ന്യൂഡൽഹി : വീട്ടിലിരുന്ന് കൊവിഡ് ടെസ്റ് നടത്താൻ സാധിക്കുന്ന 'അറ്റ് ഹോം കൊവിഡ് -19 ടെസ്റ്റ് കിറ്റുകൾ നാല് ദിവസത്തിനുള്ളിൽ വിപണിയിൽ ലഭ്യമാകുമെന്ന് ഐഎസിഎംആർ. വീട്ടില്‍വച്ചുള്ള കൊവിഡ് പരിശോധനാ ഫലം മൊബൈൽ ആപ്ലിക്കേഷൻ വഴിയാണ് ലഭിക്കുക. ടെസ്റ്റ് കിറ്റും മൊബൈല്‍ ആപ്ലിക്കേഷനുമാണ് ഇതിനായി ആവശ്യമുള്ളത്. ടെസ്റ്റ് ചെയ്ത ശേഷം അതിലെ നിര്‍ദേശങ്ങള്‍ പ്രകാരമുള്ള കാര്യങ്ങള്‍ നിര്‍വഹിക്കുകയാണ് വേണ്ടത്. രോഗിയുടെ സ്വകാര്യത ഇതില്‍ ഉറപ്പാക്കുന്നുണ്ട്. ഡാറ്റ സുരക്ഷിതമായി സെർവറിൽ സൂക്ഷിക്കും.
നിലവിൽ ഒരു കമ്പനിക്ക് ഹോം ടെസ്റ്റ് കിറ്റുകൾ നിർമിക്കുന്നതിന് അംഗീകാരം നൽകിയിട്ടുണ്ടെന്ന് ഐസിഎംആർ അറിയിച്ചു. മൂന്ന് കമ്പനികൾക്ക് കൂടി അനുവാദം നൽകിയേക്കും. പൂനെയിലെ മൈലാബ് ഡിസ്കവറി സൊല്യൂഷൻസിനാണ് ഹോം ടെസ്റ്റിംഗ് കിറ്റുകൾ നിർമിക്കുന്നതിന് അംഗീകാരം ലഭിച്ചത്. അതേസമയം മെയ് 18, 19 തീയതികളിൽ രാജ്യത്തൊട്ടാകെ 20 ലക്ഷത്തിലധികം ടെസ്റ്റുകൾ നടത്തിയതായി ഐസിഎംആർ ഡയറക്ടര്‍ ജനറല്‍ അറിയിച്ചു. ഫെബ്രുവരി പകുതി മുതൽ മാർച്ച് ആദ്യം വരെ ഐസിഎംആർ പ്രതിദിനം എട്ട് ലക്ഷം ടെസ്റ്റുകൾ നടത്തിയിരുന്നു. അതാണ് 20 ലക്ഷമായി ഉയർത്തിയത്. ഈ മാസം അവസാനത്തോടെ പ്രതിദിനം 25 ലക്ഷം ടെസ്റ്റുകളും ജൂൺ അവസാനത്തോടെ 45 ലക്ഷം ടെസ്റ്റുകളും നടത്താനാണ് ലക്ഷ്യമിടുന്നതെന്നും ഐസിഎംആർ പറഞ്ഞു.
Also read: വീട്ടിൽ ഉപയോഗിക്കാവുന്ന റാപ്പിഡ് ആന്‍റിജൻ പരിശോധന കിറ്റുകൾക്ക് അനുമതി
അതേസമയം രാജ്യത്തെ എട്ട് സംസ്ഥാനങ്ങളിൽ ഒരു ലക്ഷത്തിലധികം സജീവ കേസുകളാണുള്ളത്. ഒൻപത് സംസ്ഥാനങ്ങളിൽ 50,000 മുതൽ ഒരു ലക്ഷം വരെ സജീവ കേസുകളും 19 സംസ്ഥാനങ്ങളിൽ 50,000 ൽ താഴെ സജീവ കേസുകളുമുണ്ട്. 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 2,76,070 പുതിയ കൊവിഡ് കേസുകളും 3,874 മരണങ്ങളും റിപ്പോർട്ട് ചെയ്തു. 24 മണിക്കൂറിനുള്ളിൽ 3,69,077 പേർ രോഗമുക്തി നേടി. രാജ്യത്ത് നിലവിൽ 31,29,878 സജീവ കേസുകളാണുള്ളത്.