ഹൈദരാബാദ്: അഞ്ചാം ദിവസവും രാജ്യത്ത് ആളിക്കത്തി അഗ്നിപഥ് പ്രതിഷേധം. തെക്കേ ഇന്ത്യയിലും വടക്കേ ഇന്ത്യയിലും പ്രതിഷേധം അയവില്ലാതെ തുടരുകയാണ്. ബിഹാറിൽ ഹർത്താലിനിടെ ജെഹാനാബാദിലെ തെഹ്തയിൽ പ്രതിഷേധക്കാർ വാഹനം കത്തിച്ചു. പൊലീസ് സ്‌റ്റേഷന് മുമ്പിൽ നിർത്തിയിട്ടിരുന്ന ബസാണ് സമരക്കാർ അഗ്നിക്കിരയാക്കിയത്.
നിരവധി സ്ഥലങ്ങളിൽ കല്ലേറുണ്ടായതായാണ് റിപ്പോർട്ടുകള്‍. സംസ്ഥാനത്തെ വിവിധ യുവജന സംഘടനകൾ ആഹ്വാനം ചെയ്‌ത ബിഹാർ ബന്ദിന് ആർജെഡി, എച്ച്എഎം, വിഐപി, എഎപി തുടങ്ങി വിവിധ പാർട്ടികളും പിന്തുണ അറിയിച്ചിരുന്നു. പ്രതിഷേധം തുടരുന്ന പശ്ചാത്തലത്തിൽ ബിഹാറിലെ 38 ജില്ലകളിൽ 12 ഇടത്തും ഇന്‍റർനെറ്റ് സേവനങ്ങൾ റദ്ദാക്കി.
കർണാടക ധാർവാഡിൽ പ്രതിഷേധക്കാരും പൊലീസും തമ്മിൽ വാക്കേറ്റമുണ്ടായതോടെ പൊലീസ് ലാത്തി വീശി. പ്രതിഷേധത്തിൽ നിരവധി പേരെ പൊലീസ് കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്. തെക്കേ ഇന്ത്യയിലേക്ക് പടർന്ന പ്രതിഷേധം തെലങ്കാനയ്ക്ക് പുറമേ കേരളം, കർണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലേക്കും വ്യാപിച്ചു. തിരുവനന്തപുരത്തും കോഴിക്കോടും പ്രതിഷേധവുമായി ഉദ്യോഗാർഥികള്‍ തെരുവിലറങ്ങി. തലസ്ഥാനത്ത് രാജ്ഭവനിലേക്കും, കോഴിക്കോട് ആർമി റിക്രൂട്ട്മെന്‍റ് മേഖല ഓഫിസിലേക്കും യുവാക്കള്‍ മാർച്ച് നടത്തി.
ചെന്നൈയിൽ തെരുവിലിറങ്ങിയ ഉദ്യോഗാർഥികള്‍ തമിഴ്‌നാട് സെക്രട്ടേറിയറ്റിന് സമീപമുള്ള യുദ്ധസ്‌മാരകത്തിന് മുമ്പില്‍ പ്രതിഷേധിച്ചു. മുന്നൂറിലധികം യുവാക്കളാണ് സമരത്തിനായി ഒത്തുകൂടിയത്. വെല്ലൂർ, തിരുവണ്ണാമലൈ, തിരുപ്പൂർ തുടങ്ങി നിരവധി ജില്ലകളിലും യുവാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
രാജസ്ഥാനിൽ പ്രതിഷേധക്കാർ ഡൽഹി-ജയ്പൂർ ഹൈവേ ഉപരോധിച്ചു. പൊലീസിന് നേരെ കല്ലെറിഞ്ഞ സമരക്കാർ ടയറുകള്‍ കത്തിച്ചും പ്രതിഷേധിച്ചു. യുപിയിലെ വിവിധ മേഖലകളിലും പ്രതിഷേധം നടക്കുന്നു. കഴിഞ്ഞ ദിവസം വലിയ അക്രമ സംഭവങ്ങള്‍ റിപ്പോർട്ട് ചെയ്‌ത തെലങ്കാലനയിൽ പൊലീസ് കനത്ത ജാഗ്രതയിലാണ്. വിവിധ ട്രെയിനുകള്‍ റദ്ദാക്കിയതിന് പുറമെ നഗരത്തിലെ മെട്രോ സർവീസും താൽകാലികമായി നിർത്തിവച്ചിരിക്കുകയാണ്.