ന്യൂഡൽഹി: ഇടക്കാല ജാമ്യാപേക്ഷ തള്ളിയ ബോംബെ ഹൈക്കോടതി ഉത്തരവിനെതിരെ അർണബ് ഗോസ്വാമി സുപ്രീംകോടതിയെ സമീപിച്ചു. ആത്മഹത്യ പ്രേരണാക്കുറ്റത്തിന് അറസ്റ്റിലായ മാധ്യമപ്രവര്‍ത്തകൻ അര്‍ണബ് ഗോസ്വാമി ഇപ്പോൾ റിമാൻഡിലാണ്. തിങ്കളാഴ്‌ചയാണ് കേസുമായി ബന്ധപ്പെട്ട് അർണബിന്‍റെയും മറ്റ് രണ്ട് പേരുടെയും ജാമ്യാപേക്ഷ ബോംബെ ഹൈക്കോടതി തള്ളിയത്. കീഴ്‌ക്കോടതിയെ സമീപിക്കാനും കോടതി നിർദേശിച്ചു. റെയ്‌ഗഡ് സെഷൻസ് കോടതിയിലും അർണബ് ജാമ്യാപേക്ഷ നൽകിയിരുന്നു.
2018 മെയിലാണ് അലിബാഗിൽ ഇന്‍റീരിയർ ഡിസൈനർ അൻവേ നായിക്കും അമ്മയും ആത്മഹത്യ ചെയ്‌തത്. അർണബിനെതിരെയുള്ള ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട് അർണബിനെയും രണ്ട് പേരെയും അറസ്റ്റ് ചെയ്‌ത് 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ അയച്ചു. നവംബർ നാലിന് തന്നെ അറസ്റ്റ് ചെയ്യാനെത്തിയ മുംബൈ പൊലീസ് ഉദ്യോഗസ്ഥർ മകനെയും ഭാര്യയെയും മറ്റ് ബന്ധുക്കളെയും ആക്രമിച്ചതായി അർണബ് ഗോസ്വാമി ആരോപിച്ചു. ആത്മഹത്യ ചെയ്‌ത നായിക്കിന്‍റെ ഭാര്യ കോടതിയെ സമീപിച്ചതിനെ തുടർന്നാണ് കേസ് അന്വേഷണം വീണ്ടും ആരംഭിച്ചത്.