ബിലാസ്‌പൂര്‍ : ഛത്തീസ്‌ഗഡിലെ ബിലാസ്‌പൂരിലെ തന്‍റെ വസതിയിൽ ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം കഷ്‌ണങ്ങളാക്കി മുറിച്ചശേഷം വാട്ടർ ടാങ്കിൽ തള്ളിയ സംഭവത്തിൽ ഭർത്താവിനെ കസ്‌റ്റഡിയിലെടുത്തതായി പൊലീസ് വൃത്തങ്ങൾ. മൃതദേഹം ഇപ്പോൾ കണ്ടെടുത്തിട്ടുണ്ടെന്നും രണ്ടുമാസം മുമ്പായിരിക്കണം ശരീരഭാഗങ്ങൾ ഉപേക്ഷിച്ചതെന്നുമാണ് പൊലീസിന്‍റെ നിഗമനം. ബിലാസ്‌പൂർ സ്വദേശി പവൻ ഠാക്കൂർ ഭാര്യ സതി സാഹുവിനെ അവിഹിതബന്ധം സംശയിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ നിന്ന് വ്യക്തമായത്.
നിഷ്‌ഠൂരം ഈ കൊലപാതകം : പവൻ താക്കൂറിന്‍റെ വീട്ടിൽ നിന്നും ദുർഗന്ധം വമിക്കുന്നതിനെ തുടർന്ന് അയൽവാസികൾ അധികൃതരെ അറിയിച്ചതിന് പിന്നാലെ സക്രി പൊലിസ് സംഭവ സ്ഥലത്തെത്തി അന്വേഷണം നടത്തുകയായിരുന്നു. അന്വേഷണത്തിനൊടുവിൽ അഴുകിയ നിലയിൽ മൃതദേഹത്തിന്‍റെ ഭാഗങ്ങൾ വീട്ടിലെ വാട്ടർ ടാങ്കിൽ നിന്ന് കണ്ടെത്തി. ശരീരഭാഗങ്ങൾ കണ്ടെടുത്തതിനെ തുടർന്ന് ഇയാളെ അറസ്‌റ്റ് ചെയ്‌ത് ചോദ്യം ചെയ്‌തതോടെയാണ് സത്യം പുറംലോകം അറിയുന്നത്.
പവൻ താക്കൂർ പ്രണയവിവാഹിതനായിരുന്നു. ഇവർക്ക് രണ്ട് കുട്ടികളാണുള്ളത്. ഭാര്യ സതി സാഹുവിനെ അവിഹിതബന്ധം ഉണ്ടെന്ന് സംശയിച്ചാണ് പവൻ കൊലപ്പെടുത്തിയത്. കുട്ടികളെ വീട്ടിൽ നിന്നൊഴിവാക്കിയ ശേഷം ഭാര്യയെ കൊലപ്പെടുത്തുകയായിരുന്നു. ശേഷം മൃതദേഹം കഷ്‌ണങ്ങളാക്കി പോളിത്തീൻ കവറിൽ പൊതിഞ്ഞു. പലതവണ മൃതദേഹം ഒളിപ്പിക്കാൻ ശ്രമിച്ചെങ്കിലും അതിനുള്ള അവസരം ലഭിക്കാതെ വന്നതോടെയാണ് മൃതദേഹം വാട്ടർ ടാങ്കിൽ നിക്ഷേപിക്കുന്നത്.
ശ്രദ്ധ വാക്കർ വധക്കേസിന് സമാനം : രാജ്യത്തെ നടുക്കിയ ഡൽഹിയിലെ ശ്രദ്ധ വാക്കർ വധക്കേസുമായി ഈ കൊലപാതകത്തിന് അസാധാരണമായ സാമ്യമുണ്ട്. ശ്രദ്ധയുടെ ലൈവ്-ഇൻ പാർട്‌ണർ അഫ്‌താബ് പൂനാവാല ശ്രദ്ധയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം വെട്ടി കഷ്‌ണങ്ങളാക്കി. കഷ്‌ണങ്ങൾ ആഴ്‌ചകളോളം ശീതീകരിച്ച് സൂക്ഷിക്കുകയും പിന്നീട് അടുത്തുള്ള വനത്തിൽ സംസ്‌കരിക്കുകയും ചെയ്‌തു.
രണ്ടര മാസത്തിലേറെയായി മകളെ കാണാനോ സംസാരിക്കാനോ കഴിയാതെ വന്നതോടെ ശ്രദ്ധയുടെ പിതാവ് സുഹൃത്തുക്കളോട് മകളെ കുറിച്ച് തിരക്കുകയും എന്നാൽ സുഹൃത്തുക്കളും ശ്രദ്ധയെ കണ്ടിട്ട് നാളുകളായിരുന്നു. പ്രാഥമിക അന്വേഷണം നടന്നെങ്കിലും ഫലം ഉണ്ടായില്ല. ഒടുക്കം പിതാവ് ശ്രദ്ധയെ കാണാനില്ലെന്ന് പൊലീസിൽ പരാതിപ്പെട്ടതോടെയാണ് ക്രൂരമായ കൊലപാതകം പുറത്തറിയുന്നത്. ചോദ്യം ചെയ്യലുകൾക്കൊടുവിൽ താൻ ശ്രദ്ധയെ കൊലപ്പെടുത്തിയെന്ന് പൂനാവാല പൊലീസിനോട് വെളിപ്പെടുത്തി. മരിച്ച് ആറ് മാസത്തിന് ശേഷം നടന്ന അന്വേഷണത്തിൽ 2022 നവംബർ 12 ന് ഡൽഹി പൊലീസ് അഫ്‌താബ് പൂനാവാലയെ അറസ്‌റ്റ് ചെയ്‌തു.
'ലേയേർഡ് വോയ്‌സ് അനാലിസിസ്, പോളിഗ്രാഫ് ടെസ്റ്റ്, നാർക്കോ അനാലിസിസ്, പോസ്റ്റ്-നാർക്കോ അനാലിസിസ് എന്നിവയുൾപ്പെടെ പൂനാവാലയുടെ ശാസ്ത്രീയ പരിശോധനകൾ പ്രതി ഇയാൾ തന്നെയാണെന്ന് ശരിവയ്ക്കുന്നു', ഡൽഹി പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു. ഡിജിറ്റൽ ട്രയലുകൾ സാക്ഷികളുടെ മൊഴികൾ എന്നിവയും പൂനാവാലയുടെ റഫ്രിജറേറ്ററിൽ നിന്ന് കണ്ടെത്തിയ രക്തത്തിന്‍റെ അംശത്തിന്‍റെ ശാസ്‌ത്രീയ പരിശോധന ഫലങ്ങളും ശ്രദ്ധയുടെ പിതാവിന്‍റെ ഡിഎൻഎ പ്രൊഫൈലുമായി പൊരുത്തപ്പെട്ടതും പ്രതിയെ കണ്ടെത്താൻ സഹായകമായതായി കുറ്റപത്രത്തിൽ പറയുന്നു.