ബൊകാഖാട്ട് : കാണ്ടാമൃഗങ്ങളുടെ 2,479 കൊമ്പുകൾ കത്തിച്ച് അസം സര്‍ക്കാര്‍. സെപ്‌റ്റംബര്‍ 22 ബുധനാഴ്‌ച ദേശീയ കാണ്ടാമൃഗ ദിനത്തിലാണ് അധികൃതര്‍ ഇവ അഗ്നിക്കിരയാക്കിയത്. ഈ മൃഗത്തിന്‍റെ കൊമ്പുകൾക്ക് ഔഷധഗുണമില്ലെന്ന സന്ദേശം ലോകസമൂഹത്തിന് നൽകുന്നതിന്‍റെ ഭാഗമായാണ് സര്‍ക്കാരിന്‍റെ ഈ നീക്കം.
കണ്ടെടുക്കുന്നതോ പിടിച്ചെടുക്കുന്നതോ ആയ കാണ്ടാമൃഗ കൊമ്പുകളും മറ്റ് മൃഗങ്ങളുടെ ഭാഗങ്ങളും എല്ലാ വര്‍ഷവും കത്തിക്കുകയും നശിപ്പിക്കുകയും ചെയ്യുന്നതിനായി ഒരു പ്രത്യേക ദിവസം നിശ്ചയിക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശർമ പറഞ്ഞു.
1979 മുതൽ സംസ്ഥാനത്തെ വിവിധ ട്രഷറികളിൽ സൂക്ഷിച്ചിരുന്നതാണ് ഈ കൊമ്പുകള്‍. കാസിരംഗ ദേശീയോദ്യാനത്തിന് സമീപത്തെ ബോകഖാട്ടില്‍ സംഘടിപ്പിച്ച പൊതുപരിപാടിയിൽ കൊമ്പുകള്‍ക്ക് വനപാലകര്‍ തീയിട്ടു.
'കാസിരംഗയ്ക്ക് സമീപം മ്യൂസിയം സ്ഥാപിക്കും'
ചത്ത കാണ്ടാമൃഗങ്ങളുടെ കൊമ്പുകൾക്ക് യാതൊരു ഔഷധ ഗുണവുമില്ലെന്ന ശക്തമായ സന്ദേശമാണ് തങ്ങള്‍ നല്‍കുന്നത്. 1979 വരെ പിടിച്ചെടുത്തവ സർക്കാർ ലേലം ചെയ്യാറുണ്ടായിരുന്നു. എന്നാല്‍, അന്താരാഷ്‌ട്ര കൺവെൻഷനും വന്യജീവി നിയമവും അനുസരിച്ച് പിന്നീട് ആ സമ്പ്രദായം നിർത്തലാക്കി.
ചത്ത മൃഗങ്ങളുടെ അവയവങ്ങൾ സൂക്ഷിക്കുന്നതിനായി തങ്ങൾ കാസിരംഗയ്ക്ക് സമീപം ഒരു മ്യൂസിയം സ്ഥാപിക്കാൻ പോവുകയാണ്. ലോകത്തെ ഏറ്റവും വലിയ കൊമ്പുകൾ ഉൾപ്പെടെ 3.051 കിലോഗ്രാമും 36 സെന്‍റീമീറ്റർ ഉയരവുമുള്ളവ ഇവിടെ പ്രദര്‍ശിപ്പിക്കും. 1980 കൾക്ക് മുന്‍പുള്ള കാണ്ടാമൃഗ കൊമ്പുകൾ ഒരിക്കലും ലേലം ചെയ്യരുതെന്ന് തീരുമാനിച്ചതായും മുഖ്യമന്ത്രി ചടങ്ങില്‍ പറഞ്ഞു.
ALSO READ: കർണാടകയിൽ സെക്‌സ് റാക്കറ്റ് സംഘം അറസ്റ്റിൽ; പിടികൂടിയത് ലോഡ്‌ജിലെ രഹസ്യ അറയിൽ നിന്ന്