ശ്രീനഗര്‍: ജമ്മു കശ്‌മീരിലെ ശ്രീനഗറില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്മാര്‍ക്ക് ആദരവുമായി സൈന്യം. 1999ല്‍ ശ്രീനഗറിലെ പബ്ലിക് റിലേഷന്‍ ഓഫിസില്‍ നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ആറ് ജവാന്മാര്‍ക്കാണ് സൈന്യം ആദരാഞ്ജലി അര്‍പ്പിച്ചത്. മേജര്‍ പി പുരുഷോത്തം, സുബേദാര്‍ ബ്രഹ്മ ദാസ്, ഹവില്‍ദാര്‍ പി കെ മഹാരാന, ശിപായിമാരായ ചൗധരി രാംജി ഭായി, എം ഡി റസൗല്‍ ഹേഖ്, സി രാധാകൃഷ്‌ണര്‍ എന്നിവര്‍ക്കാണ് ബദാമിബാഗ് കന്‍റോണ്‍മെന്‍റ് ഏരിയയിലെ ഓഫിസില്‍ നടന്ന ചടങ്ങില്‍ ആദരവ് സമര്‍പ്പിച്ചത്.
1999 നവംബര്‍ 3നാണ് ശ്രീനഗറിലെ ഓഫീസിന് നേരെ നടന്ന ആക്രമണത്തില്‍ ഭീകരര്‍ക്കെതിരെ മേജറും സംഘവും ഏറ്റുമുട്ടിയത്. ശ്രീനഗറിലെ ഓഫിസിലെ സ്‌മാരകത്തില്‍ ഡിഫന്‍സ് പിആര്‍ഒ കേണല്‍ രാജേഷ് ഖാലിയ സൈന്യത്തിന് വേണ്ടി പുഷ്‌പ ചക്രം സമര്‍പ്പിച്ചു.