ഋഷികേശ് : അങ്കിത ഭണ്ഡാരി കൊലക്കേസ് പ്രതി പുല്‍കിത് ആര്യയുടെ ഉത്തരാഖണ്ഡിലെ ഋഷികേശിലുള്ള റിസോര്‍ട്ട് നാട്ടുകാര്‍ അഗ്‌നിക്കിരയാക്കി. ബിജെപി നേതാവ് വിനോദ് ആര്യയുടെ മകനാണ് പുല്‍കിത് ആര്യ. ഉത്തരാഖണ്ഡിലെ പല ഭാഗങ്ങളിലും കൊലപാതകത്തില്‍ പ്രതിഷേധം കനക്കുകയാണ്.
പ്രതിഷേധത്തെ തുടര്‍ന്ന് വിനോദ് ആര്യയേയും പുല്‍കിത് ആര്യയുടെ സഹോദരന്‍ അങ്കിത് ആര്യയെയും ബിജെപി പുറത്താക്കി. ഉത്തരാഖണ്ഡ് കളിമണ്‍ കരകൗശല ബോര്‍ഡിന്‍റെ ക്യാബിനറ്റ് റാങ്കോടുകൂടിയ ചെയര്‍മാനായിരുന്നു വിനോദ് ആര്യ. അങ്കിത് ആര്യ ഉത്തരാഖണ്ഡ് ഒബിസി കമ്മീഷന്‍റെ ഉപാധ്യക്ഷനായിരുന്നു.
പൗരിയിലെ ബസ്‌സ്റ്റേഷന്‍ നാട്ടുകാര്‍ സ്‌തംഭിപ്പിച്ചു. പൗരിയിലെ ജില്ല കലക്‌ടറുടെ ഓഫിസും പ്രതിഷേധക്കാര്‍ ഘരാവോ ചെയ്‌തു. ഋഷികേശ് ബിജെപി എംഎല്‍എ രേണു ബിഷ്‌ടിനെതിരെയും പ്രതിഷേധമുണ്ടായി.
എംഎല്‍എയുടെ കാര്‍ പ്രതിഷേധക്കാര്‍ തകര്‍ത്തു. പൊലീസ് എത്തിയാണ് എംഎല്‍എയെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിയത്. പുല്‍കിത് ആര്യ അടക്കം മൂന്ന് പേരാണ് അങ്കിത് ഭണ്ഡാരിയുടെ കൊലപാതകത്തില്‍ അറസ്‌റ്റിലായത്.
പുൽകിത് ആര്യയുടെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ടില്‍ റിസപ്‌ഷനിസ്‌റ്റായി ജോലി ചെയ്‌ത് വരികയായിരുന്നു അങ്കിത. യുവതിയെ അഞ്ച് ദിവസം മുമ്പ് കാണാതായതിനെ തുടർന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. വാക്കുതർക്കത്തിനിടെ യുവതിയെ കനാലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയതായി പ്രതികൾ കുറ്റസമ്മതം നടത്തിയിട്ടുണ്ട്.