ഗുവഹട്ടി: അസം നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ അവസാന ഘട്ടമായ ചൊവ്വാഴ്ച രാവിലെ 9.30 വരെ 12.83 ശതമാനം പോളിങ് രേഖപ്പെടുത്തിയതായി തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. വന്‍ സുരക്ഷാ ക്രമീകരണങ്ങളോടെയാണ് വോട്ടെടുപ്പ് ആരംഭിച്ചത്.
ജാലൂക്ബാരി നിയോജകമണ്ഡലത്തിലെ മുതിർന്ന മന്ത്രിയും ഭാരതീയ ജനതാ പാർട്ടി നേതാവുമായ ഹേമന്ത ബിശ്വ ശർമ്മ ഉൾപ്പെടെയുള്ള സംസ്ഥാനത്തെ 337 സ്ഥാനാർഥികളുടെ വിധി ഈ ഘട്ടത്തിൽ തീരുമാനിക്കും. 12 സ്ത്രീ സ്ഥാനാർഥികളും 325 പുരുഷ സ്ഥാനാർഥികളും ഇത്തവണ മത്സരിക്കുന്നുണ്ട്.
"ഞാൻ രാവിലെ 5.30 ന് എത്തി. ഇത് ജനാധിപത്യത്തിന്‍റെ ഉത്സവമാണ്. വോട്ടുചെയ്തില്ലെങ്കിൽ സർക്കാരിനെ വിമർശിക്കാനുള്ള അവകാശം ഞങ്ങൾക്ക് നഷ്ടപ്പെടും. നമ്മുടെ രാജ്യത്തെ ജനാധിപത്യം നിലനിൽക്കാൻ നാം വോട്ടുചെയ്യണം", എന്ന് അസം പോളിങ് ബൂത്തിൽ വോട്ട് രേഖപ്പെടുത്താനെത്തിയ രത്ന സിങ് പറഞ്ഞു.
126 സീറ്റുകളിലേക്കുള്ള അസം നിയമസഭാ തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളിലായാണ് നടക്കുന്നത്. ആദ്യ ഘട്ടത്തിൽ 77 ശതമാനവും രണ്ടാം ഘട്ടത്തിൽ 74.76 ശതമാനം പോളിങും രേഖപ്പെടുത്തുകയുണ്ടായി. 40 മണ്ഡലങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.