ന്യൂഡൽഹി: കൊവിഡിന്‍റെ നേരിയ ലക്ഷണങ്ങൾ മാത്രമുള്ള കേസുകളിൽ കമ്പ്യൂട്ടർവത്കൃത ടോമോഗ്രാഫി സ്‌കാൻ (സിടി സ്‌കാൻ) ഒഴിവാക്കാൻ എയിംസ് ഡയറക്‌ടർ രൺദീപ് ഗുലേറിയ നിർദേശിച്ചു. കൂടാതെ രോഗബാധയുടെ ആദ്യഘട്ടത്തിൽ സ്റ്റെറോയിഡുകൾ ഉപയോഗിക്കുന്നതിനെതിരെയും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഒരു സിടി സ്‌കാൻ 300 മുതൽ 400 വരെ നെഞ്ച് എക്‌സ്-റേകൾക്ക് തുല്യമാണെന്നും ഇത് പിൽകാല ജീവിതത്തിൽ, പ്രത്യേകിച്ച് യുവാക്കളിൽ, ദോഷകരമായ വികിരണത്തിന് വിധേയമാകുന്നതിനാൽ ക്യാൻസർ വരാനുള്ള സാധ്യത വർധിപ്പിക്കുമെന്നും ഗുലേറിയ പറഞ്ഞു. കൂടാതെ സിടി സ്‌കാനിൽ കുറച്ച് പാടുകൾ കാണിക്കുമെന്നും അവ ചികിത്സയില്ലാതെ ഭേദമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിടി സ്‌കാൻ മെഷീൻ കമ്പ്യൂട്ടറുകളുടെയും എക്‌സ്-റേ മെഷീനുകളുടെയും സഹായത്തോടെ ശരീരത്തിന്‍റെ ക്രോസ്-സെക്ഷണൽ ചിത്രങ്ങൾ എടുക്കുന്നു. കൂടാതെ ന്യുമോണിയയുടെയോ ശ്വാസകോശത്തിലെ വെളുത്ത പാടുകളുടെയോ ലക്ഷണങ്ങൾ കണ്ടെത്തിയാണ് ഇതിലൂടെ കൊവിഡ് ബാധ സ്ഥരീകരിക്കുന്നത്. ആർടി-പിസിആർ പരിശോധനയിൽ വൈറസിന്‍റെ പുതിയ വകഭേദങ്ങളെ കണ്ടെത്താനാകില്ലെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതിനാൽ കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ ആളുകൾ ചെലവ് കൂടിയ സ്‌കാനിങിനെയാണ് ആശ്രയിക്കുന്നത്. 30 മുതൽ 40 ശതമാനം വരെ ആളുകൾ രോഗലക്ഷണങ്ങളില്ലാത്തവരും എന്നാൽ കൊവിഡ് പോസിറ്റീവ് ആയവരും സിടി സ്‌കാൻ ചെയ്തവരുമാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ധാരാളം ആളുകളാണ് സിടി സ്‌കാൻ ചെയ്യുന്നത്. എന്നാൽ നേരിയ കേസുകളിൽ രോഗത്തിന്‍റെ ആദ്യഘട്ടത്തിൽ ഇത് നടത്തുന്നതുകൊണ്ട് യാതൊരു പ്രയോജനവും ഇല്ലെന്ന് ഗുലേറിയ ചൂണ്ടിക്കാട്ടി.
കൊവിഡ് പ്രാരംഭഘട്ടത്തിൽ കനത്ത സ്റ്റെറോയിഡുകൾ എടുക്കേണ്ട ആവശ്യമില്ല. ഗുരുതരമല്ലാത്ത സാഹചര്യങ്ങൾ സാധാരണ മരുന്നുപയോഗിച്ച് ചികിത്സിക്കാമെന്നും അദ്ദേഹം നിർദേശിച്ചു. കൂടാതെ നേരിയ തോതിലുള്ള അണുബാധയുള്ളവർ രക്തപരിശോധന തെരഞ്ഞെടുക്കരുതെന്നും അതേസമയം റെംഡെസിവിർ, ടോസിലിസുമാബ്, പ്ലാസ്‌മ തെറാപ്പി എന്നിവ അടിയന്തിര ഘട്ടങ്ങളിൽ ഉപയോഗിക്കണമെന്നും ഡോക്‌ടർ കൂട്ടിച്ചേർത്തു.