ന്യൂഡൽഹി: 'ഈനാടു' പത്രത്തിനെതിരായ ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ നീക്കത്തിന് കനത്ത തിരിച്ചടി. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ ഉടമസ്ഥതയിലുള്ള 'സാക്ഷി' പത്രത്തിന്‍റെ വരിസംഖ്യ വർധിപ്പിക്കാനും പ്രചരിപ്പിക്കാനും ലക്ഷ്യമിട്ടുള്ള സർക്കാർ തല ഇടപെടലിനെ ചോദ്യം ചെയ്‌ത് 'ഈനാടു' പത്രം നൽകിയ ഹർജിക്ക് അനുകൂല സമീപനവുമായി സുപ്രീം കോടതി. സർക്കാർ അനുകൂല വാര്‍ത്തകള്‍ നല്‍കുന്നതിന് സാക്ഷി പത്രത്തിന്‍റെ പ്രചാരം വര്‍ധിപ്പിക്കാനും ഈനാടു പത്രത്തെ ഇകഴ്‌ത്തിക്കാട്ടാനും സർക്കാർ തലത്തിൽ ശ്രമം നടന്നിരുന്നു.
സർക്കാർ ഉത്തരവുകൾക്കെതിരെ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാന്‍ ആന്ധ്രാപ്രദേശ് ഹൈക്കോടതി എതിര്‍ത്ത സാഹചര്യത്തില്‍ കേസ് ഡല്‍ഹി ഹൈക്കോടതിക്ക് വിടാന്‍ സുപ്രീം കോടതി ഉത്തരവിട്ടു. കേസിൽ സംസ്ഥാന സർക്കാർ ഉത്തരവിനെ ചോദ്യം ചെയ്‌ത് തെലുഗു ദിനപത്രമായ 'ഈനാടു' വിഷയത്തിൽ ആന്ധ്രാപ്രദേശ് ഹൈക്കോടതി എങ്ങനെ ഇടപെട്ടുവെന്നത് ആശങ്കാജനകമാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ഡൽഹി ഹൈക്കോടതി കേസിൽ അന്തിമ വിധി നടപ്പിലാക്കുമെന്നും സുപ്രീം കോടതി പറഞ്ഞു.
കേസ് തീർപ്പാക്കാൻ ആന്ധ്രാപ്രദേശ് ഹൈക്കോടതി ബഞ്ചിനെച്ചൊല്ലി ആന്ധ്രാപ്രദേശ് സർക്കാരും ഈനാടുവുമുള്ള വാദം കടുത്തതോടെയാണ് സുപ്രീം കോടതി ഇടപെട്ടത്. കേസില്‍ കോടതി വലിയ അതൃപ്‌തിയാണ് രേഖപ്പെടുത്തിയത്. ഈനാടുവിന്‍റേത് മഞ്ഞ വാര്‍ത്തയാണെന്ന തരത്തിലടക്കമുള്ള പ്രചാരണം സർക്കാർ തലത്തിൽ നടന്നിരുന്നു. പ്രതിഭാഗത്തെ പ്രതിനിധീകരിച്ച അഭിഭാഷകൻ സിഎസ് വൈദ്യനാഥൻ തന്‍റെ കക്ഷിയിൽ നിന്ന് നിർദ്ദേശങ്ങൾ തേടാൻ വെള്ളിയാഴ്‌ച വരെ കോടതിയിൽ നിന്ന് സമയം തേടിയിട്ടുണ്ട്.
കേസിന്‍റെ നാൾവഴികളിങ്ങനെ: 2020 സെപ്റ്റംബറിൽ സർക്കാർ പദ്ധതികൾ പ്രചരിപ്പിക്കുന്നതിനും സർക്കാർ പദ്ധതികൾ പ്രയോജനപ്പെടുത്തുന്നതിന് പൊതുജനങ്ങളെ സഹായിക്കുന്നതിനുമായി ആന്ധ്രാപ്രദേശ് സർക്കാർ സന്നദ്ധപ്രവർത്തകരെ നിയമിച്ച് ഉത്തരവിറക്കിയിരുന്നു. 50 വീടുകളിൽ ഒരാൾ എന്ന കണക്കിൽ 2.56 ലക്ഷം വോളന്‍റിയർമാരെയാണ് സർക്കാർ നിയമിച്ചത്.
2022 ജൂണിൽ, ആന്ധ്രാപ്രദേശ് സർക്കാർ 2.56 ലക്ഷം ഗ്രാമ/വാർഡ് വോളന്‍റിയർമാർക്ക് ഏറ്റവും വ്യാപകമായി പ്രചരിക്കുന്ന പത്രം വാങ്ങുന്നതിനായി 200 രൂപ വീതം നൽകാനുള്ള ഒരു സർക്കാർ ഉത്തരവ് പാസാക്കി. സമകാലിക വിഷയങ്ങളെക്കുറിച്ചും വിവരങ്ങളെക്കുറിച്ചും കൂടുതൽ അറിവും അവബോധവും ലഭിക്കാൻ അവരെ പ്രാപ്‌തരാക്കുന്നതിന്, വ്യാപകമായി പ്രചരിക്കുന്ന ഒരു തെലുഗു പത്രം വാങ്ങുക എന്നതായിരുന്നു സർക്കാർ ഉത്തരവ്.
2022 ഡിസംബറിൽ ഇതിന് പുറമെ സംസ്ഥാന സർക്കാർ മറ്റൊരു സർക്കാർ ഉത്തരവ് പാസാക്കി. ആന്ധ്രപ്രദേശിലെ 1.45 ലക്ഷം ഗ്രാമ/വാർഡ് ഭാരവാഹികൾക്ക് പത്രം വാങ്ങാൻ ഓരോരുത്തർക്കും 200 രൂപ വീതം അനുവദിച്ചു. പ്രതിമാസം 5000 രൂപ ഓണറേറിയത്തിന് പുറമെയാണ് ഈ പണം നൽകിയത്. ഈ രണ്ട് സർക്കാർ ഉത്തരവുകളെ വെല്ലുവിളിച്ചുകൊണ്ട് 'ഈനാടു' 2023 ഫെബ്രുവരിയിൽ അമരാവതിയിലെ ആന്ധ്രാപ്രദേശ് ഹൈക്കോടതിയില്‍ സർക്കാർ ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി സമർപ്പിച്ചു.
എന്നാൽ സർക്കാർ പദ്ധതികൾ സ്റ്റേ ചെയ്യാനുള്ള അപേക്ഷ തള്ളിയ ആന്ധ്രാപ്രദേശ് ഹൈക്കോടതി, സർക്കാർ പദ്ധതി നടപ്പിലാക്കിയിട്ടുണ്ടെങ്കിലും വോളന്‍റിയർമാരോടോ ജനപ്രതിനിധികളോടോ 'സാക്ഷി' പത്രം വാങ്ങാനോ പ്രചരിപ്പിക്കാനോ സർക്കാർ നിർദ്ദേശിച്ചതായി കാണിക്കുന്ന ഒരു തെളിവുകളും ഇല്ലെന്ന മറുപടിയാണ് നൽകിയത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ആന്ധ്രാപ്രദേശ് ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചാണ് ഹർജി എടുത്തത്. ആന്ധ്രാപ്രദേശ് ഹൈക്കോടതി സർക്കാർ ഉത്തരവ് സ്‌റ്റേ ചെയ്യാനുള്ള ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാൻ വിസമ്മതിക്കുകയും 2020 ലെ മറ്റൊരു പൊതുതാൽപര്യ ഹർജിക്കൊപ്പം വാദം കേൾക്കുകയും ചെയ്‌തു.
ഇതിനെ തുടർന്ന് ആന്ധ്രപ്രദേശ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്‍റെ പ്രസ്‌തുത ഉത്തരവിൽ പ്രതിഷേധിച്ച് ഈനാട് സുപ്രീം കോടതിയിൽ സ്‌പെഷ്യൽ ലീവ് പെറ്റീഷൻ ഫയൽ ചെയ്‌തു. മാർച്ച് 29 ന് സുപ്രീം കോടതി പ്രതിഭാഗത്തിന് നോട്ടീസ് നൽകി. ഈ വിഷയത്തിൽ കോടതി നോട്ടീസ് പുറപ്പെടുവിക്കുകയും 2023 ഏപ്രിൽ 10 ലേക്ക് പരിഗണിക്കുമെന്ന് പറഞ്ഞിരുന്നു.
കോടതിയിൽ ഈനാടു പത്രത്തിന്‍റെ ഉടമസ്ഥ സ്ഥാപനമായ ഉഷോദയ പബ്ലിക്കേഷൻസിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മുകുൾ രോഹത്ഗി സുപ്രീം കോടതിക്ക് മുമ്പാകെ, 'സാക്ഷി'യുടെ സബ്‌സ്‌ക്രിപ്‌ഷൻ ചാർജ് പ്രതിമാസം 176.50 രൂപയാണെന്നും എന്നാൽ 'ഈനാടിന്' പ്രതിമാസം 207.50 രൂപയാണ് വരിസംഖ്യ എന്ന് അറിയിച്ചിരുന്നു.
'സാക്ഷി'യുടെ പ്രതിമാസ വരിസംഖ്യക്ക് അനുയോജ്യമായ രീതിയിലാണ് പ്രതിമാസം 200 രൂപ അധിക ഗ്രാന്‍റായി സർക്കാർ നിശ്ചയിച്ചിരിക്കുന്നത് എന്നായിരുന്നു വാദം. അതിനൊപ്പം 'ഈനാടു' യെല്ലോ ജേർണലിസമാണെന്നും ആ പത്രം വാങ്ങരുതെന്നും സർക്കാർ പറഞ്ഞിട്ടുണ്ട് എന്നും സംസ്ഥാന മുഖ്യമന്ത്രി നിയമസഭയിൽ നടത്തിയ പ്രസ്‌താവനയും വാദിഭാഗം കോടതിയിൽ ഹാജരാക്കിയിരുന്നു. ഇത് സംസ്ഥാന സർക്കാരിന്‍റെ ഔദ്യോഗിക പ്രചരണത്തിന്‍റെ ഭാഗമാണെന്നായിരുന്നു വാദി ഭാഗം മുന്നോട്ട് വെച്ച വാദം. കേസിൽ ആന്ധ്രപ്രദേശ് ഹൈക്കോടതിയെ നിശിതമായി വിമർശിച്ച സുപ്രീം കോടതി ഏപ്രിൽ 17ന് വാദം കേൾക്കും.