ലുധിയാന: പഞ്ചാബിലെ ഓട്ടോ ഡ്രൈവറുടെ വീട്ടിലെത്തി കുടുംബത്തോടൊപ്പം ഭക്ഷണം കഴിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ (Arvind Kejriwal). പഞ്ചാബില്‍ തെരഞ്ഞെടുപ്പ് (Punjab Election) നടക്കാനിരിക്കെ ആം ആദ്മി പാർട്ടി (Aam Admi Party) യുടെ രാഷ്ട്രീയ പ്രചാരണത്തിന്‍റെ കൂടി ഭാഗമായാണ് കെജ്‌രിവാളിന്‍റെ നീക്കം. തിങ്കളാഴ്ച പഞ്ചാബില്‍ എത്തിയ അദ്ദേഹം ഓട്ടോ ഡ്രൈവര്‍മാരുടെ യോഗത്തില്‍ പങ്കെടുത്തിരുന്നു.
ഇവിടെ വച്ച് ഒരു ഓട്ടോ ഡ്രൈവറായ ദിലീപ് തിരവാരി അദ്ദേഹത്തെ ഭക്ഷണം കഴിക്കാന്‍ വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു. ഇതോടെ അദ്ദേഹത്തോടൊപ്പം പോയ കെജ്‌രിവാള്‍ വീട്ടിലെത്തി ഭക്ഷണം കഴിച്ചു. ടാക്സി ഡ്രൈവര്‍ കൂടിയായ ദിലീപ് തിവാരി ഡല്‍ഹിയിലെത്തിയിരുന്നു. ഇവിടെ വച്ച് തന്നെ കണ്ട അദ്ദേഹം വീട്ടില്‍ വരാനും ഭക്ഷണം കഴിക്കാനും ക്ഷണിച്ചു. ഇതിന്‍റെ ഭാഗമായാണ് താന്‍ അദ്ദേഹത്തിന്‍റെ വീട്ടില്‍ ചെന്നതെന്ന് കെജ്‌രിവാള്‍ പറഞ്ഞു.
അതേസമയം തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ എത്തി ഓട്ടോ ഡ്രൈവര്‍മാര്‍ ഉള്‍പ്പടുന്ന അടിസ്ഥാന വര്‍ഗത്തിനൊപ്പം നില്‍ക്കുക എന്ന രാഷ്ട്രീയ തന്ത്രം കൂടിയായാണ് ഇത്തരം നീക്കങ്ങളെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.
കഴിഞ്ഞ ദിവസം ഉത്തരാഖണ്ഡ് സന്ദര്‍ശിച്ച കെജ്‌രിവാള്‍ സംസ്ഥാനത്ത് എഎപി സർക്കാർ രൂപീകരിച്ചാൽ ഡൽഹിയിൽ ചെയ്തതുപോലെ ഓട്ടോ തൊഴിലാളികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുമെന്ന് പറഞ്ഞിരുന്നു. ഹരിദ്വാറിൽ ഓട്ടോറിക്ഷ ഡ്രൈവർമാരുമായി കെജ്‌രിവാൾ കൂടിക്കാഴ്ച നടത്തി. അടുത്ത വര്‍ഷം ആദ്യമാണ് ഉത്തരാഖണ്ഡില്‍ തെരഞ്ഞെടുപ്പ്.