മുംബൈ: കേന്ദ്ര സർക്കാരിന്‍റെ ഓർഡിനൻസിനെതിരായ എഎപിയുടെ പോരാട്ടത്തിന് എൻസിപിയുടെ പിന്തുണ തേടി ഡൽഹി മുഖ്യമന്ത്രിയും എഎപി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്‌രിവാൾ. എൻസിപി നേതാവ് ശരദ് പവാറുമായി അദ്ദേഹം കൂടിക്കാഴ്‌ച നടത്തി. ഇന്ന് ദക്ഷിണ മുംബൈയിലെ വൈ ബി ചവാൻ സെന്‍ററിലാണ് ഇരുവരും കണ്ടുമുട്ടിയത്.
ഡൽഹി സർക്കാരിന്‍റെ അധികാരം പരിമിതപ്പെടുത്തികൊണ്ട് കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച ഓർഡിനൻസ് ബില്ലാക്കാനുള്ള ശ്രമം രാജ്യസഭയിൽ പരാജയപ്പെടുത്താൻ എൻസിപി, ആം ആദ്‌മി പാർട്ടിയെ പിന്തുണക്കുമെന്ന് കൂടിക്കാഴ്‌ചയ്‌ക്ക് ശേഷം കെജ്‌രിവാൾ മാധ്യമങ്ങളോട് പറഞ്ഞു. കേന്ദ്ര സർക്കാരിന്‍റെ ഓർഡിനൻസിനെതിരായ എഎപിയുടെ പോരാട്ടത്തെ പിന്തുണച്ചതിന് കെജ്‌രിവാൾ പവാറിന് നന്ദി പറയുകയും ചെയ്‌തു.
അതേസമയം എല്ലാ ബിജെപി ഇതര പാർട്ടികളും അരവിന്ദ് കെജ്‌രിവാളിനെ പിന്തുണയ്‌ക്കുന്നുവെന്ന് ഉറപ്പാക്കേണ്ടത് തങ്ങളുടെ കടമയാണെന്നും പാർലമെന്‍ററി ജനാധിപത്യത്തിന്‍റെ നിലനിൽപ്പിനായി പോരാടേണ്ട സമയമാണിതെന്നും ശരദ് പവാർ പ്രതികരിച്ചു. രണ്ട് ദിവസത്തെ മുംബൈ സന്ദർശനത്തിൽ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നും കെജ്‌രിവാളിനൊപ്പം ഉണ്ടായിരുന്നു.
പ്രതിപക്ഷത്തെ ഒന്നിപ്പിക്കാൻ ദേശീയ പര്യടനം: ഓർഡിനൻസ് വിഷയത്തിൽ പിന്തുണ തേടി മഹാരാഷ്‌ട്ര മുൻ മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഉദ്ധവ് താക്കറെയെ കെജ്‌രിവാള്‍ കണ്ടിരുന്നു. ബുധനാഴ്‌ച ബാന്ദ്രയിലെ വസതിയിൽ ചെന്നാണ് കെജ്‌രിവാൾ ഉദ്ധവിനെ കണ്ടത്. ഓർഡിനൻസിനെതിരെ പ്രതിപക്ഷത്തെ ഒന്നിപ്പിക്കുന്നതിന്‍റെ ഭാഗമായുള്ള ദേശീയ പര്യടനത്തിൽ ചൊവ്വാഴ്‌ച എഎപി നേതാവും ഭഗവന്ത് മന്നും കൊൽക്കത്തയിൽ വച്ച് പശ്ചിമ ബംഗാൾ മുഖ്യമന്തി മമത ബാനർജിയുമായും കൂടിക്കാഴ്‌ച നടത്തി. ഡൽഹിയിലെ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം, നിയമനം തുടങ്ങിയ വിഷയങ്ങളിൽ തീരുമാനമെടുക്കാനുള്ള ഡൽഹി സർക്കാരിന്‍റെ അധികാരം വെട്ടിച്ചുരുക്കികൊണ്ടുള്ള ഓർഡിനൻസ് കേന്ദ്രം കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് പുറത്തിറക്കിയത്.
സുപ്രീം കോടതി, സർക്കാരിന് അനുകൂല വിധി ആണ് പറഞ്ഞതെങ്കിലും ഇത് നിരാകരിച്ചാണ് സർക്കാർ ഓർഡിനൻസ് ഇറക്കിയത്. 1991ലെ ഗവൺമെന്‍റ് ഓഫ് നാഷണൽ ക്യാപിറ്റൽ ടെറിട്ടറി ഓഫ് ഡൽഹി ആക്‌ടിൽ ഭേദഗതി വരുത്താനാണ് കേന്ദ്ര സർക്കാർ ഓർഡിനൻസിലൂടെ ശ്രമിക്കുന്നത്. എന്നാൽ ഇത് രാജ്യസഭയിൽ ബില്ലാകുന്നത് തടയാൻ കഠിന പരിശ്രമമാണ് എഎപി നേതാവ് നടത്തിക്കൊണ്ടിരിക്കുന്നത്.
പിന്തുണ അറിയിച്ച് നിതീഷ് കുമാർ : ഈ മാസം മെയ് 21ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും വിഷയത്തിൽ ഡൽഹി സർക്കാരിന് പിന്തുണ അറിയിച്ച് കെജ്‌രിവാളുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന്‍റെ അധികാരം എങ്ങനെ എടുത്തുകളയാൻ കഴിയുമെന്നും ഇത് ഭരണഘടന വിരുദ്ധമാണെന്നും നിതീഷ് കുമാർ കൂടിക്കാഴ്‌ചയ്‌ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു. കൂടാതെ കേന്ദ്ര സർക്കാരിന്‍റെ ഓർഡിനൻസിനെതിരായി കെജ്‌രിവാളിന് പിന്തുണ നൽകുമെന്നും നിതീഷ് കുമാർ പറഞ്ഞിരുന്നു.
also read : ഡല്‍ഹി അധികാര തര്‍ക്കം: കേന്ദ്രത്തിന്‍റെ ഓര്‍ഡിനന്‍സ് സുപ്രീം കോടതി വിധിയെ അപമാനിക്കുന്നതെന്ന് കെജ്‌രിവാള്‍