പ്രേക്ഷകര്‍ നാളേറെയായി അക്ഷമയോടെ കാത്തിരിക്കുന്ന രണ്‍ബീര്‍ കപൂര്‍ ചിത്രമാണ് 'അനിമല്‍' (Ranbir Kapoor new movie Animal). പ്രഖ്യാപനം മുതല്‍ മാധ്യമശ്രദ്ധ നേടിയ സിനിമയുടെ ഓരോ പുതിയ അപ്‌ഡേറ്റുകളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ 'അനിമല്‍' ടീസര്‍ (Animal Teaser) പുറത്തുവിട്ടിരിക്കുകയാണ് നിര്‍മാതാക്കള്‍.
രണ്‍ബീര്‍ കപൂറിന്‍റെ ജന്മദിനത്തോടനുബന്ധിച്ചാണ് (Ranbir Kapoor Birthday) 'അനിമല്‍' ടീസര്‍ പുറത്തുവിട്ടിരിക്കുന്നത്. രശ്‌മിക മന്ദാനയുടെയും (Rashmika Mandanna) രണ്‍ബീറിന്‍റെയും കഥാപാത്രങ്ങളുടെ സംഭാഷണത്തോടു കൂടിയാണ് ടീസര്‍ ആരംഭിക്കുന്നത്. തനിക്കൊരു അച്ഛന്‍ ആകണമെന്ന് പറയുന്ന രണ്‍ബീറിന്‍റെ കഥാപാത്രത്തോട്, നിന്‍റെ അച്ഛനെ പോലൊരു അച്ഛന്‍ ആകേണ്ട അല്ലേ എന്ന രശ്‌മികയുടെ ചോദ്യത്തിന് 'എന്‍റെ അച്ഛൻ ലോകത്തിലെ ഏറ്റവും നല്ല അച്ഛന്‍' -എന്നാണ് രണ്‍ബീര്‍ കപൂറിന്‍റെ കഥാപാത്രം മറുപടി നല്‍കുന്നത്.
- " class="align-text-top noRightClick twitterSection" data="">
സ്വന്തം പിതാവിനാല്‍ ശാരീരികമായും വൈകാരികമായും പീഡിപ്പിക്കപ്പെടുന്നുണ്ടെങ്കിലും അതിനെതിരെ ശബ്‌ദം ഉയര്‍ത്താത്ത ഒരു മകന്‍റെ വേഷമാണ് ചിത്രത്തില്‍ രണ്‍ബീര്‍ കപൂര്‍ അവതരിപ്പിക്കുന്നത് എന്നാണ് ടീസര്‍ നല്‍കുന്ന സൂചന. ഒടുവില്‍ രൺബീറിന്‍റെ കഥാപാത്രം ഒരു ഗ്യാങ്‌സ്‌റ്ററായി വളരുന്നതും ടീസറില്‍ കാണാം. ബോബി ഡിയോളിന്‍റെ കഥാപാത്രത്തെ നേരിടുന്ന രണ്‍ബീറിന്‍റെ കഥാപാത്രമാണ് ടീസറിന്‍റെ അവസാന ഭാഗത്ത്.
സംവിധായകൻ സന്ദീപ് റെഡ്ഡി വംഗയുമായുള്ള (Sandeep Reddy Vanga) രണ്‍ബീറിന്‍റെ ആദ്യ സഹകരണം കൂടിയാണ് 'അനിമല്‍'. ചിത്രത്തില്‍ രശ്‌മിക മന്ദാനയാണ് (Rashmika Mandanna) രണ്‍ബീറിന്‍റെ നായികയായി എത്തുന്നത്. അനില്‍ കപൂര്‍ (Anil Kapoor) രണ്‍ബീറിന്‍റെ അച്ഛനായും വേഷമിടുന്നു. പ്രതിനായകന്‍റെ വേഷത്തിലാണ് ചിത്രത്തില്‍ ബോബി ഡിയോള്‍ (Bobby Deol) പ്രത്യക്ഷപ്പെടുന്നത് എന്നാണ് ടീസര്‍ നല്‍കുന്ന സൂചന.
അതേസമയം ഈ വര്‍ഷം റിലീസിനെത്തുന്ന രണ്‍ബീറിന്‍റെ രണ്ടാമത്തെ ചിത്രമാണ് 'അനിമല്‍'. 'തു ജൂത്തി മേം മക്കാര്‍' (Tu Jhoothi Main Makkaar) ആയിരുന്നു രണ്‍ബീറിന്‍റെ ഈ വര്‍ഷത്തെ ആദ്യ റിലീസ്. അതേസമയം സന്ദീപ് റെഡ്ഡി വംഗയുടെ രണ്ടാമത്തെ ബോളിവുഡ് ചിത്രമാണ് 'അനിമല്‍'. 'കബീര്‍ സിംഗ്' (Kabir Singh) ആയിരുന്നു സന്ദീപിന്‍റെ ബോളിവുഡ് അരങ്ങേറ്റ ചിത്രം.
ടീസറിനൊടുവില്‍ 'അനിമല്‍' റിലീസ് തീയതിയും നിര്‍മാതാക്കള്‍ പങ്കുവച്ചിട്ടുണ്ട്. ഡിസംബര്‍ 1നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക. നേരത്തെ ഓഗസ്‌റ്റിലായിരുന്നു 'അനിമല്‍' റിലീസ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ സണ്ണി ഡിയോളിന്‍റെ 'ഗദര്‍ 2', അക്ഷയ് കുമാറിന്‍റെ 'ഓമൈഗോഡ് 2', രജനികാന്തിന്‍റെ 'ജയിലര്‍' എന്നീ സിനിമകളുടെ റിലീസ് ക്ലാഷിനെ തുടര്‍ന്നാണ് 'അനിമല്‍' റിലീസ് ഓഗസ്‌റ്റില്‍ നിന്നും ഡിസംബറിലേയ്‌ക്ക് മാറ്റിവച്ചത്. സിനിമയുടെ പോസ്‌റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയാകാത്തതിനാലാണ് 'അനിമല്‍' റിലീസ് നീണ്ടതെന്ന് സംവിധായകനും പ്രതികരിച്ചിരുന്നു.
'എന്തുകൊണ്ടാണ് ഓഗസ്‌റ്റ് 11ന് 'അനിമല്‍' റിലീസ് ചെയ്യാൻ കഴിയാത്തത്? ഗുണനിലവാരം മാത്രമാണ് കാരണം. ഇതാണ് അതിനുള്ള മറുപടി. ഉദാഹരണത്തിന്, സിനിമയിൽ ഏഴ് പാട്ടുകൾ ഉണ്ട്, ഏഴ് പാട്ടുകൾ അഞ്ച് ഭാഷകളിലായി ഒരുക്കുമ്പോള്‍ അത് 35 ഗാനങ്ങളായി മാറുന്നു. 35 ഗാനങ്ങൾ, വ്യത്യസ്‌ത ഗാനരചയിതാക്കൾ, വ്യത്യസ്‌ത ഗായകർ.. അങ്ങനെ ഞാൻ യഥാർഥത്തിൽ പ്ലാൻ ചെയ്‌തതിനേക്കാള്‍ കുറച്ച് സമയമെടുക്കും' -ഇപ്രകാരമാണ് സന്ദീപ് റെഡ്ഡി വംഗ മുമ്പൊരിക്കല്‍ പ്രതികരിച്ചത്.
Also Read: ക്ലീന്‍ ഷേവ് ചെയ്‌ത് സ്‌കൂള്‍ യൂണിഫോമില്‍ രണ്‍ബീര്‍ കപൂര്‍; അനിമല്‍ ദൃശ്യം ചോര്‍ന്നു