ബെംഗളൂരു : രാജ്യത്തെ തന്ത്രപ്രധാന പ്രതിരോധ വിവരങ്ങൾ ഇതര രാഷ്‌ട്രത്തിന് കൈമാറുന്ന സംഘാംഗം പിടിയില്‍. വയനാട് സ്വദേശി ഷറഫുദ്ദീനാണ് അറസ്റ്റിലായത്. കർണാടക പൊലീസും സൈന്യത്തിന്‍റെ രഹസ്യാന്വേഷണ വിഭാഗവും സംയുക്തമായാണ് അന്വേഷണം നടത്തിയത്.
ഇന്ത്യൻ സായുധ സേനയെക്കുറിച്ചുള്ള പ്രധാനപ്പെട്ട വിവരങ്ങൾ തേടി പാകിസ്ഥാൻ ഇന്‍റലിജൻസിന്‍റെ ഫോണ്‍ കോളുകൾ വന്നതായി അന്വേഷണത്തിൽ സ്ഥിരീകരിച്ചു. ഡാര്‍ക് വെബ് (നിയമവിരുദ്ധ വെബ്‌സൈറ്റുകള്‍ ഉപയോഗിക്കാനുള്ള ഒരു പ്രത്യേക ബ്രൗസര്‍) വഴിയാണ് ഇടപാടുകള്‍ നടത്തിയത്. രാജ്യാന്തര കോളുകൾ ലോക്കൽ കോളുകളാക്കി മാറ്റുന്നതിൽ പ്രതികൾ വൈദഗ്ധ്യം നേടിയിട്ടുണ്ട്.
ബെംഗളൂരുവിൽ നാലിടങ്ങളിൽ പ്രതികൾ സിം ബോക്‌സുകൾ (ആശയ വിനിമയത്തിനായി നിരവധി സിമ്മുകള്‍ ഉപയോഗിക്കാന്‍ കഴിയുന്ന ഉപകരണം) സ്ഥാപിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ഭുവനേശ്വരി നഗർ, ചിക്കസാന്ദ്ര, സിദ്ധേശ്വര ലേഔട്ട് തുടങ്ങിയ സ്ഥലങ്ങളിലാണ് റെയ്‌ഡ് നടന്നത്. പ്രതികളിൽ നിന്ന് 2,144 സിം കാർഡുകള്‍, 58 സിം ബോക്‌സുകള്‍, ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ എന്നിവ പിടിച്ചെടുത്തു.