സിലിഗുരി (പശ്ചിമ ബംഗാള്‍): കാമുകനെ തെരഞ്ഞ് അതിര്‍ത്തി കടന്നെത്തിയ ബംഗ്ലാദേശ് യുവതി പൊലീസ് പിടിയില്‍. സമൂഹമാധ്യമങ്ങള്‍ വഴി ഇന്ത്യയിലുള്ള ഒരു യുവാവുമായി പ്രണയത്തിലായതിനെ തുടര്‍ന്ന് ഒരുമിച്ച് ജീവിക്കാനായാണ് സപാല അക്‌തര്‍ എന്ന യുവതി അനധികൃതമായി ഇന്ത്യയിലേക്ക് എത്തിയത്. സിലിഗുരി ജങ്‌ഷന് സമീപത്ത് അലഞ്ഞുതിരിയുകയായിരുന്ന സപാലയെ കണ്ട് സംശയം തോന്നിയ പ്രദേശവാസികളാണ് ഇവരെ പൊലീസ് സ്‌റ്റേഷനിലെത്തിക്കുന്നത്. അതേസമയം സപാല പ്രണയത്തിലാണെന്ന് പറയുന്ന ഇന്ത്യന്‍ വംശജനായ യുവാവിനെ ഇപ്പോഴും തിരിച്ചറിയാനായിട്ടില്ല.
ഇന്ത്യയിലേക്ക് ഇങ്ങനെ: ബംഗ്ലാദേശിലെ ജെസ്സോര്‍ ജില്ല സ്വദേശിയാണ് സപാല അക്‌തര്‍. സമൂഹമാധ്യമങ്ങള്‍ വഴി സപാല ഇന്ത്യയില്‍ നിന്നുള്ള ഒരു യുവാവുമായി അടുപ്പത്തിലായി. ഈ അടുപ്പം പ്രണയത്തിലേക്ക് നീങ്ങിയതോടെ ഇരുവരും ഒരുമിച്ച് ജീവിക്കാമെന്ന തീരുമാനത്തിലുമെത്തി. അങ്ങനെയാണ് ഏതാണ്ട് രണ്ടര മാസം മുമ്പ് സപാല തന്‍റെ പ്രിയതമനെ തേടി ഇന്ത്യയിലേക്ക് വരാൻ തീരുമാനിക്കുന്നത്. ഇന്ത്യയിലേക്ക് വരുന്നതിന് നിയമ തടസങ്ങള്‍ ഏറെയുണ്ടെന്ന് മനസിലാക്കിയ ഇവര്‍ അനധികൃതമായി ഇന്ത്യയിലെത്തുകയായിരുന്നു. തുടര്‍ന്ന് കാമുകനെ കണ്ടെത്തി ഇരുവരും പ്രധാന്‍ നഗർ പൊലീസ് സ്‌റ്റേഷൻ പരിധിയിൽ ദിവസങ്ങളോളം ചെലവഴിച്ചു.
ഇതിനിടെ ഉപജീവനത്തിനായി യുവതി ഒരു ബ്യൂട്ടി പാര്‍ലറില്‍ ജോലിക്ക് കയറി. അങ്ങനെയിരിക്കെയാണ് തന്നെ നേപ്പാളിലെത്തിച്ച് വില്‍പ്പന നടത്താൻ കാമുകന്‍ പദ്ധതിയിടുന്നതായി യുവതി മനസിലാക്കുന്നത്. ഇതോടെ ഇയാളില്‍ നിന്നും രക്ഷപ്പെടാനായി സപാല താമസസ്ഥലം വിട്ട് സിലിഗുരിയിലെത്തി. സിലിഗുരി ജങ്‌ഷനില്‍ അലഞ്ഞുതിരിഞ്ഞു നടക്കുകയായിരുന്ന സപാലയെ കണ്ട് സംശയം തോന്നിയ പ്രദേശവാസികൾ ഇവരിൽ നിന്ന് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. ബംഗ്ലാദേശ് സ്വദേശിയാണെന്ന് മനസിലാക്കിയതോടെ ഒരു സന്നദ്ധ സംഘടനയുടെ നേതൃത്വത്തില്‍ സപാലയെ ഇവര്‍ പ്രധാന്‍ നഗര്‍ പൊലീസ് സ്‌റ്റേഷനിലെത്തിച്ചു.
അറസ്‌റ്റും അന്വേഷണവും: അനധികൃതമായി ഇന്ത്യയിലേക്ക് കടന്നുകയറിയതിന് പൊലീസ് സപാലയ്‌ക്കെതിരെ കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. തുടര്‍ന്ന് സിലിഗുരി കോടതിയില്‍ ഹാജരാക്കുകയും ചെയ്‌തു. കോടതി സപാലയുടെ ജാമ്യാപേക്ഷ തള്ളുകയും റിമാന്‍ഡ് ചെയ്യുകയും ചെയ്‌തു. ഇതോടെ പൊലീസ് അന്വേഷണവും ഊര്‍ജിതമാക്കി. യുവതി എങ്ങനെയാണ് ഇന്ത്യ-ബംഗ്ലാദേശ് അതിർത്തി കടന്നതെന്ന് അന്വേഷിച്ച് വരികയാണെന്നും വിഷയത്തിൽ ബിഎസ്എഫുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും സിലിഗുരി പൊലീസ് കമ്മിഷണർ അഖിലേഷ് ചതുർവേദി അറിയിച്ചു.
ഒരു ഇന്ത്യ-പാക് പ്രണയകഥ: പ്രണയത്തിനായി രാജ്യം വിട്ട് ഇന്ത്യയിലെത്തിയ പാകിസ്‌താനി വനിത സീമ ഗുലാം ഹൈദര്‍ ജാമ്യം ലഭിച്ചതോടെ കഴിഞ്ഞ ദിവസം ഭര്‍ത്താവിന്‍റെ വീട്ടിലേക്ക് മടങ്ങിയിരുന്നു. ന്യൂഡല്‍ഹി സ്വദേശിയായ സച്ചിനുമായി പ്രണയത്തിലായതിനെ തുടര്‍ന്നാണ് സീമ ഇന്ത്യയിലേക്കെത്തുന്നത്. തുടര്‍ന്ന് അറസ്റ്റിലാവുകയും ജാമ്യം ലഭിക്കുകയും ചെയ്‌തതോടെ ഇവര്‍ ഗ്രേറ്റർ നോയിഡയിലെ റബുപുരയിലുള്ള സച്ചിന്‍റെ വീട്ടിലേക്ക് മാറുകയായിരുന്നു.
നാല് കുട്ടികള്‍ക്ക് ജന്മം നല്‍കിയ ശേഷം ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ കറാച്ചി സ്വദേശിയായ സീമ ഗുലാം ഹൈദര്‍ ഓണ്‍ലൈന്‍ ഗെയിമായ പബ്‌ജി വഴിയാണ് ഇന്ത്യന്‍ വംശജനായ സച്ചിനുമായി പ്രണയത്തിലാവുന്നതും തുടര്‍ന്ന് ഇന്ത്യയിലെത്തുന്നതും. എന്നാല്‍ സീമ ഹൈദര്‍ മടങ്ങിയില്ലെങ്കില്‍ 26/11ന് (2008ലെ മുംബൈ ഭീകരാക്രമണം) സമാനമായ ആക്രമണം നടത്തുമെന്ന് മുംബൈ പൊലീസിന് ഭീഷണി ഫോണ്‍ കോള്‍ എത്തിയിരുന്നു. മുംബൈ ട്രാഫിക് പൊലീസിന്‍റെ കൺട്രോൾ റൂമിലേക്ക് വിളിച്ചാണ് അജ്ഞാതൻ ആക്രമണം നടത്തുമെന്ന് ഭീഷണി ഉയര്‍ത്തിയത്. സംഭവത്തില്‍ മുംബൈ പൊലീസും ക്രൈംബ്രാഞ്ചും ചേര്‍ന്ന് അന്വേഷണം നടത്തിവരികയാണ്.