ബറേലി (യുപി): കർണാടകയിൽ നടക്കുന്ന ഹിജാബ് വിവാദത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൗനത്തെ ചോദ്യം ചെയ്‌ത് എഐഎംഐഎം അധ്യക്ഷനും എംപിയുമായ അസദുദ്ദീന്‍ ഒവൈസി. ഉത്തർപ്രദേശിലെ ബറേലിയിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു ഒവൈസിയുടെ വിമര്‍ശനം.
'ഭരണഘടന എല്ലാ പൗരന്മാർക്കും മതപരമായ അവകാശങ്ങൾ ഉറപ്പുനൽകുന്നു. വിഷയത്തില്‍ എന്തുകൊണ്ടാണ് പ്രധാനമന്ത്രി പ്രതികരിക്കാതിരുന്നത്,' ഒവൈസി ചോദിച്ചു. എഐഎംഐഎം ഒഴികെ മറ്റൊരു പാർട്ടിയും വിഷയത്തില്‍ പ്രതികരിച്ചില്ലെന്നും എഐഎംഐഎം അധ്യക്ഷന്‍ കുറ്റപ്പെടുത്തി.
എസ്‌പിയും ബിഎസ്‌പിയും മുസ്‌ലിങ്ങളോട് നീതി പുലർത്തിയില്ലെന്നും ഉവൈസി ആരോപിച്ചു. 'ബിജെപിയോടുള്ള ഭയം പ്രകടിപ്പിച്ച് മുസ്‌ലിം വോട്ടുകൾ നേടാനാണ് അഖിലേഷ് യാദവിന്‍റെ ആഗ്രഹമെങ്കിലും മുസ്‌ലീം യുവജനങ്ങള്‍ക്ക് ഭയമില്ല. പോസ്റ്റർ ഒട്ടിക്കുന്ന ജോലി ഇനി അവർ ചെയ്യില്ല. പകരം, അവരുടെ ഭാഗം അവര്‍ തന്നെ ചെയ്യും,' ഒവൈസി പറഞ്ഞു.
മറ്റ് പാര്‍ട്ടികളിലെ മുസ്‌ലിങ്ങളുടെ പ്രാതിനിധ്യത്തെക്കുറിച്ചും എഐഎംഐഎം തലവൻ വിമര്‍ശനം ഉന്നയിച്ചു. സമാജ്‌വാദി പാർട്ടിയിലും ബഹുജൻ സമാജ് പാർട്ടിയിലും ന്യൂനപക്ഷ നേതാക്കൾ ഉണ്ടോ? ന്യൂനപക്ഷങ്ങൾക്ക് ബിജെപി അവസരം പോലും നൽകുന്നില്ല. എസ്‌പിയിലെ 45 മുസ്‌ലിങ്ങള്‍ക്ക് അഖിലേഷ് യാദവ് നിയമസഭ ടിക്കറ്റ് നല്‍കിയില്ലെന്നും ഒവൈസി ആരോപിച്ചു.
മുസ്‌ലിം വിഭാഗത്തിന് സംവരണം നൽകുമെന്ന തന്‍റെ വാദ്‌ദാനം അഖിലേഷ് യാദവ് മറന്നു. മുസ്‌ലിം വോട്ടുകള്‍ മറ്റൊരിടത്തും പോകില്ലെന്നാണ് സമാജ്‌വാദി പാർട്ടി കരുതുന്നത്. 2014ൽ എസ്‌പി-ബിഎസ്‌പിക്ക് ബിജെപിയെ തടയാനായില്ലെങ്കിൽ ഇത്തവണ തടയാൻ കഴിയുമോയെന്നും ഒവൈസി ചോദിച്ചു.
Also read: 'ഞാനെന്തിന് അദ്ദേഹത്തെ കേള്‍ക്കണം', പ്രധാനമന്ത്രിക്ക് മറുപടിയുമായി രാഹുല്‍ ഗാന്ധി