ന്യൂഡൽഹി: കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധിയെ 'വിഷകന്യക' എന്നുവിളിച്ച് അധിക്ഷേപിച്ചതിനെതിരെ എഐസിസി നേതൃത്വം രംഗത്ത്. അധിക്ഷേപ പരാമര്‍ശം നടത്തിയ കര്‍ണാടക ബിജെപി എംഎല്‍എ ബസൻഗൗഡ പാട്ടീൽ യത്നാലിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണമെന്ന് കോൺഗ്രസ് വെള്ളിയാഴ്‌ച ആവശ്യപ്പെട്ടു. കർണാടകയിലെ ബിജെപി നേതാക്കൾക്ക് മാനസികനില തെറ്റിയതായി വിഷയത്തില്‍ പ്രതികരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രൺദീപ് സുർജേവാല പറഞ്ഞു.
ALSO READ | പ്രധാനമന്ത്രി വിഷപ്പാമ്പെന്ന് മല്ലികാർജുൻ ഖാർഗെ; വിവാദമായതോടെ തിരുത്തുമായി കോൺഗ്രസ് അധ്യക്ഷൻ
'കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനം ഏതുവിധേനയും പിടിക്കാന്‍ നോക്കുന്ന ബിജെപി, വന്‍ നിരാശയിലാണ്. വൃത്തികെട്ട മാനസികാവസ്ഥയില്‍ നിന്നുള്ളതാണ് ഈ പരാമര്‍ശം. ഇത് കോൺഗ്രസ് നേതൃത്വത്തെ അപമാനിക്കുന്നതാണ്. ബിജെപിക്ക് ഔചിത്യബോധവും മാനസിക നിലയും മര്യാദയും നഷ്‌ടപ്പെട്ട സ്ഥിതിയാണ്' - രൺദീപ് സുർജേവാല പറഞ്ഞു.
'നെഹ്‌റു കുടുംബത്തെ അധിക്ഷേപിക്കുന്നത് തൊഴിലാക്കിയവര്‍': പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉപദേശവും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ പിന്തുണയുമനുസരിച്ചാണ് ഈ വിളി. ബിജെപി നേതാവും മോദിജിയുടെ പ്രിയങ്കരനുമായ ബസൻഗൗഡ, സോണിയ ഗാന്ധിയെ വിഷകന്യകയെന്നും ചൈനയുടെയും പാകിസ്ഥാന്‍റേയും ഏജന്‍റെന്നും വിളിച്ച് തരംതാഴ്‌ത്തുകയാണ് ചെയ്‌തത്. മോദിയുടെയും ബൊമ്മൈയുടെയും നേതൃത്വത്തില്‍ നടക്കുന്ന മോശമായ അധിക്ഷേപ പരാമര്‍ശമാണിത്.
ബിജെപി നേതൃത്വവും പ്രധാനമന്ത്രിയും നെഹ്‌റു കുടുംബത്തെ അധിക്ഷേപിക്കുന്നത് തൊഴിലാക്കിയിരിക്കുകയായാണ്. പ്രധാനമന്ത്രി മോദി തന്നെ മുന്‍പ് സോണിയയെ കോൺഗ്രസിന്‍റെ വിധവ എന്നുവിളിച്ച് അധിക്ഷേപിച്ചിട്ടുണ്ടെന്നും കർണാടക ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി മാധ്യമങ്ങളോട് പറഞ്ഞു.
മോദി വിഷപ്പാമ്പെന്ന് ഖാര്‍ഗെ, പിന്നാലെ തിരുത്ത്: പ്രധാനമന്ത്രി നരേന്ദ്രമോദി വിഷപ്പാമ്പാണെന്ന പരാമര്‍ശവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ഏപ്രില്‍ 27ന് കർണാടകയില്‍ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് മോദിക്കെതിരായ ഖാർഗെയുടെ വിവാദ പരാമര്‍ശം. പ്രധാനമന്ത്രി മോദിയെ പേരെടുത്ത് വിളിച്ച് നടത്തിയ പ്രസംഗം വലിയ വിവാദങ്ങൾക്ക് വഴിവച്ചതോടെ അദ്ദേഹം പിന്നീട് പരാമര്‍ശം തിരുത്തി.
മോദി ഒരു വിഷപ്പാമ്പിനെപ്പോലെ ആണെന്നും ആളുകൾ ഈ പാമ്പിനെ നക്കിയാൽ അവർ മരിക്കുമെന്നുമാണ് ഖാർഗെ തന്‍റെ പ്രസംഗത്തിൽ പറഞ്ഞത്. തെരഞ്ഞെടുപ്പ് നടക്കുന്ന കർണാടകയിലെ തന്‍റെ മണ്ഡലമായ കൽബുർഗിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാൽ, പ്രസ്‌താവന വിവാദമായതോടെ തന്‍റെ അഭിപ്രായം പ്രധാനമന്ത്രിയെ വ്യക്തിപരമായി ഉദ്ദേശിച്ചല്ലെന്നും ബിജെപിയെ മൊത്തത്തിൽ ഉദ്ദേശിച്ചുള്ളതാണെന്ന തിരുത്തലുമായി കോൺഗ്രസ് അധ്യക്ഷൻ രംഗത്തെത്തി.
ALSO READ | 'കോണ്‍ഗ്രസ് വിജയിച്ചാല്‍ കലാപങ്ങളുണ്ടാകും'; അമിത് ഷായുടെ പ്രസ്‌താവനക്കെതിരെ പരാതിയുമായി കോണ്‍ഗ്രസ്
'ഇത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഉദ്ദേശിച്ചല്ല, ഞാൻ ഉദ്ദേശിച്ചത് ബിജെപിയുടെ പ്രത്യയശാസ്‌ത്രം വിഷപ്പാമ്പിനെപ്പോലെയാണ് എന്നാണ്. ഞാൻ ഒരിക്കലും പ്രധാനമന്ത്രി മോദിക്ക് നേരെ വ്യക്തിപരമായ അധിക്ഷേപം നടത്തിയിട്ടില്ല. അവരുടെ പ്രത്യയശാസ്‌ത്രം പാമ്പിനെപ്പോലെയാണെന്ന് ഞാൻ പറഞ്ഞിട്ടുണ്ട്. നിങ്ങൾ അതിനെ തൊടാൻ ശ്രമിച്ചാൽ മരണം ഉറപ്പാണ്,' - ഖാർഗെ വ്യക്തമാക്കി.