ന്യൂഡൽഹി: അതിര്‍ത്തിയില്‍ നിന്നും കാണാതായ അരുണാചൽ പ്രദേശ് സ്വദേശിയായ 17കാരനെ കണ്ടെത്തിയതായി ചൈന. ഇതുസംബന്ധിച്ച് ഇന്ത്യന്‍ സൈന്യവുമായി ചൈനീസ് സൈന്യം ആശയവിനിമയം നടത്തി. പ്രതിരോധ മന്ത്രാലയം തേസ്‌പൂര്‍ പി.ആർ.ഒയാണ് ഞായറാഴ്ച വിവരം മാധ്യമങ്ങളെ അറിയിച്ചത്.
അരുണാചലില്‍ നിന്നുള്ള 17 വയസുകാരനായ ഷ് മിറാം തരോണിനെ ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമി (പി.എൽ.എ) തട്ടിക്കൊണ്ടുപോയെന്ന് സംസ്ഥാനത്തുനിന്നുള്ള പാർലമെന്‍റ് അംഗം തപിർ ഗാവോ ട്വിറ്ററില്‍ കുറിയ്‌ക്കുകയായിരുന്നു. ജനുവരി 18നാണ് തരോണിനെ പിടിച്ചുകൊണ്ടുപോയതെന്നും തപിര്‍ ഗാവോ കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. 19നാണ് അദ്ദേഹം ഇതുസംബന്ധിച്ച ട്വീറ്റ് ചെയ്‌തത്.
മിറാം തരോമിനെ യഥാർഥ നിയന്ത്രണ രേഖയ്ക്ക് അപ്പുറത്തുനിന്ന് ചൈനീസ് സൈന്യം പിടികൂടിയെന്ന് പ്രതിരോധ മന്ത്രാലയം പി.ആർ.ഒ വ്യാഴാഴ്ച ട്വീറ്റ് ചെയ്‌തിരുന്നു. ഇന്ത്യൻ സൈന്യം ഉടൻ തന്നെ ഹോട്ട്‌ലൈൻ വഴി ചൈനീസ് സൈന്യത്തെ ബന്ധപ്പെട്ടു. പ്രോട്ടോക്കോൾ പ്രകാരം തിരിച്ചയക്കാൻ പി.എല്‍.എയുടെ സഹായം തേടിയിട്ടുണ്ടെന്നും പി.ആര്‍.ഒ ട്വീറ്റില്‍ കുറിയ്‌ക്കുകയുണ്ടായി.