ലഖ്‌നൗ: മാഫിയ തലവന്‍ അതിഖ് അഹമ്മദിനും സഹോദരന്‍ അഷ്‌റഫിനും നേരെ കൊലയാളികള്‍ നിറയൊഴിച്ചത് അത്യാധുനിക സിഗാന പിസ്‌റ്റളുകള്‍ ഉപയോഗിച്ച്. തുർക്കിയിലെ ആയുധനിർമാണ കമ്പനിയായ ടിസാസ് നിർമിക്കുന്ന ഒരു സെമി ഓട്ടോമാറ്റിക് തോക്കാണ് സിഗാന പിസ്‌റ്റൾ. 15 വെടിയുണ്ടകൾ വരെ വഹിക്കാവുന്ന മാഗസിൻ ശേഷിയുള്ളവയാണ് ഈ മാരകമായ പിസ്‌റ്റളുകള്‍.
ലോക്ക്ഡ് സ്ലൈഡ് ഷോർട്ട് റീകോയിൽ ഓപ്പറേറ്റിങ് മെക്കനിസമടങ്ങുന്ന പരിഷ്‌കരിച്ച ബ്രൗണിങ്-ടൈപ്പ് ലോക്കിങ് സംവിധാനമുള്ള ഈ തുര്‍ക്കി നിര്‍മിത പിസ്‌റ്റളുകള്‍ക്ക് നിലവില്‍ ഇന്ത്യയില്‍ നിരോധനമുണ്ട്. മാത്രമല്ല പിസ്‌റ്റള്‍ ഒന്നിന് ആറ് മുതല്‍ ഏഴ് ലക്ഷം രൂപ വിലവരും. 2001 ല്‍ നിര്‍മാണം ആരംഭിച്ച ഇതിന്‍റെ യഥാര്‍ഥ രൂപകല്‍പനയിലുള്ള ആദ്യ പിസ്‌റ്റളുകളില്‍ ഒന്നാണ് അക്രമികള്‍ ഉപയോഗിച്ച പിസ്‌റ്റള്‍. അതേസമയം രാജ്യത്ത് നിരോധനമുള്ള ഈ വിദേശ നിര്‍മിത പിസ്‌റ്റളുകള്‍ കൊലയാളികള്‍ക്ക് എങ്ങിനെ ലഭിച്ചുവെന്ന ചോദ്യവും ഉയരുന്നുണ്ട്. എന്നാല്‍ വിഷയത്തില്‍ പൊലീസ് ഇതുവരെ ഔദ്യോഗിക പ്രസ്‌താവനകളൊന്നും നടത്തിയിട്ടില്ല.
അതിഖിനെയും സഹോദരനെയും കൊലപ്പെടുത്തിയത് ജനപ്രീതി നേടാനാണെന്നാണ് പിടിയിലായ കൊലപാതകികള്‍ പൊലീസിനോട് വെളിപ്പെടുത്തിയിരിക്കുന്നത്. മാത്രമല്ല പെട്ടെന്ന് രണ്ട് മാധ്യമപ്രവർത്തകർ തങ്ങളുടെ ക്യാമറയും മൈക്കും ഉപേക്ഷിച്ച് അതിഖിനും അഷ്റഫിനും നേരെ വെടിയുതിർക്കാൻ തുടങ്ങി. ഉടന്‍ തന്നെ മൂന്നാമത്തെ പത്രപ്രവർത്തകനും വെടിയുതിർക്കാൻ ആരംഭിച്ചു. അങ്ങനെ മാധ്യമ വേഷത്തിലെത്തിയ കുറ്റവാളികൾ അതിഖിനെയും അഷ്റഫിനെയും കൊലപ്പെടുത്തി. തിരിച്ചടിക്കാനായുള്ള ക്രോസ് ഫയറിങില്‍ മന്‍ സിങ് എന്ന പൊലീസ് ഉദ്യോഗസ്ഥന് പരിക്കേല്‍ക്കുകയും ചെയ്‌തുവെന്നും പൊലീസ് എഫ്‌ഐആറിൽ പറയുന്നു.
അതേസമയം ശനിയാഴ്‌ച രാത്രി പത്തരയോടെ നടുറോഡിൽ വച്ചാണ് മാഫിയ തലവന്‍ അതിഖ് അഹമ്മദിനെയും സഹോദരൻ അഷറഫ് അഹമ്മദിനെയും അക്രമിസംഘം വെടിവച്ച് കൊലപ്പെടുത്തുന്നത്. ആശുപത്രിയിലേക്ക് വൈദ്യ പരിശോധനയ്ക്കായി കൊണ്ടുപോകുന്നതിനിടെയായിരുന്നു മാധ്യമപ്രവർത്തകർ എന്ന വ്യാജേന എത്തിയ അക്രമികൾ ഇവര്‍ക്കുനേരെ വെടിയുതിർത്തത്. അതിഖിന്‍റെ മകൻ അസദ് അഹമ്മദിനേയും കൂട്ടാളിയേയും ഝാൻസിയിൽ വച്ച് കഴിഞ്ഞ ദിവസം യുപിഎസ്‌ടിഎഫ് സംഘം ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയതിന് പിന്നാലെയാണ് അതിഖിനെയും അഷ്‌റഫിനെയും അക്രമി സംഘം വകവരുത്തിയത്.
തനിക്കും കുടുംബത്തിനും സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ട് അതിഖ് അഹമ്മദ് മുമ്പ് തന്നെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ സർക്കാരും പൊലീസും സംരക്ഷണം ഒരുക്കുമെന്നായിരുന്നു കോടതി വ്യക്തമാക്കിയത്. കൂടുതൽ ആവശ്യങ്ങൾക്കായി അലഹബാദ് ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതിയുടെ നിർദേശിച്ചിരുന്നു. അതേസമയം സുപ്രീം കോടതി വിധി വന്ന് രണ്ടാഴ്‌ചയ്ക്കിടെയാണ് അതിഖ് അഹമ്മദിനേയും സഹോദരനേയും അക്രമികൾ വെടിവച്ച് കൊലപ്പെടുത്തിയത്.
എന്നാല്‍, സംഭവത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ക്രമസമാധാനം ഉറപ്പാക്കാനും പൊതുജനങ്ങൾക്ക് യാതൊരു ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാനും ജാഗ്രത പാലിക്കണമെന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദേശം നൽകിയിട്ടുണ്ട്. ശനിയാഴ്‌ച രാത്രി മുഖ്യമന്ത്രിയുടെ വസതിയിൽ നടന്ന ഉന്നതതല യോഗത്തിലായിരുന്നു ഈ നിർദേശം.