലെ കെജി മാർഗിൽ സ്ഥിതി ചെയ്യുന്ന ഓഫിസിലും, മുംബൈയിലെ കലിന സാന്താക്രൂസിലെയും ഓഫിസിലും ഇന്ന് രാവിലെ 11.30 ഓടെയാണ് റെയ്‌ഡ് ആരംഭിച്ചത്.
റെയ്‌ഡിന് പിന്നാലെ ഓഫിസിലുണ്ടായിരുന്ന എല്ലാ ജീവനക്കാരുടെയും മൊബൈൽ ഫോണുകൾ സംഘം പിടിച്ചെടുത്തിട്ടുണ്ട്. ഓഫിസുകളിലെ ധനകാര്യ വിഭാഗത്തിൽ ചില അക്കൗണ്ട് രേഖകളുടെ പരിശോധന ഉദ്യോഗസ്ഥർ നടത്തുന്നുണ്ടെന്നാണ് വിവരം. കൂടാതെ അക്കൗണ്ട്‌സ് ആൻഡ് ഫിനാൻസ് വിഭാഗത്തിൽ സൂക്ഷിച്ചിരുന്ന കമ്പ്യൂട്ടറുകളുടെ ഡാറ്റയും സംഘം എടുത്തിട്ടുണ്ട്.
പിടിച്ചെടുത്ത ഫോണുകളിൽ നിന്നും കമ്പ്യൂട്ടറുകളിൽ നിന്നും വിവരങ്ങൾ ശേഖരിച്ച ശേഷം അവ ഉടമകൾക്ക് തിരികെ നൽകുമെന്ന് ഇവർ അറിയിച്ചതായാണ് വിവരം. എന്നാൽ ഇത് റെയ്‌ഡല്ലെന്നും വെറും പരിശോധന മാത്രമാണെന്നുമാണ് ഉദ്യോഗസ്ഥർ അറിയിച്ചിരിക്കുന്നത്. നികുതി ക്രമക്കേടുകളെക്കുറിച്ച് പരാതി ഉയർന്ന സാഹചര്യത്തിലാണ് പരിശോധന എന്നാണ് ആദായ നികുതി വകുപ്പിന്‍റെ വിശദീകരണം.
അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള ഡോക്യുമെന്‍ററി ബിബിസി പുറത്തിറക്കി ആഴ്‌ചകൾ പിന്നിട്ടതിന് പിന്നാലെയുള്ള ഈ റെയ്‌ഡിനെ പ്രതിപക്ഷം രാഷ്‌ട്രീയ ആയുധമാക്കി മാറ്റുകയാണ്. സംഭവത്തിൽ കേന്ദ്ര സർക്കാരിനെ പരിഹസിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി.
ALSO READ: ബിബിസി ഓഫീസുകളില്‍ ഇൻകംടാക്‌സ് റെയ്‌ഡ്, വിമർശനവുമായി കോൺഗ്രസ്
അദാനി-ഹിൻഡൻബർഗ് വിഷയം അന്വേഷിക്കാൻ സംയുക്ത പാർലമെന്‍ററി സമിതിയെ നിയോഗിക്കണമെന്ന പ്രതിപക്ഷ ആവശ്യം അംഗീകരിക്കുന്നതിന് പകരം സർക്കാർ ബിബിസിക്ക് പിന്നാലെയാണെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു. 'ബിബിസി ഓഫിസുകളിൽ ആദായ നികുതി വകുപ്പ് റെയ്‌ഡ് നടത്തിയതായി റിപ്പോർട്ടുകൾ കണ്ടു. ശരിക്കും അപ്രതീക്ഷിതം തന്നെ', എന്നായിരുന്നു തൃണമൂൽ കോണ്‍ഗ്രസ് എംപി മഹുവ മൊയ്‌ത്രയുടെ പരിഹാസരൂപേണയുള്ള ട്വീറ്റ്.