ചെന്നൈ : മദ്രാസ് ഐഐടിയിലെ മൂന്നാം വർഷ ബിടെക് വിദ്യാർഥിയെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആന്ധ്രപ്രദേശ് സ്വദേശി വൈപ്പു പുഷ്‌പക് ശ്രീസായിയാണ് (20) മരിച്ചത്. ആത്മഹത്യയാണെന്നാണ് അധികൃതരുടെ വിശദീകരണം. കഴിഞ്ഞ ദിവസമാണ് സംഭവം.
ജീവനൊടുക്കാനുള്ള കാരണം വ്യക്തമല്ല. പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൽ വിദ്യാർഥിക്ക് പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നാണ് ഐഐടി അധികൃതര്‍ പറയുന്നത്. കോളജിലെ എഞ്ചിനീയറിങ് ബിരുദാനന്തര ബിരുദ വിദ്യാര്‍ഥി ജീവനൊടുക്കി ഒരു മാസം തികയുമ്പോഴാണ് ദാരുണമായ സമാന സംഭവം. ഫെബ്രുവരി 14നാണ് ഈ വിദ്യാര്‍ഥിയെ ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യ ചെയ്‌ത നിലയില്‍ കണ്ടെത്തിയത്.
ബി ടെക് വിദ്യാർഥിയുടെ ആകസ്‌മിക വിയോഗം ഏറെ വേദനാജനകമാണെന്ന് ഐഐടി ഡയറക്‌ടര്‍ കാമകോടി പ്രസ്‌താവനയില്‍ അറിയിച്ചു. കൊവിഡിന് ശേഷമുള്ള ജീവിതം വെല്ലുവിളി നിറഞ്ഞതാണെന്നും കാമ്പസിലെ വിദ്യാര്‍ഥികള്‍ ഫാക്കല്‍റ്റികള്‍ എന്നിവരുടെ ക്ഷേമം മെച്ചപ്പെടുത്താനും അത് നിലനിര്‍ത്താനും ശ്രമിച്ച് വരികയാണെന്നും ഡയറക്‌ടര്‍ വിശദീകരിച്ചു.
'കോളജില്‍ അടുത്തിടെ രൂപീകരിച്ച, വിദ്യാർഥി പ്രതിനിധികൾ ഉൾപ്പെടുന്ന സ്റ്റാൻഡിങ് ഇൻസ്റ്റിറ്റ്യൂട്ട് ഇന്‍റേണൽ എൻക്വയറി കമ്മിറ്റി ഇത്തരം സംഭവങ്ങൾ പരിശോധിക്കും. വിദ്യാർഥിയുടെ മാതാപിതാക്കളെ വിവരം അറിയിച്ചിട്ടുണ്ട്. ഈ ദൗർഭാഗ്യകരമായ നിമിഷത്തിൽ കുടുംബത്തിന്‍റെ സ്വകാര്യത മാനിക്കണമെന്ന് ഞങ്ങൾ എല്ലാവരോടും അഭ്യർഥിക്കുന്നു' - ഡയറക്‌ടര്‍ പ്രസ്‌താവനയിൽ വ്യക്തമാക്കി.
വിദ്യാര്‍ഥിയുടെ വിയോഗത്തില്‍ ഇൻസ്റ്റിറ്റ്യൂട്ട് ആത്മാർഥമായ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും മരിച്ച വിദ്യാർഥിയുടെ സുഹൃത്തുക്കൾക്കും കുടുംബത്തിനും ഒപ്പം ദുഃഖത്തിൽ ഒറ്റക്കെട്ടായി നിലകൊള്ളുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ചെന്നൈ ഐഐടിയിൽ ആറ് വർഷത്തിനിടെ പതിനൊന്നോളം വിദ്യാർഥികൾ ആത്മഹത്യ ചെയ്‌തിട്ടുണ്ടെന്നാണ് കണക്ക്. ഇത് രക്ഷിതാക്കളിൽ ഭീതി സൃഷ്‌ടിച്ചിരിക്കുകയാണ്.
അതേസമയം ഈ പ്രവണതയ്‌ക്കെതിരെ വിദ്യാർഥികളും ആവശ്യമായ നടപടികൾ സ്വീകരിച്ച് വരികയാണെന്നും ഇക്കാര്യത്തിൽ രക്ഷിതാക്കളോട് അഭിപ്രായം തേടുമെന്നും ചെന്നൈ ഐഐടി ഡയറക്‌ടര്‍ കാമകോടി വ്യക്തമാക്കി.
കോളിളക്കം സൃഷ്‌ടിച്ച് ഫാത്തിമ ലത്തീഫിന്‍റെ മരണം: ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ചെന്നൈ ഐഐടിയിലെ വിദ്യാര്‍ഥിയായിരുന്ന ഫാത്തിമ ലത്തീഫിന്‍റെ മരണം തമിഴകത്ത് ഏറെ കോളിളക്കം സൃഷ്‌ടിച്ചിരുന്നു. എം എ ഒന്നാം വര്‍ഷ ഹ്യുമാനിറ്റീസ് വിദ്യാര്‍ഥിയായിരുന്നു ഫാത്തിമ. കൊല്ലം സ്വദേശിയായ ഫാത്തിമയെയും ഹോസ്റ്റല്‍ മുറിയിലാണ് ആത്മഹത്യ ചെയ്‌ത നിലയില്‍ കണ്ടെത്തിയത്.
പ്രവേശന പരീക്ഷയില്‍ ഒന്നാം റാങ്കുകാരിയായിരുന്ന ഫാത്തിമ ഇന്‍റേണല്‍ പരീക്ഷയ്‌ക്ക് മാര്‍ക്ക് കുറഞ്ഞത് മൂലം ജീവനൊടുക്കുകയായിരുന്നുവെന്നാണ് കോളജ് അധികൃതര്‍ നല്‍കിയ വിശദീകരണം. എന്നാല്‍ തന്‍റെ മകള്‍ കോളജ് കാമ്പസിനകത്ത് മതപരമായ വിവേചനം നേരിടുന്നതായി പറഞ്ഞിരുന്നുവെന്ന് മാതാപിതാക്കള്‍ ആരോപിച്ചിരുന്നു. ഫാത്തിമ എപ്പോഴും ഒന്നാം സ്ഥാനത്തെത്തുന്നത് അധ്യാപകര്‍ക്ക് പ്രശ്‌നമായിരുന്നുവെന്നും മാതാപിക്കള്‍ അറിയിച്ചിരുന്നു.
ഫാത്തിമയുടെ മരണത്തില്‍ സമഗ്രവും ശക്തവുമായ അന്വേഷണം വേണമെന്ന് പ്രതിപക്ഷം പാര്‍ലമെന്‍റിലടക്കം ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തില്‍ മാതാപിതാക്കള്‍ കോളജ് അധികൃതര്‍ക്കെതിരെ പരാതിയും നല്‍കി. എന്നാല്‍ കോളജ് അധികൃതര്‍, മാതാപിതാക്കള്‍ ഐഐടിയെ ഇകഴ്‌ത്തിക്കാണിക്കാന്‍ ശ്രമം നടത്തുകയാണെന്ന് ആരോപിച്ച് അവര്‍ക്കെതിരെ പൊലീസില്‍ കേസ് നല്‍കുകയാണുണ്ടായത്. ഫാത്തിമയുടെ മരണത്തിന് ഉത്തരവാദി കോളജിലെ ഒരു അധ്യാപകനാണെന്ന് വ്യക്തമാക്കുന്ന രേഖകള്‍ ലഭിച്ചിട്ടുണ്ടെന്ന് ഇതിനിടെ മാതാപിതാക്കള്‍ വ്യക്തമാക്കുകയും ചെയ്‌തിരുന്നു. എന്നാല്‍ സംഭവത്തിലെ ദുരൂഹത ഇനിയും ചുരുളഴിഞ്ഞിട്ടില്ല.