ഗുവാഹത്തി: അസമില്‍ ഒരു കിലോ ചായപ്പൊടിക്ക് ലഭിച്ച വില കേട്ടാല്‍ ആരുമൊന്ന് അമ്പരക്കും. 99,999 രൂപയാണ് അസമിലെ പ്രശസ്തമായ തേയിലയ്ക്ക് ലേലത്തില്‍ ലഭിച്ചത്. അപൂര്‍വയിനത്തില്‍ പെട്ട മനോഹരി ഗോള്‍ഡ് ടീയ്‌ക്കാണ് ലേലത്തില്‍ ഈ 'തീവില'.
കഴിഞ്ഞ വർഷം ഈ 'സ്‌പെഷ്യല്‍ തേയില'യ്‌ക്ക് ലേലത്തിൽ കിലോയ്ക്ക് 75000 രൂപയാണ് ലഭിച്ചത്. ഈ വര്‍ഷം ആ റെക്കോഡാണ് തകര്‍ത്തതെന്ന് ഗുവാഹത്തി ടീ ലേല കേന്ദ്രം (ജി.ടി.എ.സി) സെക്രട്ടറി ദിനേശ് ബിഹാനി ചൊവ്വാഴ്ച പറഞ്ഞു. ഒരു ലക്ഷത്തിന്‍റെ തേയില, സൗരവ് ടീ ട്രേഡേഴ്‌സാണ് വാങ്ങിയത്.
'രാജ്യത്തെ തേയില ഹബ്ബാക്കണം'
വിദേശ തേയിലകള്‍ വാങ്ങുന്നവര്‍ക്ക് ഇന്ത്യൻ സ്പെഷ്യല്‍ ടീ ഇഷ്ടപ്പെടും. ചായപ്പൊടി നിര്‍മാതാക്കാളോട് കൂടുതല്‍ വ്യത്യസ്‌ത തരത്തിലുള്ളത് കൊണ്ടുവരാന്‍ അഭ്യർഥിക്കുന്നു. രാജ്യത്തെ ഒരു തേയില ഹബ്ബാക്കി മാറ്റുന്നതിന് ഈ നീക്കം സഹായിക്കുമെന്നും ദിനേശ് പറഞ്ഞു. അസമില്‍ തേയില വ്യവസായം അതിജീവനത്തിനായി പരിശ്രമിക്കുമ്പോഴാണ് പ്രതീക്ഷ നല്‍കുന്ന ലേലം.
ALSO READ: Lakhimpur Kheri; ലഖിംപൂർ ഖേരി സംഭവം: ആസൂത്രിതമെന്ന് അന്വേഷണ സംഘം
തേയില തൊഴിലാളികൾക്കുള്ള പ്രൊവിഡന്‍റ് ഫണ്ട് (പി.എഫ്) സംഭാവന കുറഞ്ഞത് മൂന്ന് വർഷത്തേക്കെങ്കിലും സർക്കാർ ഏറ്റെടുക്കണമെന്ന് ഇന്ത്യന്‍ ടി അസോസിയേഷന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളോട് അഭ്യര്‍ഥിച്ചിരുന്നു. തേയില വ്യവസായം കടുത്ത പ്രതിസന്ധിയിലാണെന്നും ദശലക്ഷത്തിലധികം തൊഴിലാളികള്‍ക്ക് തൊഴിൽ സുരക്ഷ ഉറപ്പുവരുത്തണമെന്നും കഴിഞ്ഞ വർഷം ഐ.ടി.എ പത്ര പരസ്യങ്ങളിലൂടെ ഒരു പൊതു അഭ്യർത്ഥന നടത്തുകയുണ്ടായി.