മുംബൈ: മഹാരാഷ്‌ട്ര സര്‍ക്കാര്‍ നിരോധിച്ച ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനിയുടെ ബേബി പൗഡറിന്‍റെ സാമ്പിളുകള്‍ വീണ്ടും പരിശോധനയ്‌ക്ക് വിധേയമാക്കാന്‍ ബോംബെ ഹൈക്കോടതി ഉത്തരവിട്ടു. ബേബി പൗഡര്‍ ഉത്‌പാദിപ്പിക്കാന്‍ കമ്പനിക്ക് അനുവാദം കൊടുത്തെങ്കിലും ഉത്‌പന്നം വില്‍ക്കുന്നതും വിതരണം ചെയ്യുന്നതും നിരോധിച്ച് കൊണ്ടുള്ള മഹാരാഷ്‌ട്ര സര്‍ക്കാറിന്‍റെ ഉത്തരവ് നിലനില്‍ക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി.
ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിനെതിരെ സെപ്റ്റംബര്‍ 15നും, 20നും മഹാരാഷ്‌ട്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവുകള്‍ ചോദ്യം ചെയ്‌തുകൊണ്ട് കമ്പനി ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്യുകയായിരുന്നു. സെപ്റ്റംബര്‍ 15ന് പുറപ്പെടുവിച്ച ഉത്തരവ് കമ്പനിയുടെ മഹാരാഷ്‌ട്രയിലെ മുലന്ദിലെ ബേബി പൗഡര്‍ ഉത്‌പാദിപ്പിക്കുന്ന ഫാക്‌ടറിയുടെ ലൈസന്‍സ് റദ്ദാക്കി. സെപ്റ്റംബര്‍ 20 ന് പുറപ്പെടുവിച്ച ഉത്തരവ് കമ്പനിക്ക് ബേബി പൗഡര്‍ ഉത്‌പാദിപ്പിക്കുന്നതിനും വില്‍ക്കുന്നതിനും നിരോധനം ഏര്‍പ്പെടുത്തി.
പിഎച്ച് ലെവല്‍ കൂടുതലാണെന്ന് കണ്ടെത്തി: മഹാരാഷ്‌ട്ര എഫ്‌ഡിഎ (Food and Drug Administration) ജോയിന്‍റ് കമ്മിഷണറും ലൈസന്‍സിങ് അതോറിറ്റിയുമാണ് ഉത്തരവുകള്‍ പുറപ്പെടുവിച്ചത്. പൗഡറിലെ പിഎച്ച് ലെവല്‍ നിഷ്‌കര്‍ഷിക്കപ്പെട്ടതിനേക്കാളും കൂടുതലാണെന്ന കൊല്‍ക്കത്തയിലെ സെന്‍ഡ്രല്‍ ഡ്രഗ് ലബോറട്ടറിയുടെ പരിശോധനാ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഉത്തരവുകള്‍ പുറപ്പെടുവിച്ചത്. മൂന്ന് ദിവസത്തിനുള്ളില്‍ കമ്പനിയുടെ മുലന്ദിലെ ഫാക്‌ടറിയില്‍ നിന്ന് പൗഡറിന്‍റെ സാമ്പിളുകള്‍ ശേഖരിക്കാന്‍ എഫ്‌ഡിഎയ്‌ക്ക് ജസ്‌റ്റിസുമാരായ എസ് വി ഗംഗപുര്‍വാല, എസ് ജി ഡിഗെ എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദേശം നല്‍കി.
സാമ്പിളുകള്‍ രണ്ട് സര്‍ക്കാര്‍ ലാബുകളിലും ഒരു സ്വകാര്യ ലാബിലും പരിശോധിക്കാനും കോടതി നിര്‍ദേശം നല്‍കി. ഒരാഴ്‌ചയ്‌ക്കകം ലാബുകള്‍ പരിശോധന റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. കുറഞ്ഞത് ബേബി പൗഡര്‍ ഉത്‌പാദിപ്പിക്കാനുള്ള അനുമതിയെങ്കിലും നല്‍കണമെന്ന് കമ്പനിയുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് സ്വന്തം റിസ്‌ക്കില്‍ കമ്പനിക്ക് വേണമെങ്കില്‍ ബേബി പൗഡര്‍ ഉത്‌പാദിപ്പിക്കാം എന്ന് കോടതി പറഞ്ഞത്.
കേസില്‍ തുടര്‍വാദം നവംബര്‍ 30ന് നടക്കും. ഈ വര്‍ഷം ഫെബ്രുവരി, മാര്‍ച്ച്, സെപ്‌റ്റംബര്‍ എന്നീ മാസങ്ങളില്‍ ബേബി പൗഡറിന്‍റെ സാമ്പിളുകള്‍ ഒരു സ്വകാര്യ ലബോറട്ടറി നടത്തിയ പരിശോധനയില്‍ പിഎച്ച് ലെവല്‍ നിഷ്‌കര്‍ഷിക്കപ്പെട്ടതിന് ഉള്ളിലാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് കമ്പനി ഹര്‍ജിയില്‍ പറയുന്നു. പ്രസ്‌തുത ബേബി പൗഡര്‍ മുലന്ദിലെ ഫാക്‌ടറിയില്‍ കഴിഞ്ഞ 57 വര്‍ഷമായി ഉത്‌പാദിപ്പിച്ച് വരികയാണെന്നും ഫാക്‌ടറിയുടെ ലൈസന്‍സ് 2020ല്‍ പുതുക്കിയതാണെന്നും കമ്പനി വ്യക്തമാക്കി. ലൈസന്‍സ് റദ്ദാക്കിയത് കാരണം പ്രതിദിനം 2.5 കോടി രൂപ നഷ്‌ടമുണ്ടാകുന്നുണ്ട് എന്നും കമ്പനി പറഞ്ഞു.