ന്യൂഡല്‍ഹി: അസം മേഘാലയ അതിര്‍ത്തിയില്‍ വനം വകുപ്പ് ഉദ്യോഗസ്ഥരും ഗ്രാമവാസികളും തമ്മില്‍ ഇന്നലെയുണ്ടായ (22.11.2022) ഏറ്റുമുട്ടല്‍ സംസ്ഥാനങ്ങള്‍ തമ്മിലുള്ള അതിര്‍ത്തി പ്രശ്‌നത്തിന്‍റെ പേരിലല്ലെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. ഏറ്റുമുട്ടല്‍ അതിര്‍ത്തി സംബന്ധമല്ലെന്നും തടിയെ ചൊല്ലിയാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ഇന്നലെ നടന്ന ഏറ്റുമുട്ടലില്‍ വെസ്‌റ്റ് ഖാസി ഹിൽസ് ജില്ലയിൽ നിന്നുള്ള അഞ്ച് ഗ്രാമവാസികളും ഒരു അസം വനം വകുപ്പ് ഉദ്യോഗസ്ഥനുമാണ് കൊല്ലപ്പെട്ടത്.
അസമിലെ വെസ്‌റ്റ് കർബി ആംഗ്ലോംഗ് ജില്ലയുടെയും മേഘാലയയിലെ വെസ്‌റ്റ് ജയന്തിയാ കുന്നുകളിലെ മുക്രോ ഗ്രാമത്തിന്‍റെയും അതിർത്തി പ്രദേശത്താണ് ഇന്നലെ പുലര്‍ച്ചെ മൂന്ന് മണിയോടെ വെടിവയ്‌പ്പുണ്ടായത്. എന്നാല്‍ പ്രകോപനമില്ലാതെയുണ്ടായ ഏറ്റുമുട്ടല്‍ എളുപ്പത്തില്‍ നിയന്ത്രിക്കേണ്ടിയിരുന്നുവെന്ന് ഹിമന്ത ബിശ്വ ശർമ പ്രതികരിച്ചു. മാത്രമല്ല സംഭവത്തില്‍ കേന്ദ്ര അന്വേഷണം ആവശ്യപ്പെട്ട് മേഘാലയ രംഗത്തെത്തിയതോടെ അസം സര്‍ക്കാരും എൻഐഎ അല്ലെങ്കിൽ സിബിഐ അന്വേഷണത്തിന് ആവശ്യപ്പെട്ടിരുന്നു.
'ചര്‍ച്ചകള്‍' പാളുമോ?: അതേസമയം പതിറ്റാണ്ടുകളായി ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള അതിര്‍ത്തി പ്രശ്‌നങ്ങളില്‍ ചര്‍ച്ച പുരോഗമിക്കുന്നതിനിടെയാണ് ഏറ്റുമുട്ടല്‍ എന്നത് തലവേദന സൃഷ്‌ടിക്കുന്നുണ്ട്. എന്നാല്‍ ഏറ്റമുട്ടലില്‍ ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും ഉത്തരവാദികളെ സസ്‌പെന്‍ഡ് ചെയ്‌തുവെന്നും ഹിമന്ത ബിശ്വ ശർമ അറിയിച്ചു. ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവരുടെ അടുത്ത ബന്ധുക്കൾക്ക് സര്‍ക്കാര്‍ ഇതിനകം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
'തടി പ്രശ്‌നം' കൈവിട്ടപ്പോള്‍: ഗ്രാമവാസികൾ മരം മുറിച്ച് ട്രക്കിൽ കയറ്റുകയായിരുന്നു. ഇതേത്തുടര്‍ന്ന് മൂന്ന് പേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ അറസ്‌റ്റ് ചെയ്‌തപ്പോള്‍ സമീപ ഗ്രാമങ്ങളിൽ നിന്നുള്ള ആളുകൾ അവരെ നേരിട്ടുവെന്നും അത് ഏറ്റുമുട്ടലിലേക്ക് നീങ്ങുകയായിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു. മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാങ്മയുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം സംഭവത്തെക്കുറിച്ച് ചർച്ച ചെയ്യാൻ മേഘാലയ സർക്കാരിന്‍റെ കാബിനറ്റ് പ്രതിനിധി സംഘം നാളെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കാണും.