ഗുവാഹത്തി: അസമിൽ പ്രളയം ശക്തമായി തുടരുന്നു. 33 ജില്ലകളെയും 43 ലക്ഷം ആളുകളെയുമാണ് ഇതുവരെ പ്രളയം ബാധിച്ചത്. പ്രളയബാധിത പ്രദേശങ്ങളിലെ ജനങ്ങൾക്ക് ഭക്ഷണവും ദുരിതാശ്വാസ സാമഗ്രികളും ഹെലികോപ്‌ടറിൽ എത്തിച്ചുകൊടുക്കാൻ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ഉത്തരവിട്ടു.
സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിൽ പ്രളയത്തെയും ഉരുൾപൊട്ടലിനെയും തുടർന്ന് ജീവൻ നഷ്‌ടമായവരുടെ എണ്ണം 73 ആയി ഉയർന്നു. മരണപ്പെട്ടവരിൽ എസ്‌എച്ച്‌ഒ ഉൾപ്പെടെ രണ്ട് പേർ പൊലീസുദ്യോഗസ്ഥരും ഉൾപ്പെടുന്നു. വെള്ളപ്പൊക്കത്തിൽ അകപ്പെട്ട ആളുകളെ സഹായിക്കാൻ പോയ എസ്‌എച്ച്‌ഒ ഒഴുക്കിൽപ്പെടുകയായിരുന്നു.
കഴിഞ്ഞ ഒരാഴ്‌ചയായി തുടരുന്ന കനത്ത മഴയെ തുടർന്നുണ്ടായ പ്രളയം സംസ്ഥാനത്തെ 33 ജില്ലകളിലെ 127 റവന്യൂ സർക്കിളുകളിലും, 5137 വില്ലേജുകളിലുമാണ് റിപ്പോർട്ട് ചെയ്‌തത്. 744 ദുരിതാശ്വാസ ക്യാമ്പുകളിലായി 1.90 ലക്ഷം ആളുകളാണ് അഭയം പ്രാപിച്ചത്. താത്‌കാലികമായി തുറന്ന 403 ദുരിതാശ്വാസ വിതരണ കേന്ദ്രങ്ങളിൽ നിന്നും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് പോകാൻ സാധിക്കാത്തവർക്ക് ഭക്ഷണം ഉൾപ്പെടെയുള്ള ദുരിതാശ്വാസ സാമഗ്രികൾ വിതരണം ചെയ്യുന്നുണ്ട്. എൻഡിആർഎഫ്, എസ്‌ഡിആർഎഫ്, പൊലീസ്, മറ്റ് ഏജൻസികൾ എന്നിവ ചേർന്ന് 30,000 പേരെയാണ് ഇതുവരെ ഒഴിപ്പിച്ചത്.
സെൻട്രൽ വാട്ടർ കമ്മിഷൻ പുറത്തുവിട്ട വിവരമനുസരിച്ച് കോപാലി നദി നാഗോൺ ജില്ലയിലെ കാമ്പൂരിലും, ബ്രഹ്മപുത്ര നദി നിമതിഘട്ട്, തേസ്‌പൂർ, ഗുവാഹത്തി, കാംരൂപ്, ഗോൾപാറ, ധുബ്രി എന്നിവിടങ്ങളിലും കരകവിഞ്ഞ് ഒഴുകുകയാണ്. സുബൻസിരി, പുത്തിമാരി, പഗ്ലാഡിയ, മനസ്, ബേക്കി ബരാക്, കുഷിയാര നദികളും കര കവിഞ്ഞൊഴുകുകയാണ്.
കാസിരംഗ ദേശീയോദ്യാനത്തിൽ ഏഴ് പന്നി മാനുകളും, ഒരു പുള്ളിപ്പുലിയും പ്രളയത്തിലും വാഹനമിടിച്ചും ചത്തു. എട്ട് പന്നി മാനുകളും ഒരു പെരുമ്പാമ്പും ഉൾപ്പെടെ പത്ത് മൃഗങ്ങളെ വനംവകുപ്പ് ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തി.