ന്യൂഡൽഹി: ദേശീയ അധ്യക്ഷ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പരിഹസിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. ശശി തരൂരിന് വോട്ടു ചെയ്‌തവര്‍ ഉടന്‍ ബിജെപിയില്‍ ചേരുമെന്ന് പ്രതീക്ഷിക്കുന്നതായി ഹിമന്ത പറഞ്ഞു. 'കോണ്‍ഗ്രസിന്‍റെ ആഭ്യന്തര തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണുന്നതിന് മുമ്പ് തന്നെ വിജയി ആരാണെന്നുള്ള അനൗദ്യോഗിക പ്രഖ്യാപനം നടന്നിരുന്നു.
കോണ്‍ഗ്രസിലെ ജനാധിപത്യ വിശ്വാസികള്‍ ശശി തരൂരിന് വോട്ടുചെയ്‌ത 1,000 പ്രതിനിധികള്‍ മാത്രമാണ്. അവര്‍ ഉടന്‍ ബിജെപിയില്‍ ചേരുമെന്ന് പ്രതീക്ഷിക്കുന്നു', അസം മുഖ്യമന്ത്രി പറഞ്ഞു. അതേസമയം പോരാടാന്‍ ധൈര്യമില്ലാത്തവരാണ് ബിജെപിയില്‍ ചേരുക എന്നാണ് ഹിമന്തയുടെ പ്രസ്‌താവനക്ക് തരൂര്‍ പ്രതികരിച്ചത്.
'ധൈര്യം കാണിക്കുന്നവര്‍ ഒരിക്കലും ബിജെപിയില്‍ ചേരില്ല. പോരാടാന്‍ ധൈര്യമില്ലാത്തവരെ മാത്രമേ അങ്ങനെ ചെയ്യാന്‍ പ്രേരിപ്പിക്കൂ', ശശി തരൂര്‍ പറഞ്ഞു. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്‌ക്ക് എതിരായാണ് ശശി തരൂര്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചത്.
ഒക്‌ടോബര്‍ 17ന് നടന്ന തെരഞ്ഞെടുപ്പില്‍ ഖാര്‍ഗെ 7,897 വോട്ടും തരൂര്‍ 1,072 വോട്ടും നേടി. 24 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നെഹ്‌റു കുടുംബത്തിന് പുറത്തു നിന്നുള്ള ഒരു വ്യക്തി കോണ്‍ഗ്രസിന്‍റെ ദേശീയ അധ്യക്ഷനാകുന്നത്. രാജ്യത്ത് ജനാധിപത്യം അപകടത്തിലായിരിക്കുന്ന സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് നടത്തി ജനാധിപത്യം ശക്തിപ്പെടുത്തുന്നതിന്‍റെ ഉദാഹരണമാണ് കോണ്‍ഗ്രസ് മുന്നോട്ടുവച്ചത് എന്ന് തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ഖാര്‍ഗെ മാധ്യമങ്ങളെ അഭിസംബോധന ചെയ്‌തുകൊണ്ട് പറഞ്ഞിരുന്നു.
പാര്‍ട്ടിയെ മുന്നോട്ട് നയിക്കുന്നതിനുള്ള നടപടികള്‍ ശശി തരൂരുമായി ചര്‍ച്ച ചെയ്‌തതായും ഖാര്‍ഗെ അറിയിച്ചിരുന്നു. പാര്‍ട്ടി അധ്യക്ഷ തെരഞ്ഞെടുപ്പില്‍ വിജയിച്ച ഖാര്‍ഗെയെ അദ്ദേഹത്തിന്‍റെ വസതിയില്‍ എത്തി തരൂര്‍ അഭിനന്ദിച്ചു.